മഹാരാഷ്ട്രയിലെ ഗ്രാമത്തില്‍ ഐഎസ് ഭരണം നടപ്പാക്കാന്‍ ശ്രമം: നീക്കങ്ങള്‍ പൊളിച്ച് എന്‍ഐഎ; ഹമാസ് പതാകകളും ലഘുലേഖകളും പിടിച്ചെടുത്തു

മഹാരാഷ്ട്രയിലെ ഗ്രാമത്തില്‍ ഐഎസ് ഭരണം നടപ്പാക്കാന്‍ ശ്രമം: നീക്കങ്ങള്‍ പൊളിച്ച് എന്‍ഐഎ; ഹമാസ് പതാകകളും ലഘുലേഖകളും പിടിച്ചെടുത്തു

ന്യൂഡല്‍ഹി: നിരോധിത ഭീകര സംഘടനയായ ഐഎസ്സുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. മഹാരാഷ്ട്രയിലെ താനെ റൂറലിലെ പദ്ഗ ഗ്രാമത്തില്‍ സ്വയം നേതാവായി പ്രഖ്യാപിച്ച് ഐഎസ് ഭരണം നടപ്പാക്കാന്‍ ശ്രമിച്ച ഭീകരന്‍ ഉള്‍പ്പെടെ അറസ്റ്റിലായി.

ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരാകുന്നവരെ പദ്ഗ ഗ്രാമത്തിലേക്ക് ഇവര്‍ എത്തിച്ചിരുന്നു. പ്രതികള്‍ ഈ ഗ്രാമത്തെ സ്വതന്ത്ര മേഖലയായി പ്രഖ്യാപിച്ച ശേഷം ആയുധ പരിശീലനം നടത്തി വരികയായിരുന്നു. ഇവരില്‍ നിന്ന് ആയുധങ്ങള്‍, പണം, ഡിജിറ്റല്‍ ഉപകരണങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, രാജ്യവിരുദ്ധ ലഘുലേഖകള്‍, ഹമാസ് പതാകകള്‍ എന്നിവ പിടിച്ചെടുത്തു.

സ്വയം പ്രഖ്യാപിത നേതാവായ സാക്കിബ് അബ്ദുള്‍ ഹമീദ്, മുഹമ്മദ് എന്നിവരാണ് പദ്ഗയില്‍ മുസ്ലീം യുവാക്കള്‍ക്ക് ആയുധ പരിശീലനം ഉള്‍പ്പെടെ നല്‍കിയിരുന്നത്. ഇവിടെ എത്തുന്നവര്‍ക്ക് ഐഎസ് ഖലീഫയോടുള്ള സത്യപ്രതിജ്ഞയായ ബയാത്ത് ചൊല്ലിക്കൊടുക്കാനുള്ള അവകാശം സാക്കിബ് അബ്ദുള്‍ ഹമീദിനായിരുന്നു. അറസ്റ്റിലായ പ്രതികള്‍ എല്ലാവരുടേയും പേര് വിവരങ്ങള്‍ എന്‍ഐഎ പുറത്ത് വിട്ടു. ഇവരെല്ലാവരും താനെ സ്വദേശികളാണെന്നാണ് വിവരം. രാജ്യത്തുടനീളം ഐഎസ് ശൃംഖല വ്യാപിപ്പിക്കുക എന്നതാണ് പ്രതികള്‍ പ്രധാനമായും ലക്ഷ്യമിട്ടത്.

പൊലീസിന്റെയും എടിഎസിന്റേയും സഹായത്തോടെയാണ് എന്‍ഐഎ മഹാരാഷ്ട്രയിലും കര്‍ണാടകയിലും വിവിധ ഇടങ്ങളിലായി തിരച്ചില്‍ നടത്തിയത്. രണ്ട് സംസ്ഥാനങ്ങളിലേയും 44 ഇടങ്ങളിലായാണ് ഒരേ സമയം എന്‍ഐഎ സംഘം തിരച്ചില്‍ നടത്തിയത്. പ്രതികള്‍ വിദേശത്ത് നിന്ന് സഹായം സ്വീകരിക്കുകയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനം നടത്താന്‍ ലക്ഷ്യമിട്ട് ഐഇഡി നിര്‍മ്മാണം ഉള്‍പ്പെടെ പ്രതികള്‍ നടത്തിയിരുന്നു. പിസ്റ്റളുകള്‍, എയര്‍ ഗണ്‍, വാളുകള്‍, കത്തി, മാഗസിനുകള്‍, ലാപ്‌ടോപ്പുകള്‍, ആറ് ഹാര്‍ഡ് ഡിസ്‌കുകള്‍, സിഡികള്‍, 38 മൊബൈല്‍ ഫോണുകള്‍, 51 ഹമാസ് പതാകകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ 68 ലക്ഷത്തിലധികം രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.