അർജന്റീനയുടെ പ്രസിഡന്റായി ജാവിയർ മിലേ സത്യപ്രതിജ്ഞ ചെയ്തു

അർജന്റീനയുടെ പ്രസിഡന്റായി ജാവിയർ മിലേ സത്യപ്രതിജ്ഞ ചെയ്തു

ബ്യൂണസ് ഐറിസ്: അർജന്റീനയുടെ പ്രസിഡന്റായി ജാവിയർ മിലേ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പണപ്പെരുപ്പം 200 ശതമാനത്തിലേക്ക് നീങ്ങുമെന്ന് അദേഹം തന്റെ കന്നി പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകി. ഹ്രസ്വകാലത്തേക്ക് സമ്പദ്വ്യവസ്ഥ മോശമാകുമെങ്കിലും ഉടൻ തന്നെ എല്ലാം നല്ല രീതിയിലാകുമെന്ന പ്രതീക്ഷയും അദേഹം മുന്നോട്ടുവെച്ചു.

പുറത്തായ സർക്കാർ നമ്മളെ അമിതമായ പണപ്പെരുപ്പത്തിലേക്കുള്ള പാതയിലേക്ക് നയിച്ചു, ഇത്തരമൊരു ദുരന്തം ഒഴിവാക്കുന്നതിന് ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും മിലേ പറഞ്ഞു. ഗർഭഛിദ്രത്തെ ശക്തമായി എതിർക്കുന്ന 53 കാരനായ മിലേ ഗർഭച്ഛിദ്രം വീണ്ടും ക്രിമിനൽ കുറ്റമാക്കുമെന്ന് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രഖ്യാപിച്ചിരുന്നു.

1983 ൽ രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിച്ച ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് ജാവിയർ മിലേ വിജയിച്ചത്.
ഇടതും വലതുമായ രണ്ട് പ്രധാന രാഷ്ട്രീയ ശക്തികളുടെ ആധിപത്യത്തെ തകർത്തുകൊണ്ടാണ് മിലേയുടെ ഞെട്ടിപ്പിക്കുന്ന വിജയം. 1940 മുതൽ അർജന്റീനിയൻ രാഷ്ട്രീയത്തിൽ ആധിപത്യം ചെലുത്തുന്ന പെറോണിസ്റ്റുകളെയും അവരുടെ പ്രധാന പ്രതിപക്ഷമായ ടുഗദർ ഫോർ ചേഞ്ചിനെയുമാണ് മിലേ നേരിട്ടത്.

വലതുപക്ഷ പാർട്ടിയായ ലിബർട്ടേറിയൻ പാർട്ടി സ്ഥാനാർഥി ജാവിയർ മിലേ 56 ശതമാനം വോട്ട് നേടിയാണ് അർജന്റീനയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എതിർസ്ഥാനാർഥിയും നിലവിലെ സർക്കാരിൽ ധനകാര്യമന്ത്രിയുമായ സെർഗിയോ മാസയ്ക്ക് 44.3 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

അതേ സമയം ജാവിയർ മിലേയ്ക്ക് ഫ്രാൻസിസ് മാർപ്പാപ്പ ജപമാല അയച്ച് നൽകി. പരിശുദ്ധ പിതാവ് പ്രത്യേകം ആശീർവദിച്ച ജപമാല മിലിക്കും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിക്ടോറിയ വില്ലാർരുവലിനുമാണ് അയച്ചു നൽകിയത്. 

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആശയങ്ങളുമായി സാമ്യമുള്ള ജാവിയർ 'മിനി ട്രംപ്' എന്നാണ് അറിയപ്പെടുന്നത്. അധികാരത്തിലെത്തിയാൽ ഗർഭച്ഛിദ്രം നിയന്ത്രിക്കുമെന്ന് പ്രഖ്യാപിച്ച ജാവിയർ പക്ഷേ തോക്ക് കൈവശം വയ്ക്കുന്നതിനും അവയവങ്ങൾ വിൽക്കുന്നതിനും അനുകൂലമാണെന്നതാണ് വിമർശനം ഉയരാൻ കാരണം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും രണ്ടു ബിരുദാനന്തര ബിരുദങ്ങളുമുള്ള മിലേ വിവിധ ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥനായിരുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.