മധ്യപ്രദേശ് ഇനി മോഹന്‍ യാദവ് നയിക്കും; മുഖ്യമന്ത്രിയെ തീരുമാനിച്ച് ബിജെപി

 മധ്യപ്രദേശ് ഇനി മോഹന്‍ യാദവ് നയിക്കും; മുഖ്യമന്ത്രിയെ തീരുമാനിച്ച് ബിജെപി

ഭോപ്പാല്‍: മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രിയായി മോഹന്‍ യാദവിനെ തിരഞ്ഞെടുത്ത് ബിജെപി. ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു മോഹന്‍ യാദവ്. അതേസമയം സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ജഗദീഷ് ദേവ്ദ, രജേഷ് ശുക്ല എന്നിവരാകും ഉപമുഖ്യമന്ത്രിമാര്‍. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ നിയമസഭ സ്പീക്കര്‍ ആകും.

2013 ല്‍ ദക്ഷിണ ഉജ്ജയിനില്‍ നിന്നാണ് മോഹന്‍ യാദവ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2018 ല്‍ അതേ മണ്ഡലത്തില്‍ നിന്ന് വീണ്ടും നിയമസഭ സാമാജികനായി. 2020 ലെ ശിവരാജ് സിങ് ചൗഹാന്‍ കാബിനറ്റില്‍ മന്ത്രി ആയിരുന്നു അദേഹം. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് അദേഹം കൈകാര്യം ചെയ്തിരുന്നത്.

ദക്ഷിണ ഉജ്ജയിനില്‍ നിന്നുള്ള പ്രബലനായ ഒബിസി നേതാവ് കൂടിയാണ് മോഹന്‍ യാദവ്. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, മുന്‍ കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍, ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വര്‍ഗ്യ തുടങ്ങിയവരെ മറികടന്നാണ് മോഹന്‍ യാദവ് മുഖ്യമന്ത്രി പദത്തില്‍ എത്തിയത്.
2023 ലെ നിയമസഭ തിരഞ്ഞെടുപ്പിലും ദക്ഷിണ ഉജ്ജയിനില്‍ നിന്ന് തന്നെയാണ് മോഹന്‍ യാദവ് മത്സരിച്ചത്. 95,699 വോട്ടുകളാണ് അദേഹം ഇത്തവണ നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ചേതന്‍ പ്രേം നാരായണ്‍ യാദവിനെ 12,000 വോട്ടുകള്‍ക്കാണ് മോഹന്‍ യാദവ് പരാജയപ്പെടുത്തിയത്.

ഇക്കഴിഞ്ഞ നവംബര്‍ 17നായിരുന്നു മധ്യപ്രദേശിലെ 230 നിയമസഭ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ഒറ്റ ഘട്ടമായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിനായിരുന്നു വോട്ടെണ്ണല്‍. ബിജെപി മധ്യപ്രദേശില്‍ 163 സീറ്റുകളാണ് ഇത്തവണ പിടിച്ചത്. കോണ്‍ഗ്രസിന് 66 സീറ്റുകള്‍ നേടി തൃപ്തിപ്പെടേണ്ടി വന്നു.

മധ്യപ്രദേശിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍, ഒബിസി മോര്‍ച്ച ദേശീയ പ്രസിഡന്റ് കെ. ലക്ഷ്മണ്‍, ആശ ലക്ഡ എന്നിവര്‍ ഉള്‍പ്പെടുന്ന കേന്ദ്ര നിരീക്ഷണ സംഘത്തെ വ്യഴാഴ്ച ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ ഇന്ന് നിയസഭ കക്ഷി യോഗം വിളിച്ചു ചേര്‍ത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തീരുമാനമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.