ഫ്രാന്‍സിസ് പാപ്പയെ കണ്ട് എറണാകുളം-അങ്കമാലി അതിരൂപതക്കു വേണ്ടിയുള്ള പാപ്പയുടെ പ്രതിനിധി; നിര്‍ണായക കൂടിക്കാഴ്ച ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി

ഫ്രാന്‍സിസ് പാപ്പയെ കണ്ട് എറണാകുളം-അങ്കമാലി അതിരൂപതക്കു വേണ്ടിയുള്ള പാപ്പയുടെ പ്രതിനിധി; നിര്‍ണായക കൂടിക്കാഴ്ച ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി

വത്തിക്കാന്‍ സിറ്റി: എറണാകുളം-അങ്കമാലി അതിരൂപതക്കു വേണ്ടിയുള്ള പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍ ഫ്രാന്‍സിസ് പാപ്പയുമായി വത്തിക്കാനിലെ പേപ്പല്‍ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാവിലെയാണ് കൂടിക്കാഴ്ച നടന്നത്.

സ്ലോവാക്യായിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ കൊസിഷെ രൂപതാധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസിലിനെ ജൂലൈയിലാണ് എറണാകുളം-അങ്കമാലി അതിരൂപതയില്‍ പാപ്പയുടെ പ്രതിനിധിയായി മാര്‍പാപ്പ നിയമിച്ചത്. ചൊവ്വാഴ്ച ഇന്ത്യയിലേക്ക് തിരിക്കുന്നതിന് മുന്‍പായാണ് മാര്‍ സിറില്‍ പാപ്പയെ കാണാന്‍ വത്തിക്കാന്‍ സിറ്റിയിലെത്തിയത്.

നിര്‍ണായകമായ കൂടിക്കാഴ്ചയില്‍ തന്റെ പുതിയ ദൗത്യത്തെക്കുറിച്ച് പാപ്പയോട് വിശദീകരിക്കുകയും പാപ്പയുടെ അനുഗ്രഹം വാങ്ങുകയും ചെയ്തുവെന്ന് അദ്ദേഹം തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. അതേ സമയം, രൂപതയെ സംബന്ധിച്ച് പല നിര്‍ണായക കാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായാണ് സൂചന.

എറണാകുളം-അങ്കമാലി അതിരൂപതയെ അഭിസംബോധന ചെയ്ത് പാപ്പയുടെ അസാധാരണമായ വീഡിയോ സന്ദേശം കഴിഞ്ഞ വ്യാഴാഴ്ച വത്തിക്കാന്‍ മീഡിയ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു.

അതിരൂപതിയിലെ വൈദികരെയും വിശ്വാസികളെയും അഭിസംബോധന ചെയ്ത് സംസാരിച്ച പാപ്പ പിറവി തിരുനാള്‍ മുതല്‍, സീറോ മലബാര്‍ സഭയില്‍ ഉടനീളം ചെയ്യുന്നതുപോലെ അതിരൂപതയിലും സിനഡിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് പരിശുദ്ധ കുര്‍ബാനയര്‍പ്പണം നടത്തണമെന്ന് താക്കീതും നല്‍കി. ആരാധനക്രമത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും പാപ്പ കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ക്രിസ്തുവിന്റെ ശരീരത്തെ മുറിപ്പെടുത്തുന്നത് അതിരൂപത തുടരരുതെന്നും പാപ്പ കര്‍ശന താക്കീതും നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ മാര്‍ സിറിലിന്റെ ഇന്ത്യാ സന്ദര്‍ശനവും പാപ്പയുമായുള്ള കൂടിക്കാഴ്ചയും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

കൂടിക്കാഴ്ചയില്‍ പാപ്പയുടെ വീഡിയോ സന്ദേശത്തിന് ആര്‍ച്ച് ബിഷപ്പ് നന്ദി പറഞ്ഞു. അതിരൂപതയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലിന്റെ ഇടപെടലുകള്‍ക്ക് പാപ്പ പ്രാര്‍ത്ഥനയും ആശംസയും വാഗ്ദാനം ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.