കീവ്: ഉക്രെയ്‌നിലെ അധിനിവേശ പ്രദേശങ്ങളില്‍ ഗ്രീക്ക് കത്തോലിക്ക സഭയെ പൂര്‍ണമായും നിരോധിച്ച് റഷ്യ. ഉക്രെയ്‌നിലെ സപ്പോരിജിയ മേഖലയിലെ അധിനിവേശ പ്രദേശങ്ങളിലാണ് കത്തോലിക്ക സഭയുടെ ശുശ്രൂഷകള്‍ നിരോധിച്ച് ഉത്തരവിറക്കിയതെന്ന് സഭയുടെ കീവിലെ ഓഫീസ് അറിയിച്ചു. റഷ്യന്‍ അധിനിവേശം കത്തോലിക്കാ സഭയെ അടിച്ചമര്‍ത്തുന്നതിലേക്ക് നയിക്കുമെന്ന ആശങ്ക ശരിവയ്ക്കുന്ന നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
പ്രദേശത്തെ സൈനിക-സിവില്‍ അഡ്മിനിസ്‌ട്രേഷന്റെ തലവന്‍ യെവ്‌ജെനി ബാലിറ്റ്സ്‌കി ഒപ്പിട്ട റഷ്യന്‍ ഭാഷയിലുള്ള ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതായി ഉക്രെയ്‌നിയന്‍ ഗ്രീക്ക് കത്തോലിക്ക സഭ അതിന്റെ വെബ്സൈറ്റില്‍ അറിയിച്ചു. സഭയുടെ സ്വത്തുക്കള്‍ റഷ്യന്‍ നിയന്ത്രണത്തിലുള്ള
സൈനിക-സിവിലിയന്‍ ഭരണകൂടത്തിന് കൈമാറണമെന്നും ഉത്തരവിലുണ്ട്.
യുദ്ധം ആരംഭിച്ചതു മുതല്‍ റഷ്യന്‍ അധിനിവേശപ്രദേശങ്ങളില്‍ പുരോഹിതന്മാരും മറ്റു മതനേതാക്കളും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. കത്തോലിക്കാ സന്നദ്ധ സംഘടനകളായ കാരിത്താസ്, നൈറ്റ്‌സ് ഓഫ് കൊളംബസ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെയും നിരോധിച്ചു.
ഉക്രെയ്‌നിയന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ പ്രവര്‍ത്തനങ്ങള്‍ റഷ്യന്‍ ഫെഡറേഷന്റെ മതപരമായ സംഘടനകളെക്കുറിച്ചുള്ള നിയമത്തിന്റെ ലംഘനമാണെന്ന് ഉത്തരവില്‍ പറയുന്നു. ഇതുകൂടാതെ സഭാ നേതാക്കള്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതരമായ ആരോപണവും ഉയര്‍ത്തിയിട്ടുണ്ട്. സഭാംഗങ്ങള്‍ സപ്പോരിജിയ മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും റഷ്യന്‍ വിരുദ്ധ റാലികളിലും കലാപങ്ങളിലും പങ്കെടുത്തിട്ടുള്ളതായും ഉത്തരവില്‍ കുറ്റപ്പെടുത്തുന്നു.
ഉക്രെയ്‌നിയന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ പള്ളികളിലും കെട്ടിടങ്ങളിലും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്നും റഷ്യന്‍ ഫെഡറേഷന്റെ പ്രാദേശിക അഖണ്ഡത തകര്‍ക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതായും ഉത്തരവില്‍ പറയുന്നു. നിയോ-നാസി ആശയങ്ങളാണ് സഭാ സമൂഹം പ്രചരിപ്പിക്കുന്നതെന്ന ആരോപണവുമുണ്ട്.
നൈറ്റ്‌സ് ഓഫ് കൊളംബസ് അമേരിക്കയിലെയും വത്തിക്കാനിലെയും രഹസ്യാന്വേഷണ വിഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന വിചിത്രമായ കണ്ടെത്തലും ഉത്തരവിലുണ്ട്. അതേസമയം, കാരിത്താസിനെതിരായ നടപടിക്ക് ഉത്തരവില്‍ വിശദീകരണം നല്‍കിയില്ല.
2022 ഫെബ്രുവരിയില്‍ റഷ്യ ഉക്രെയ്‌നില്‍ യുദ്ധം ആരംഭിച്ച ശേഷം, നൈറ്റ്‌സ് ഓഫ് കൊളംബസ് 1.4 ദശലക്ഷത്തിലധികം ഉക്രെയ്ന്‍കാരെ സഹായിച്ചിട്ടുണ്ട്, 7.3 ദശലക്ഷം പൗണ്ടിലധികം ദുരിതാശ്വാസ വസ്തുക്കളും 250,000 കെയര്‍ പാക്കേജുകളും 400 വീല്‍ചെയറുകളും നല്‍കി.
2022 ഫെബ്രുവരിക്കും 2023 ജനുവരിക്കും ഇടയില്‍ മാത്രം അഞ്ഞൂറോളം മതകേന്ദ്രങ്ങള്‍ ഉക്രെയ്‌നില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.