ടെല്‍ അവീവ്: ഗാസയിലെ ഹമാസിന്റെ ഭൂഗര്‍ഭ തുരങ്ക സംവിധാനത്തിലേക്ക് കടല്‍ജലം പമ്പ് ചെയ്യാന്‍ ആരംഭിച്ച് ഇസ്രയേല്‍ പ്രതിരോധ സേന. ഹമാസിന്റെ ഭൂഗര്‍ഭ ശൃംഖലയെയും ഒളിത്താവളങ്ങളെയും നശിപ്പിക്കാനും പ്രവര്‍ത്തകരെ പുറത്ത് എത്തിക്കാനും ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇസ്രയേലി ഡിഫെന്‍സ് ഫോഴ്സിന്റെ ഭാഗത്തു നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്
ഗാസയിലെ ഹമാസിന്റെ തുരങ്ക സമുച്ചയത്തിലേക്ക് ഇസ്രയേല്‍ സൈന്യം കടല്‍വെള്ളം പമ്പ് ചെയ്യാന്‍ തുടങ്ങിയ വാര്‍ത്ത അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ആഴ്ചകളെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ഹമാസിനെ അടിയറവ് പറയിപ്പിക്കാന്‍ ഇസ്രയേല്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഭൂഗര്‍ഭ തുരങ്കങ്ങളുടെ ശൃംഖല. ഇസ്രയേലുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഹമാസ് ഭീകരരുടെ പ്രധാന ഒളിത്താവളങ്ങളായിരുന്നു ഇത്തരം ടണലുകള്‍. അതിന് പുറമെ ബന്ദികളാക്കിയവരെ താമസിപ്പിക്കാനും യുദ്ധസാമഗ്രികള്‍ സൂക്ഷിക്കാനുമെല്ലാം ഇത്തരം താവളങ്ങള്‍ ഉപയോഗിച്ചിരുന്നു.
ഉപരിതലത്തില്‍നിന്ന് 100 അടി താഴെ വരെ മറഞ്ഞിരിക്കുന്ന, സങ്കീര്‍ണമായ ഈ തുരങ്കങ്ങള്‍ ഇരുണ്ട വളവുകളും തിരിവുകളും കെണികളും നിറഞ്ഞതാണ്. 'ഗാസ മെട്രോ' എന്നറിയപ്പെടുന്ന ഇവ കനത്തില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് ഉറപ്പിച്ചതുമാണ്. ഇതുകൊണ്ടാണ് ഹമാസ് പ്രവര്‍ത്തകര്‍ക്ക് ഗാസയിലൂടെ 'അദൃശ്യ'മായി നീങ്ങാനും ഇസ്രയേലി വ്യോമാക്രമണങ്ങളില്‍നിന്ന് രക്ഷപ്പെടാനും സാധിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുരങ്കങ്ങളുടെ ആകെ നീളം 500 കിലോമീറ്ററിലധികം വരുമെന്നാണ് ഹമാസ് അവകാശപ്പെടുന്നത്.
കടല്‍വെള്ളം പമ്പ് ചെയ്ത് ഇത്തരം ടണലുകള്‍ ഉപയോഗശൂന്യമാക്കാനാണ് ഇസ്രായേല്‍ സൈന്യം ശ്രമിക്കുന്നതെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഇസ്രായേല്‍ സൈന്യം ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
ഹമാസ് തുരങ്കങ്ങള്‍ പല വിഭാഗത്തിലുണ്ട്. ഒന്നാമത്തേത് ഈജിപ്തിലേക്കുള്ള ഹമാസിന്റെ നിയന്ത്രണത്തിലുള്ള തുരങ്കങ്ങള്‍. ആയുധങ്ങളും മറ്റ് വസ്തുക്കളും കടത്താന്‍ ഇവ ഉപയോഗിച്ചു വരുന്നു. രണ്ടാമത് കമാന്‍ഡ് സെന്ററുകള്‍ക്കും ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന പ്രതിരോധ തുരങ്കങ്ങള്‍. ഇനി അടുത്തതാണ് ഏറ്റവും അവസാനത്തേതും അപകടകരവുമായ തുരങ്കങ്ങള്‍. ഇസ്രായേലിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് ഉപയോഗിക്കുന്ന ഹമാസിന്റെ യുദ്ധ തുരങ്കങ്ങളാണ് ഇവ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.