കത്തോലിക്ക വിശ്വാസികളുടെ ചിതാഭസ്മം സൂക്ഷിക്കുന്നതു സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി വത്തിക്കാന്‍

കത്തോലിക്ക വിശ്വാസികളുടെ ചിതാഭസ്മം സൂക്ഷിക്കുന്നതു സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി വത്തിക്കാന്‍

വത്തിക്കാന്‍: കത്തോലിക്ക വിശ്വാസികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിച്ച് ചിതാഭസ്മം സൂക്ഷിക്കുന്നതു സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി വത്തിക്കാന്‍. ഇറ്റലിയിലെ ബൊളോഗ്‌ന മെത്രാനും ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദിനാള്‍ മാറ്റിയോ സുപ്പിക്ക് നല്‍കിയ സംശയ ദൂരീകരണ മറുപടിയിലാണ് വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കിയത്. ഫ്രാന്‍സിസ് പാപ്പയുടെ അനുവാദത്തോടെയാണ് കത്ത് പ്രസിദ്ധീകരിച്ചത്.

ചില പ്രത്യേക സാഹചര്യങ്ങളില്‍, വത്തിക്കാനില്‍നിന്നുള്ള വ്യവസ്ഥകള്‍ പാലിച്ച് ചിതാഭസ്മത്തിന്റെ ഒരു ചെറിയ ഭാഗം കുടുംബാംഗങ്ങള്‍ക്ക് വ്യക്തിപരമായി സൂക്ഷിക്കുന്നത് അനുവദനീയമാണെന്ന് കര്‍ദിനാള്‍ സുപ്പിക്ക് അയച്ച കത്തില്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ വ്യക്തമാക്കുന്നു. അതേസമയം, ബാക്കിയുള്ളവ വിശുദ്ധ സ്ഥലമായ സെമിത്തേരിയില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.

ഭൗതികാവശിഷ്ടങ്ങള്‍ സെമിത്തേരിയില്‍ സൂക്ഷിക്കണമെന്നാണ് സഭാ നേതൃത്വം ഏഴു വര്‍ഷം മുന്‍പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലുള്ളത്.

ക്രൈസ്തവ വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സഭയില്‍ സജീവമായി നടക്കുന്നുണ്ട്. നിരവധി ക്രൈസ്തവ വിശ്വാസികളാണ് മൃതദേഹം ദഹിപ്പിച്ച് ചിതാഭസ്മം പ്രകൃതിയില്‍ ലയിപ്പിക്കണമെന്ന ആവശ്യവുമായി സഭയെ സമീപിക്കുന്നത്. ഇതേതുടര്‍ന്നാണ് ഏഴു വര്‍ഷം മുന്‍പ് വത്തിക്കാന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ആദ്യമായി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

മൃതദേഹം ദഹിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതാകാം. എന്നാല്‍ ചിതാഭസ്മം വായുവില്‍ വിതറരുത്, വെള്ളത്തില്‍ നിമഞ്ജനം ചെയ്യരുത്, കുടുംബങ്ങള്‍ക്കിടയില്‍ വീതം വയ്ക്കരുത്, വീട്ടില്‍ സൂക്ഷിക്കരുത്. അതേസമയം പള്ളി അംഗീകരിച്ച വിശുദ്ധ സ്ഥലങ്ങളില്‍ സൂക്ഷിക്കാമെന്നായിരുന്നു 2016 പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

അതേസമയം പുതിയ ഉത്തരവില്‍ പറയുന്നതനുസരിച്ച് ചിതാഭസ്മം വ്യക്തിപരമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന കുടുംബാംഗങ്ങളില്‍ നിന്ന് ഒരു അഭ്യര്‍ത്ഥന സഭാ അധികാരികള്‍ പരിഗണിക്കുകയും വിലയിരുത്തുകയും ചെയ്തുകൊണ്ട് അതിന് അനുവാദം നല്‍കാം. മരിച്ചുപോയ വ്യക്തിയുടെ സ്മരണ നിലനിര്‍ത്തി, ആ വ്യക്തിക്ക് പ്രധാന്യമുള്ള ഒരു വിശുദ്ധ സ്ഥലം കണ്ടെത്തി ചിതാഭസ്മത്തിന്റെ ഒരംശം ഉചിതമായ ബഹുമാനത്തോടെ കുടുംബാംഗങ്ങള്‍ക്ക് സൂക്ഷിക്കാം.

മനുഷ്യാവശിഷ്ടങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനോട് വത്തിക്കാന് ഇപ്പോഴും യോജിപ്പില്ല. മരിച്ചുപോയ വിശ്വാസികളെ ഓര്‍ത്തു പ്രാര്‍ത്ഥിക്കാനും അവര്‍ മറക്കപ്പെടുന്നതില്‍ നിന്ന്
തടയാനുമാണ് ചിതാഭസ്മം വിശുദ്ധ സ്ഥലത്ത് സൂക്ഷിക്കണമെന്ന് വത്തിക്കാന്‍ നിഷ്‌കര്‍ഷിക്കുന്നത്.

'ചിതാഭസ്മം ഒരു വ്യക്തിയുടെ ഭൗതികാവശിഷ്ടങ്ങളില്‍ നിന്നാണ് വരുന്നത്. തിരുശേഷിപ്പുകളോട് സഭ പ്രത്യേക ശ്രദ്ധയും ഭക്തിയുമാണ് പ്രകടിപ്പിക്കുന്നത്. ഈ ശ്രദ്ധയും സ്മരണയും ചിതാഭസ്മത്തോട് പവിത്രമായ ഒരു മനോഭാവം പുലര്‍ത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നു, പ്രാര്‍ത്ഥനയ്ക്ക് അനുയോജ്യമായ ഒരു വിശുദ്ധ സ്ഥലത്ത് അതു സ്ഥിരമായി സംരക്ഷിക്കണം - കര്‍ദിനാള്‍ ഫെര്‍ണാണ്ടസ് കത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.