റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ അടക്കം ചെയ്യണം; സംസ്കാര ചടങ്ങ് ലളിതമാക്കണം; ആ​ഗ്രഹം വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ

റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ അടക്കം ചെയ്യണം; സംസ്കാര ചടങ്ങ് ലളിതമാക്കണം; ആ​ഗ്രഹം വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി നിമിത്തം തന്നെ റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ അടക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. മെക്സിക്കൻ ടെലിവിഷൻ പ്രോഗ്രാമായ 'എൻ പ്ലസ്' ന് നൽകിയ പുതിയ അഭിമുഖത്തിലാണ് തന്റെ ശവസംസ്കാരത്തിനുള്ള പദ്ധതികൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്ന് മാർപ്പാപ്പ വെളിപ്പെടുത്തിയത്. ഈ വരുന്ന ഞായറാഴ്ച മാർപ്പാപ്പയ്ക്ക് 87 വയസ് പൂർത്തിയാകും.

മാർപാപ്പമാരുടെ ശവസംസ്കാര ചടങ്ങുകൾ ലളിതമാക്കാനായി വത്തിക്കാനിലെ ആർച്ച് ബിഷപ്പ് ഡീഗോ റാവേലിയുമായി ചേർന്ന് പ്രവർത്തനം ആരംഭിച്ചു. പടിഞ്ഞാറൻ പ്രദേശങ്ങളിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ മരിയൻ ആരാധനാലയങ്ങളിലൊന്നിൽ തന്നെ അടക്കം ചെയ്യുന്നതിനായി ഒരു സ്ഥലം ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. മാതാവിനോടുള്ള ഭക്തിയാണ് സെന്റ് മേരി മേജർ ബസിലിക്കയിൽ അടക്കം ചെയ്യാനുള്ള മാർപാപ്പയുടെ ആ​ഗ്രഹത്തിനു പിന്നിൽ‌.

ഒരു നൂറ്റാണ്ടിലേറെയായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ഗ്രോട്ടോ ക്രിപ്‌റ്റിന് പുറത്ത് സംസ്‌കരിക്കപ്പെടുന്ന ആദ്യത്തെ മാർപാപ്പയായിരിക്കും ഫ്രാൻസിസ് മാർപാപ്പ. (ലിയോ പതിമൂന്നാമൻ മാർപാപ്പയെ 1903 ൽ സെന്റ് ജോൺ ലാറ്ററൻ ആർച്ച് ബസിലിക്കയിൽ അടക്കം ചെയ്തു.) സെന്റ് മേരി മേജറിൽ അടക്കം ചെയ്യപ്പെട്ട അവസാനത്തെ മാർപ്പാപ്പ 1669 ൽ അന്തരിച്ച ക്ലെമന്റ് IX ആയിരുന്നു.

മാർപാപ്പയായതിന് ശേഷം നൂറിലധികം തവണ സെന്റ് മേരി മേജർ ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ സന്ദർശനം നടത്തിയിട്ടുണ്ട്. എല്ലാ അന്താരാഷ്‌ട്ര യാത്രയ്‌ക്കും മുമ്പും ശേഷവും "സാലസ് പോപ്പുലി റൊമാനി" എന്നറിയപ്പെടുന്ന കന്യകാ മറിയത്തിന്റെ സന്നിധിയിൽ മാർപാപ്പ എത്താറുണ്ട്. ഡിസംബർ എട്ടിന് ഫ്രാൻസിസ് മാർപാപ്പ മാതാവിന് മുന്നിൽ ഗോൾഡൻ റോസ് സ്ഥാപിച്ചിരുന്നു.

ആ​രോ​ഗ്യം ഇപ്പോൾ മെച്ചപ്പെട്ടതായി തോന്നുന്നു. ചില സമയങ്ങളിൽ ഞാൻ വിവേകശൂന്യനാണെന്ന് എന്നോട് പറയാറുണ്ട്. കാരണം എനിക്ക് കാര്യങ്ങൾ ചെയ്യാനും ചുറ്റിക്കറങ്ങാനും തോന്നും. എന്നാൽ ഇത് നല്ല അടയാളങ്ങളാണെന്ന് ഞാൻ കരുതുന്നതായും പാപ്പ പറഞ്ഞു.

അടുത്ത വര്‍ഷം ബെല്‍ജിയത്തിലേക്ക് ഒരു യാത്ര തീരുമാനിച്ചിട്ടുണ്ടെന്നും പോളിനേഷ്യയിലേക്കും തന്റെ ജന്മനാടായ അര്‍ജന്റീനയിലേക്കുമുള്ള സന്ദര്‍ശനങ്ങളും പരിഗണനയിലുണ്ടെന്നും പാപ്പ പറഞ്ഞു. തന്റെ മുൻഗാമിയായ ബെനഡിക്ട് പതിനാറാമനെപ്പോലെ രാജിവെക്കുന്നതിനെക്കുറിച്ച് താൻ ഒരിക്കലും ചിന്തിച്ചിട്ടില്ല എങ്കിലും അതിനുള്ള സാധ്യതകൾ തുറന്നിടുകയാണെന്നും ഫ്രാൻസിസ് മാർപാപ്പ അഭിമുഖത്തിൽ പറഞ്ഞു.

അക്യൂട്ട് ബ്രോങ്കൈറ്റിസ് മൂലം ആരോഗ്യാവസ്ഥ മോശമായതിന് ശേഷമുള്ള ആദ്യ അഭിമുഖത്തിലാണ് മാര്‍പാപ്പ യാത്രകളെ ക്കുറിച്ച് വ്യക്തമാക്കിയത്. ആരോഗ്യാവസ്ഥ നല്ല രീതിയിലല്ലാത്തതിനാല്‍ യുഎന്‍ കാലാവസ്ഥാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഈ മാസം ദുബായിലേക്കുള്ള യാത്ര റദ്ദാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.