തുണച്ചത് ജനിതക ശാസ്ത്രം; നാലു മക്കളെ കൊലപ്പെടുത്തിയെന്ന് മുദ്രകുത്തി 20 വര്‍ഷം ജയിലില്‍ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ വനിതയെ കുറ്റവിമുക്തയാക്കി

തുണച്ചത് ജനിതക ശാസ്ത്രം; നാലു മക്കളെ കൊലപ്പെടുത്തിയെന്ന് മുദ്രകുത്തി 20 വര്‍ഷം ജയിലില്‍ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ വനിതയെ കുറ്റവിമുക്തയാക്കി

സിഡ്‌നി: നാല് മക്കളെ കൊലപ്പെടുത്തിയ കുറ്റത്തിന് 20 വര്‍ഷം തടവിലാക്കപ്പെട്ട കാത്‌ലീന്‍ ഫോള്‍ബിഗ് എന്ന ഓസ്ട്രേലിയന്‍ വനിതയെ നിരപരാധിയാണെന്ന് തെളിഞ്ഞതിനെതുടര്‍ന്ന് കുറ്റവിമുക്തയാക്കി. സാഹചര്യത്തെളിവുകളെ അടിസ്ഥാനമാക്കിയായിരുന്നു കേസില്‍ കാത്‌ലീനെതിരെ കുറ്റം ചുമത്തിയിരുന്നത്. ഒടുവില്‍ സംഭവം നടന്ന് 20 വര്‍ഷങ്ങള്‍ക്കുശേഷം പറ്റിയ തെറ്റ് തിരിച്ചറിഞ്ഞിരിക്കുകയാണ് കോടതി. ജനിതക ശാസ്ത്രത്തിന്റെ സഹായത്തോടെ കാത്‌ലീന്‍ നിരപരാധിയാണെന്ന് ഒടുവില്‍ തെളിയിക്കുകയായിരുന്നു.

നാല് മക്കളെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തി 2003ല്‍ ശിക്ഷ വിധിക്കുമ്പോള്‍ ഏറ്റവും വെറുക്കപ്പെട്ട സ്ത്രീ എന്നും ബേബി കില്ലറെന്നുമാണ് അവരെ സമൂഹം വിശേഷിപ്പിച്ചത്. 1989 മുതല്‍ 1999 വരെയുള്ള 10 വര്‍ഷത്തിനിടെയാണ് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ കാത്‌ലീന്‍ ഫോള്‍ബിഗിന്റെ കാലേബ്, പാട്രിക്, സാറ, ലോറ എന്നീ കുഞ്ഞുങ്ങള്‍ അസ്വഭാവികമായി മരിച്ചത്. ഇതില്‍ മരിക്കുമ്പോള്‍ ഒരാളുടെ പ്രായം വെറും 19 ദിവസം മാത്രമായിരുന്നു. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച കുഞ്ഞിന്റെ പ്രായമാകട്ടെ ഒന്നര വയസും. 2003ലാണ് കാത്‌ലീന് 40 വര്‍ഷം തടവുശിക്ഷ വിധിച്ചത്.



മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും വിധി 30 വര്‍ഷത്തെ ശിക്ഷയാക്കി കുറച്ചു എന്നല്ലാതെ കേസില്‍ വിശദമായ അന്വേഷണങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല. എന്നാല്‍ കാത്‌ലീന്‍ നിയമ പോരാട്ടം അവസാനിപ്പിച്ചില്ല. ഒടുവില്‍ നീണ്ട കാലത്തെ വിശദമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ വളരെ അസാധാരണമായി കാണപ്പെടുന്ന അപൂര്‍വമായ ജീന്‍ മ്യൂട്ടേഷനുകള്‍ കാരണമാണ് കുഞ്ഞുങ്ങള്‍ മരിക്കാന്‍ ഇടയായതെന്ന് നൂതന ശാസ്ത്ര സാങ്കേതിക വിദ്യകളിലൂടെ തിരിച്ചറിഞ്ഞു. ഇതോടെയാണ് 20 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം 56-കാരിയായ കാത്‌ലീനെ കോടതി വെറുതെ വിട്ടിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ കാത്‌ലീന്‍ ജയില്‍ മോചിതയായെങ്കിലും കഴിഞ്ഞ ദിവസമാണ് കേസ് റദ്ദാക്കിയത്.

'എന്റെ കുട്ടികള്‍ എങ്ങനെയാണ് മരിച്ചത് എന്നതിന് നവീകരിച്ച ശാസ്ത്രവും ജനിതകശാസ്ത്രവും എനിക്ക് ഉത്തരം നല്‍കി' എന്നാണ് വികാരാധീനയായി കാത്‌ലീന്‍ സിഡ്‌നിയിലെ ക്രിമിനല്‍ അപ്പീല്‍ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. 1999ല്‍ പോലും കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ ശാസ്ത്രീയമായി ഇത് തെളിയിക്കാമായിരുന്നു എന്നും കാത്‌ലീന്‍ അഭിപ്രായപ്പെട്ടു.

തെറ്റ് ചെയ്യാതെ 20 വര്‍ഷം തടവിലിട്ടതിന് നഷ്ടപരിഹാരം ലഭിക്കാന്‍ നിയമ പോരാട്ടം നടത്തുമെന്ന് ഫോള്‍ബിഗിന്റെ അഭിഭാഷക റാനി റീഗോ പറഞ്ഞു. മുഴുവനായും സാഹചര്യ തെളിവുകളെ അടിസ്ഥാനപ്പെടുത്തി എടുത്ത കേസില്‍ കാത്‌ലീന്റെ നിരപരാധിത്വം തെളിയിക്കാന്‍ സഹായിച്ചത് ശാസ്ത്രത്തിന്റെ വളര്‍ച്ചയാണെന്നും അഭിഭാഷകന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.