ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി 'മത്സരം' അരുത്; മനുഷ്യരാശിയുടെ വികസനം നിറവേറ്റുന്നതാവണം: ഫ്രാന്‍സിസ് പാപ്പ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി 'മത്സരം' അരുത്; മനുഷ്യരാശിയുടെ വികസനം നിറവേറ്റുന്നതാവണം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ലോകത്ത് അസമത്വവും അനീതിയും വര്‍ധിപ്പിക്കാതെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാനും സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കാനും യുദ്ധങ്ങള്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അവസാനിപ്പിക്കാനും നിര്‍മിത ബുദ്ധിയെ ഉപയോഗപ്പെടുത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 2024 ജനുവരി ഒന്നിന് ആചരിക്കുന്ന ലോക സമാധാന ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് നിര്‍മിത ബുദ്ധിയുടെ സാധ്യതകളും വെല്ലുവിളികളും മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടിയത്.

നിര്‍മിത ബുദ്ധി മുന്നോട്ട് വയ്ക്കുന്ന വികസനവാഗ്ദാനങ്ങള്‍ക്കൊപ്പം അപകടസാധ്യതകളും പതിയിരുപ്പുണ്ടെന്ന് പാപ്പാ പറഞ്ഞു. നിര്‍മിത ബുദ്ധിയുടെ ഉപയോഗം, സാധാരണജീവിതം എളുപ്പമുള്ളതാക്കി മാറ്റിയേക്കാം എന്നിരിക്കിലും, ഇത്തരം സാങ്കേതിക വിദ്യകള്‍ മൂലം അടിസ്ഥാന മാനവിക മൂല്യങ്ങള്‍ ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

നിര്‍മിത ബുദ്ധിയും സമാധാനവും' എന്ന വിഷയത്തെ ആധാരമാക്കിയായിരുന്നു മാര്‍പ്പാപ്പയുടെ സന്ദേശം. രാഷ്ട്രത്തലവന്മാരെയും ഗവണ്‍മെന്റ് മേധാവികളെയും വിവിധ മത നേതാക്കളെയും അഭിസംബോധന ചെയ്തുകൊണ്ടാണ് സന്ദേശം ആരംഭിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യന്റെ കഴിവുകളെയും അഭിലാഷങ്ങളെയും നിറവേറ്റുന്നതാവണം. അല്ലാതെ അവയുമായി ഒരു മത്സരം അരുത്.

ഈ മേഖലയില്‍ ഉയര്‍ന്നുവരുന്ന ധാര്‍മ്മിക പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗം മൂലം കഷ്ടത അനുഭവിക്കുന്നവരടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ചുമതലപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മാര്‍പ്പാപ്പയുടെ സന്ദേശത്തില്‍ ഉയര്‍ത്തിക്കാട്ടുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനം അതിന്റെ ഉടമകളുടെയും ഡെവലപ്പര്‍മാരുടെയും ലക്ഷ്യങ്ങളെയും താല്‍പ്പര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരാണെന്ന് അവര്‍ തെളിയിക്കുകയും അടിസ്ഥാന മാനുഷിക മൂല്യങ്ങളെ മാനിക്കുകയും ചെയ്താല്‍ മാത്രമേ നല്ല ഫലങ്ങള്‍ കൈവരിക്കാനാകൂ - മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.

'ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളെക്കുറിച്ച് നാം ബോധവാന്മാരായിരിക്കുകയും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുകയും സമഗ്രമായ മനുഷ്യവികസനത്തെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളെയും നിയമങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്ന വിധത്തില്‍ അവയെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു.

നിര്‍മിത ബുദ്ധിശക്തിയുടെ ഉപയോഗത്തിലൂടെ പാവപ്പെട്ടവരുടെയും, അവഗണിക്കപ്പെട്ടവരുടേതുമുള്‍പ്പെടെ എല്ലാ മേഖലകളിലുമുള്ള ആളുകളുടെ സ്വരം ശ്രവിക്കണ്ടതുണ്ടെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു

ആഗോള നിയമവ്യവസ്ഥിതിക്ക് മുന്നില്‍ വെല്ലുവിളികള്‍ ഉയരാനുള്ള സാധ്യതയെക്കുറിച്ചും ഫ്രാന്‍സിസ് പാപ്പാ മുന്നറിയിപ്പ് നല്‍കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ െഉപയോഗത്തിന്റെ കാര്യത്തില്‍, ആഗോളതലത്തില്‍ ഉടമ്പടികള്‍ കൊണ്ടുവരാന്‍ രാജ്യസമൂഹങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. തെറ്റായ ഉപയോഗങ്ങള്‍ തടയാന്‍ മാത്രമല്ല, സാങ്കേതികതയുടെ ശരിയായ ഉപയോഗം പ്രോത്സാഹിപ്പിക്കാനും, വ്യക്തിഗത സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും വേണ്ടിയാകണം ഇത്തരം സംവിധാനങ്ങള്‍.

നിര്‍മിതബുദ്ധിശക്തിയുടെ വേഗത്തിലുള്ള വളര്‍ച്ച, സാമൂഹികമായ അസമത്വങ്ങളും അനീതിയും വളരാന്‍ കാരണമാകാതിരിക്കട്ടെയെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്ന് പാപ്പാ എഴുതി. യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിക്കാനും, മനുഷ്യരുടെ വിവിധങ്ങളായ സഹനങ്ങള്‍ക്ക് ആശ്വാസമേകാനും അവയ്ക്ക് സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.