പുഞ്ചിരിയും സഹനവും ആത്മീയ ആയുധങ്ങള്‍; സമാധാനത്തിന്റെ ദൂതന്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് ഇന്ന് 87-ാം പിറന്നാള്‍

പുഞ്ചിരിയും സഹനവും ആത്മീയ ആയുധങ്ങള്‍; സമാധാനത്തിന്റെ ദൂതന്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് ഇന്ന് 87-ാം പിറന്നാള്‍

വത്തിക്കാന്‍ സിറ്റി: പുഞ്ചിരിയും സഹനവും ആത്മീയ ആയുധമാക്കിയ പരിശുദ്ധ പിതാവിന് ഇന്ന് 87-ാം പിറന്നാള്‍. ഇന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിന് അഭിമുഖമായുള്ള ജാലകത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പാപ്പ ആഗതനാകുമ്പോള്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ കാത്തിരിക്കുകയാണ് വിശ്വാസി സമൂഹം.

കലുഷിതമായ ഒരു ലോകാന്തരീക്ഷത്തിലാണ് ഇക്കുറി പാപ്പയുടെ പിറന്നാള്‍ എത്തുന്നത്. ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം, ഗാസയിലെ മാനുഷിക പ്രതിസന്ധി, അര്‍മീനിയന്‍ ജനതയുടെ പലായനം... സ്വന്തം ആരോഗ്യ പ്രശ്‌നങ്ങളേക്കാള്‍ യുദ്ധക്കെടുതികളുടെ ദുരിതമനുഭവിക്കുന്ന ജനതയെക്കുറിച്ചാണ് പാപ്പ എപ്പോഴും ആകുലനാകുന്നത്. അതുകൊണ്ടുതന്നെ ഇത്തവണയും മുന്‍ വര്‍ഷങ്ങളിലെ പോലെ പ്രത്യേക ആഘോഷ പരിപാടികള്‍ ഒന്നും തന്നെ വത്തിക്കാനില്‍ ഉണ്ടാകില്ല.

വാക്കിലും നോക്കിലും ചിന്തയിലും പ്രവര്‍ത്തിയിലുമെല്ലാം സമാധാനത്തിന്റെ വക്താവായി ലോകം അംഗീകരിച്ച മാര്‍പാപ്പ ആഗോള കത്തോലിക്ക സഭയുടെ 2000 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ മാര്‍പ്പാപ്പമാരില്‍ ഒരാളാണ്. 2013 മാര്‍ച്ച് പതിമൂന്നിനാണ് അര്‍ജന്റീനാക്കാരനായ കര്‍ദിനാള്‍ ജോര്‍ജ് മരിയ ബെര്‍ഗോളി സഭയുടെ 266-മത്തെ മാര്‍പാപ്പയായത്.



ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചതില്‍ പോലും പാപ്പയുടെ പാവങ്ങളോടുള്ള സഹാനുഭൂതി പ്രകടമായിരുന്നു. പാവങ്ങളുടെ വിശുദ്ധനായ അസീസിയിലെ ഫ്രാന്‍സിസിന്റെ പേരായിരുന്നു മാര്‍പാപ്പ തനിക്കായി സ്വീകരിച്ചത്. ഈ പേര് ആദ്യമായിട്ടാണ് ഒരു മാര്‍പ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിക്കുന്നത്. കത്തോലിക്ക സഭയില്‍ വിപ്ലവം സൃഷ്ടിച്ച നിരവധി തീരുമാനങ്ങളുടെ ആദ്യ ചുവടുവയ്പ്പായിരുന്നു ഇതെന്ന് ലോകം പിന്നീട് തിരിച്ചറിഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന മാര്‍പാപ്പാമാര്‍ക്കു ലഭിക്കുന്ന ആചാരപരമായ സ്വീകരണം വേണ്ടെന്നു വയ്ക്കുകയും ആ പണം പാവപ്പെട്ടവര്‍ക്ക് ദാനമായി നല്‍കുകയും ചെയ്തു.

44 അപ്പോസ്‌തോലിക യാത്രകള്‍

മാര്‍പ്പാപ്പയായുള്ള തന്റെ പത്തു വര്‍ഷത്തെ ജീവിതയാത്രയില്‍ വത്തിക്കാനു പുറത്ത് 44 അപ്പോസ്‌തോലിക യാത്രകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തി. ആഫ്രിക്ക മുതല്‍ ഏഷ്യന്‍ രാജ്യങ്ങള്‍ വരെ പരിശുദ്ധ പിതാവിന്റെ ആത്മീയ സാന്നിധ്യം അനുഭവിച്ചു.



ക്രൈസ്തവ രക്തം വീണ ഇറാഖില്‍ ഭയമേതുമില്ലാതെ ദൈവത്തിന്റെ കൈ പിടിച്ചു നടന്നത് ചരിത്രത്തിലേക്കായിരുന്നു. തുര്‍ക്കി തീരത്ത് മണലില്‍ മുഖംപൂഴ്ത്തി മരിച്ചുകിടന്ന ഐലാന്‍ കുര്‍ദിയെന്ന (3) സിറിയന്‍ ബാലന്റെ പിതാവ് അബ്ദുല്ലയെ മാര്‍പാപ്പ ഇറാഖില്‍ വച്ചു സന്ദര്‍ശിച്ചത് ലോകത്തെ കണ്ണീരണിയിച്ചു. ഗ്രീസിലേക്കുള്ള പലായനത്തിനിടെയാണ് ബോട്ട് മുങ്ങി അമ്മയ്ക്കും സഹോദരനുമൊപ്പം ഐലാനും മരിച്ചത്. ഇങ്ങനെ തന്റെ അപ്പോസ്‌തോലിക യാത്രകളില്‍ അഭയാര്‍ത്ഥികളെ കാണാനും അവരുടെ വേദനകള്‍ ശ്രവിക്കാനും പാപ്പ എപ്പോഴും മുന്‍ഗണന നല്‍കി.

ആത്മീയ പാതയില്‍ വിശ്രമമില്ലാതെ

നാലു സിനഡുകള്‍ക്കാണ് പാപ്പ ആതിഥേയത്വം വഹിച്ചത്. എഴുതിയത് മൂന്ന് ചാക്രിക ലേഖനങ്ങളും അഞ്ച് ശ്ലൈഹീക ലേഖനങ്ങളും. ആത്മീയ പാതയില്‍ വിശ്രമത്തിന് ഇടനല്‍കാതെയാണ് ഈ പ്രായത്തിലും പാപ്പയുടെ സഞ്ചാരം. കാല്‍മുട്ടിലെ വേദന അലട്ടുമ്പോഴും വത്തിക്കാനില്‍ വിശ്വാസികളുമായുള്ള കൂടിക്കാഴ്ച്ചകള്‍ക്ക് മുടക്കം വരുത്താന്‍ പാപ്പ ഇഷ്ടപ്പെട്ടിരുന്നില്ല. വീല്‍ചെയറില്‍ പുഞ്ചിരിച്ചുകൊണ്ട് വിശ്വാസികള്‍ക്കരികിലേക്ക് പാപ്പയെത്തി. ഒരു ദിവസം എട്ട് കൂടിക്കാഴ്ച്ചകളില്‍ വരെ ഊര്‍ജസ്വലതയോടെ പങ്കെടുത്തു. തന്റെ വസതിയായ സാന്റ മാര്‍ത്തയില്‍ പാപ്പ എന്നും നിരവധി പേരെ സ്വീകരിച്ചു. അഭയാര്‍ത്ഥികള്‍ക്കും ദരിദ്രര്‍ക്കും വിരുന്നൊരുക്കി.

അഭയാര്‍ഥികളെ സ്വീകരിക്കണമോ തിരസ്‌ക്കരിക്കണമോ എന്ന സന്ദേഹം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുമ്പോഴാണ് മാനുഷിക സമീപനത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃക മാര്‍പാപ്പ കാട്ടിത്തന്നത്. തന്റെ എല്ലാ ഞായറാഴ്ച്ച സന്ദേശങ്ങളും പാപ്പ അവസാനിപ്പിച്ചത് യുദ്ധക്കെടുതികളുടെ ഇരകള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു.

ആടിന്റെ മണമുള്ള ഇടയന്മാര്‍

വൈദികര്‍ ആടിന്റെ മണമുള്ള ഇടയന്മാരാകണമെന്ന മാര്‍പാപ്പയുടെ ഉദ്ധരണി ഏറെ ശ്രദ്ധേയമായിരുന്നു. ഒരു മാര്‍പ്പാപ്പയ്ക്ക് ലഭിക്കുന്ന എല്ലാ ആഡംബരങ്ങളും ആര്‍ഭാടങ്ങളും പാപ്പ നിരസിച്ചു. ലാളിത്യമേറിയ ജീവിതത്തിലൂടെ പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച രാഷ്ട്രീയ നേതാവായും ലോകം പാപ്പയെ വിലയിരുത്തി. പെസഹാ ദിനത്തില്‍ അഭയാര്‍ത്ഥികളുടെയും രോഗികളുടെയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തടവുകാരുടെയും കാലുകള്‍ കഴുകി ചുംബിച്ച് ഏറ്റം എളിയ ശുശ്രൂകനായി. ഇതിനു മുന്‍പ് ഒരു മാര്‍പാപ്പയും വനിതയുടെ കാല്‍ കഴുകിയിട്ടില്ല.



2019-ല്‍ സമാധാനത്തിനായുള്ള തന്റെ അഭ്യര്‍ത്ഥനയെ പിന്തുണയ്ക്കണമെന്ന അപേക്ഷയുമായി ഫ്രാന്‍സിസ് പാപ്പാ സൗത്ത് സുഡാനിലെ നേതാക്കളുടെ മുമ്പില്‍ മുട്ടുകുത്തി പാദങ്ങള്‍ ചുംബിക്കുന്ന അസാധാരണമായ ചിത്രം മനസാക്ഷിയുള്ളവരെ നോവിച്ചു.

ചുവന്ന തൊപ്പി അധികാരത്തിന്റെ അടയാളമല്ലെന്ന് കര്‍ദിനാള്‍മാരോട് മാര്‍പാപ്പ പറഞ്ഞതും മാധ്യമശ്രദ്ധ നേടി.

സ്ത്രീകള്‍ക്ക് വോട്ടവകാശം

ജനാധിപത്യത്തിന്റെ സൗന്ദര്യത്തിലാണ് പാപ്പ വിശ്വസിച്ചത്. സഭയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന സ്ത്രീകളെ മുഖ്യധാരയിലെത്തിക്കാന്‍ നിയമങ്ങള്‍ പൊളിച്ചെഴുതി. കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതല്‍ തിരിച്ചറിയുകയും ഉപദേശത്തിലുപരി പ്രവൃത്തിയിലൂടെ ആ മാറ്റത്തെ ഉള്‍ക്കൊള്ളുകയും ചെയ്ത ആത്മീയ നേതാവായിരുന്നു ഫ്രാന്‍സിസ് പാപ്പ. വത്തിക്കാന്‍ കൂരിയയിലെ സുപ്രധാന പദവികളില്‍ സ്ത്രീകളെ കൊണ്ടുവരാനുള്ള പാപ്പയുടെ ശ്രമം ആഗോള ശ്രദ്ധ നേടി. ഇതിനായി വത്തിക്കാന്‍ ഭരണഘടന പരിഷ്‌കരിച്ചു. മെത്രാന്‍ സിനഡ് കാര്യാലയത്തിലേക്ക് ചരിത്രത്തിലാദ്യമായി സ്ത്രീകള്‍ക്ക് നിയമനം നല്‍കി. മെത്രാന്മാരുടെ സിനഡില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ അത്മായര്‍ക്കും വോട്ടവകാശം നല്‍കി.

മനുഷ്യരാശിയെ പിടിച്ചുലച്ച കോവിഡ് മഹാമാരിക്കാലം സഭയെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരുന്നു. വിശ്വാസികളില്ലാത്ത സെന്റ് പീറ്റേഴ്സ് സ്‌ക്വയറിനു മുന്നില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒറ്റയ്ക്കു നിന്ന് പ്രാര്‍ത്ഥിക്കുന്ന ചിത്രം ആഗോള മാധ്യമങ്ങളില്‍ ഇടംപിടിച്ചു. ലോകമെമ്പാടും പകര്‍ച്ചവ്യാധിയാല്‍ കഷ്ടപ്പെടുന്ന സമൂഹത്തിന് 'റോമ നഗരത്തിനും, ലോകത്തിനും' എന്നര്‍ത്ഥം വരുന്ന ഉര്‍ബി എറ്റ് ഓര്‍ബി സന്ദേശം നല്‍കി ആ പ്രത്യേക സാഹചര്യത്തെ പ്രതീക്ഷ കൊണ്ട് നിറച്ചു. പാപ്പയുടെ ഈ സന്ദേശം സ്പീ സാറ്റല്‍സ് ഉപഗ്രഹം ബഹിരാകാശത്തും എത്തിച്ചു.

പരിസ്ഥിതിക്കായി
പരിസ്ഥിതി സംരക്ഷണം മാനവികതയുടെ ധാര്‍മ്മിക ഉത്തരവാദിത്വമാണെന്ന് പാപ്പാ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം വ്യക്തമാക്കുന്നതും പരിസ്ഥിതി നാശം കുറയ്ക്കുന്നതിന് പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതുമായ ലൗദാത്തോ സി (സ്തുതിക്കപ്പെടട്ടെ) എന്ന ചാക്രിക ലേഖനം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏറെ സ്വാഗതം ചെയ്തിരുന്നു. വലിച്ചെറിയല്‍ സംസ്‌ക്കാം ഇല്ലാതാക്കിയാല്‍ തന്നെ ലോകം നേരിടുന്ന ദാരിദ്ര്യത്തെയും വിശപ്പിനെയും ഇല്ലാതാക്കാനാവുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

എൺപതാമത്തെ പിറന്നാളിന് മാർപ്പാപ്പയ്ക്ക് സമ്മാന​മായി ലഭിച്ച കേക്ക്

ചരിത്ര നടപടികള്‍
2015-ല്‍ കരുണയുടെ വര്‍ഷം എന്ന പേരില്‍ ഒരു അസാധാരണ ജൂബിലിക്ക് തുടക്കം കുറിച്ച ഫ്രാന്‍സിസ് പാപ്പ - കുടുംബം, യുവജനങ്ങള്‍, ആമസോണ്‍, സിനഡാലിറ്റി എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി നാല് സുന്നഹദോസുകളും സംഘടിപ്പിച്ചിട്ടുണ്ട്.

കര്‍ദ്ദിനാള്‍ കോളജിലെ നിലവിലെ 233 കര്‍ദിനാള്‍മാരില്‍ 111 പേരെ ഫ്രാന്‍സിസ് പാപ്പയാണ് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. 911 പേരെ വിശുദ്ധരായി പ്രഖ്യാപിച്ചുകൊണ്ട് ഏറ്റവും കൂടുതല്‍ പേരെ വിശുദ്ധരായി പ്രഖ്യാപിച്ച പാപ്പമാരില്‍ ഒരാളായി ഫ്രാന്‍സിസ് പാപ്പ മാറി.

2016-ല്‍ കരുണയുടെ വര്‍ഷത്തില്‍ ദരിദ്രരുടെ ആദ്യ ലോകദിനം പാപ്പാ സ്ഥാപിച്ചു. 2021-ലാണ് മുത്തശ്ശീമുത്തച്ഛന്മാര്‍ക്കും വയോധികര്‍ക്കും വേണ്ടിയുള്ള ലോകദിനവും ആരംഭിച്ചത്. അടുത്ത വര്‍ഷം മുതല്‍ കത്തോലിക്കാ സഭയിലെ ആദ്യ ശിശുദിനാഘോഷം നടത്താനും പാപ്പ ആഹ്വാനം നല്‍കി.



യാഥാസ്ഥിതികരായ പുരോഹിതരുടെ ചിന്തകള്‍ക്കതീതമായിരുന്നു പാപ്പയുടെ തീരുമാനങ്ങള്‍ അതിനാല്‍ വിമര്‍ശനങ്ങള്‍ക്കും കുറവുണ്ടായിരുന്നില്ല. എങ്കിലും തന്റെ നിലപാടുകളില്‍ നിന്ന് പാപ്പ പിന്നോക്കം പോയില്ല. ഗര്‍ഭഛിദ്രം ഗുരുതരമായ പാപമായാണ് സഭ കണക്കാക്കുന്നതെങ്കിലും അതിനു വിധേയരാകുന്ന സ്ത്രീകളുടെ മാനസിക വ്യഥ മനസിലാക്കിയ പാപ്പ അവരോട് ക്ഷമിക്കാന്‍ പുരോഹിതരോട് ആഹ്വാനം ചെയ്തതും ശ്രദ്ധേയമായി.

കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയനായ മാര്‍പാപ്പമാരിലൊരാള്‍ എന്ന നിലയ്ക്ക് ലോകമെങ്ങും സ്വീകാര്യനായ ഫ്രാന്‍സിസ് പാപ്പ സഭയ്ക്കുള്ളിലെ നവീകരണത്തിന്റെ പുതിയ അധ്യായമായി മാറി. മരിക്കുമ്പോള്‍ തന്റെ ദേഹം റോമിലെ പരിശുദ്ധ മറിയത്തിന്റെ വലിയ പള്ളിയില്‍ (മേരി മേജര്‍ ബസിലിക്ക) കബറടക്കണമെന്നും അന്ത്യകര്‍മങ്ങള്‍ ലളിതമായിരിക്കണമെന്നുമുള്ള ആഗ്രഹവും പാപ്പ കഴിഞ്ഞ ദിവസം പങ്കുവച്ചു.

അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ 2013 മാര്‍ച്ച് 13നാണു ഫ്രാന്‍സിസ് മാര്‍പാപ്പയായത്. കത്തോലിക്കാ സഭയുടെ 266ാമത്തെ മാര്‍പാപ്പ. ഇറ്റാലിയന്‍ റെയില്‍വേ ജീവനക്കാരന്റെ അഞ്ചു മക്കളില്‍ ഒരാളായി 1936 ഡിസംബര്‍ 17ന് ബ്യൂനസ് ഐറിസിലാണു പാപ്പ ജനിച്ചത്. 1969 ഡിസംബര്‍ 13ന് ജെസ്യൂട്ട് വൈദികനായി തുടക്കം. 1998ല്‍ ബ്യൂനസ് ഐറിസ് ആര്‍ച്ച്ബിഷപ്പായി.

2001ല്‍ കര്‍ദിനാളായി. ആര്‍ച്ച്ബിഷപ്പായിരിക്കുമ്പോള്‍ ഔദ്യോഗിക വസതി ഒഴിവാക്കി നഗരപ്രാന്തത്തിലെ ചെറിയ അപ്പാര്‍ട്മെന്റില്‍ താമസിച്ചു. വത്തിക്കാനിലെ അപ്പസ്ത്തോലിക കൊട്ടാരമാണ് മാര്‍പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഇന്ന് ജീവിക്കുന്നത്. എളിമ, ലാളിത്യം എന്നീ പ്രവൃത്തികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെയാണ് നമുക്ക് കാണിച്ചു തരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.