ന്യൂഡല്‍ഹി: പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയെപ്പറ്റി പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ്. ചര്‍ച്ചകളില്‍ നിന്ന് പ്രധാനമന്ത്രി ഒളിച്ചോടുകയാണെന്നും ചര്‍ച്ച നടന്നാല്‍ പ്രതിഷേധക്കാര്‍ക്ക് ലോക്സഭയിലേക്ക് പ്രവേശനമൊരുക്കിയ ബിജെപി എംപിയെപ്പറ്റി ചോദ്യമുയരും എന്നതുകൊണ്ടാണ് ഈ ഒളിച്ചോട്ടമെന്നും കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു.
സംഭവത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയാണ് ഇന്ത്യ മുന്നണി ആവശ്യപ്പെടുന്നതെന്നും പ്രസ്താവന വരും വരെ ഇന്ത്യ മുന്നണി അത് ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുമെന്നും ജയറാം രമേശ് എക്സില്‍ കുറിച്ചു.
ഡിസംബര്‍ 13ന് ലോക്സഭയില്‍ നടന്ന അസാധാരണ സംഭവങ്ങളെ കുറിച്ച് പ്രധാനമന്ത്രി മൗനം വെടിഞ്ഞു. ചര്‍ച്ചയല്ല അന്വേഷണമാണ് ആവശ്യമെന്നും അത്തരമൊരു അന്വേഷണമാണ് നടക്കുന്നതെന്നും അദേഹം പറയുന്നു. ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത് ഡിസംബര്‍ 13 ന് എന്താണ് സംഭവിച്ചതെന്നും അത് കൃത്യമായി എങ്ങനെ സംഭവിച്ചെന്നുമുള്ള ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയാണ്. പ്രധാനമന്ത്രി ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്നത് ഒരു ലളിതമായ കാരണത്താലാണ്. ഡിസംബര്‍ 13 ന് അക്രമികള്‍ ലോക്സഭയിലേക്ക് പ്രവേശിച്ചതില്‍ മൈസൂരു ബിജെപി എംപി പ്രതാപ് സിംഹയുടെ പങ്കിനെ കുറിച്ച് ചര്‍ച്ചയില്‍ ചോദ്യങ്ങള്‍ ഉയരും എന്നാണ് ജയറാം രമേശ് എക്സില്‍ കുറിച്ചത്.
ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയെപ്പറ്റി ആദ്യമായി പ്രതികരിച്ചത്. സുരക്ഷാ വീഴ്ചയുടെ ഗൗരവം സര്‍ക്കാര്‍ മനസിലാക്കുന്നുണ്ടെന്നും സംഭവം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രതിപക്ഷം ഇതേപ്പറ്റി വാദ പ്രതിവാദങ്ങള്‍ക്ക് നില്‍ക്കരുതെന്നും അഭിമുഖത്തില്‍ പ്രധാനമന്ത്രി പ്രത്യേകം പറഞ്ഞിരുന്നു. സുരക്ഷാ ലംഘനത്തെ വേദനാ ജനകവും ആശങ്കാ ജനകവുമെന്ന് വിശേഷിപ്പിച്ച മോഡി സംഭവത്തില്‍ കൂട്ടായ പരിശ്രമത്തോടെ പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും വ്യക്തമാക്കിയിരുന്നു.
അന്വേഷണ ഏജന്‍സികള്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. ഇതിന് പിന്നിലുള്ള ആളുകളുടെ വേരുകളും അവരുടെ ഉദേശങ്ങളും കണ്ടെത്തേണ്ടത് പ്രധാനമാണ്. സ്പീക്കറും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പിന്നിലുള്ളത് ആരൊക്കെയാണെന്നും അവരുടെ ലക്ഷ്യങ്ങള്‍ എന്താണെന്നും കണ്ടെത്തേണ്ടതും പ്രധാനമാണ്. അതിനാല്‍ വിശദമായ അന്വേഷണം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.