കെയ്ന്‍സ്: ജാസ്പര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും പ്രളയത്തിലും ചുറ്റപ്പെട്ട് കെയ്ന്‍സ് നഗരം. കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രളയമാണ് കെയ്ന്‍സ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്.
തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ തങ്ങളുടെ രക്ഷാപ്രവര്‍ത്തകര്‍ മടുത്തുവെന്നും അടിയന്തിരാവസ്ഥ നേരിടാന്‍ സൈനിക നടപടി വേണമെന്നും കെയ്ന്‍സിലെ റീജണല്‍ കൗണ്‍സില്‍ മേയര്‍ ടെറി ജെയിംസ് ആവശ്യപ്പെട്ടു. തോരാതെ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് പ്രളയം വര്‍ധിച്ചു വരികയാണ്.
നാലു വശത്തേക്കുമുള്ള റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ കെയ്ന്‍സ് ഒരു ദ്വീപു പോലെ ഒറ്റപ്പെട്ടിരിക്കുകയാണ്. പ്രളയത്തില്‍ മുങ്ങിയ മച്ചാന്‍സ് ബീച്ച്, ഹോളോവെയ്‌സ് ബീച്ച്, ട്രിനിറ്റി പാര്‍ക്ക്, യോര്‍ക്കീസ് നോബ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചു രക്ഷപെടുത്തി.
നൂറുകണക്കിന് വീടുകള്‍ വെള്ളത്തില്‍ മുങ്ങി. ഇനിയും എത്ര പേര്‍ എവിടെയൊക്കെ വെള്ളത്തില്‍ കുടുങ്ങി കിടപ്പുണ്ടെന്ന് അറിവില്ല. ആളുകളെ രക്ഷപെടുത്തുന്നതിന് വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു വരികയാണ് സുരക്ഷാ സേനയും സന്നദ്ധപ്രവര്‍ത്തകരും. എല്ലാവരും അവശരാണെന്നും സൈനിക സഹായം അടിയന്തിരമായി വേണമെന്നും ടെറി ജെയിംസ് ആവര്‍ത്തിച്ചു.
സൈനിക നടപടി അത്യന്താപേക്ഷിതമാണെന്ന് ഡഗ്‌ളസ് മേയര്‍ മൈക്കിള്‍ കേറും ആവശ്യപ്പെട്ടു. ജാസ്പര്‍ ചുഴലിക്കാറ്റിന്റെ വരവ് മുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തനത്തിലാണ്. എല്ലാവരും തികച്ചും ക്ഷീണിതരാണ്. അതുകൊണ്ട് തന്നെ ഇനിയും അവര്‍ക്ക് ഏറെ മുന്നോട്ടു പോവാനാവില്ലെന്നും ഈ അടിയന്തിര സാഹചര്യത്തെ മറികടക്കാന്‍ കൂടുതല്‍ സഹായം ആവശ്യമുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
1915ല്‍ നദികളുടെ ജലനിരപ്പ് അളക്കാന്‍ തുടങ്ങിയതിന് ശേഷം ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന നിലയിലാണ് എല്ലാ നദികളിലെയും ജലനിരപ്പ്.
1977ലുണ്ടായ മഹാപ്രളയത്തേക്കാള്‍ 40 ശതമാനം അധികം മഴയാണ് ഇക്കുറി മൈയോള പ്രദേശത്ത് ലഭിച്ചിരിക്കുന്നതെന്ന് ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയിലെ ജിയോ-ഹൈഡ്രോളജിസ്റ്റ് പ്രൊഫസറായ ജോനാഥന്‍ നോട്ട് ചൂണ്ടിക്കാട്ടി. മൈയോള പ്രദേശത്ത് ലഭിച്ചിരിക്കുന്ന കനത്ത മഴയാണ് കെയ്ന്‍സിനെ പ്രളയത്തില്‍ മുക്കിയിരിക്കുന്നത്.
കെയ്ന്‍സ് ഇതുവരെ നേരിട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പ്രളയമാണ് നിലവിലേതെന്നും മറ്റ് പ്രളയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ പ്രളയം വളരേയേറെ വലുതാണെന്നും നോട്ട് കൂട്ടിച്ചേര്‍ത്തു. അധികാരികളുടെയും കാലാവസ്ഥ പ്രവര്‍ത്തകരുടെയും സകല കണക്കുകൂട്ടലുകളും തെറ്റിക്കുന്ന മഴയാണ് നിലവില്‍ മൈയോളയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ 48 മണിക്കൂറില്‍ മാത്രം ഒരു മീറ്ററിലധികം മഴ മൈയോളയില്‍ ലഭിച്ചപ്പോള്‍ സമീപത്തുള്ള ബ്ലാക്ക് മൗണ്ടനില്‍ 933 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ പെയ്യുന്ന കനത്ത മഴമൂലം ബാരണ്‍ നദിയിലെയും മറ്റ് പോഷക നദികളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു കൊണ്ടിരിക്കുന്നു.
ഞായറാഴ്ച മാത്രം 500 മില്ലിമീറ്ററിലധികം മഴയാണ് പെയ്തത്. ഇതോടെ കെയ്ന്‍സ് വിമാനത്താവളവും വെള്ളത്തിനടിയിലായി. 1977ല്‍ രേഖപ്പെടുത്തിയ 3.8 മീറ്ററിനേക്കാള്‍ ഉയര്‍ന്ന് നിലവില്‍ 4.1 മീറ്റര്‍ ജലനിരപ്പാണ് ബാരണ്‍ നദിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കെയ്ന്‍സ് വിമാനത്താവളത്തിലെ റണ്‍വേയെല്ലാം പ്രളയത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് വിമാനത്താവളം പൂര്‍ണമായി അടച്ചു. 20 വിമാനങ്ങള്‍ റദ്ദാക്കിയതായി കെയ്ന്‍സ് വിമാനത്താവളത്തിന്റെ സിഇഒ റിച്ചാര്‍ഡ് ബാര്‍ക്കര്‍ അറിയിച്ചു. വിമാനത്താവളം നിലവില്‍ അടച്ചിരിക്കുകയാണ്. നിലവില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വിമാനത്താവളം കുറച്ചുദിവസം കൂടെ അടച്ചിട്ടേക്കും.
ടൗണ്‍സ് വില്‍ വിമാനത്താവളം തുറന്നിട്ടുണ്ട്. എന്നാല്‍ യാത്രക്കാര്‍ യാത്രതിരിക്കും മുന്‍പ് സാഹചര്യം ഉറപ്പാക്കണമെന്ന് നിര്‍ദേശമുണ്ട്.
പ്രളയം പ്രദേശവാസികളേക്കാള്‍ കൂടുതല്‍ സഞ്ചാരത്തിനെത്തിനെത്തിയവരെയാണ് കൂടുതലായി ബാധിക്കുക. നിരവധി വിദേശിയരായ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നും അവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ജാസ്പര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട പ്രദേശങ്ങളില്‍ ഇപ്പോഴും വൈദ്യുതി പുനസ്ഥാപിക്കാനായിട്ടില്ല. ഇതിനു പുറമെ കുടിവെള്ളത്തിന്റെ ലഭ്യതയും ജനങ്ങളെ വലയ്ക്കുന്നുണ്ട്. ചുഴലിക്കാറ്റ് മൂലമുണ്ടായ മഴയുടെ തോതില്‍ കാര്യമായ കുറവില്ലാത്തതിനാല്‍ തന്നെ വെള്ളം ഇറങ്ങാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26