ടുണീഷ്യ: ടൂണീഷ്യയിലെ ചരിത്രപ്രസിദ്ധമായ കയ്‌റോഗണ്‍ പട്ടണത്തിന്റെ ചുറ്റുമതിലിടിഞ്ഞ് മൂന്നു പേര്‍ മരിച്ചു. യുണെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള ചരിത്ര സ്മാരകവും ടൂണീഷ്യയിലെ ഏറ്റവും പ്രശസ്തമായ പുണ്യകേന്ദ്രവുമാണ് കയ്‌റോഗണ്‍ പട്ടണവും ഇവിടുത്തെ മോസ്‌കും.
പട്ടണത്തിന്റെ ചുറ്റുമതില്‍ പുനര്‍നിര്‍മിക്കുന്നതിനിടെ മതിലിടിഞ്ഞ് വീണാണ് അപകടം. മതിലിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. ശനിയാഴ്ചയാണ് അപകടം.
മതിലിന്റെ പുനര്‍നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന മൂന്നു പണിക്കാരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ആറു മീറ്റര്‍ ഉയരമുള്ള മതിലിന്റെ ഏകദേശം 30 മീറ്റര്‍ നീളമുള്ള ഭാഗമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴമൂലമാണ് മതില്‍ ഇടിഞ്ഞതെന്നാണ് അധികൃതരുടെ നിലപാട്. ചരിത്രപ്രാധാന്യമുള്ള പട്ടണമായ കയ്‌റോഗണ്‍ 1988ലാണ് യുണെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിക്കുന്നത്.
മൂന്നു കിലോമീറ്റര്‍ നീളമുള്ള ഭീമന്‍ ഭിത്തിയാല്‍ ചുറ്റപ്പെട്ടാണ് കയ്‌റോവന്‍ മെദിന സ്ഥിതി ചെയ്യുന്നത്. അപകട സമയത്ത് മതിലിന്റെ പുനര്‍നിര്‍മാണം നടന്നു വരികയായിരുന്നുവെന്ന് ഔദ്യോഗിക വക്താവ് മോയിസ് ട്രിയ പറഞ്ഞു.
ശനിയാഴ്ച ഒരു മില്ലിമീറ്ററിലധികം മഴ പ്രദേശത്ത് ലഭിച്ചിരുന്നു. വരുംദിവസങ്ങളില്‍ കനത്ത മഴ തുടരുമെന്നും 90 മില്ലീമീറ്റര്‍ മഴ വരെ പ്രദേശത്ത് ലഭിക്കാമെന്നുമാണ് കാലാവസ്ഥാ അധികൃതര്‍ നല്‍കുന്ന സൂചന.
എഡി 670ല്‍ പണിതീര്‍ത്ത കയ്‌റോവന്‍ വടക്കേ ആഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. വിദേശികളടക്കം നിരവധി സഞ്ചാരികള്‍ സന്ദര്‍ശനത്തിന് എത്തുന്ന വിനോദ സഞ്ചാരകേന്ദ്രം കൂടെയാണിത്.
അഗ്ലാബിദ് രാജവംശത്തിന്റെ കീഴില്‍ 19ാം നൂറ്റാണ്ടിലാണ് കയ്‌റോവന്‍ വികസിച്ചതെന്ന് യുണെസ്‌കോ സാക്ഷ്യപെടുത്തുന്നു. കോമ്പൗണ്ടിനുള്ളിലെ മുസ്ലീം പള്ളിയാണ് പ്രധാന ആകര്‍ഷണം.
പൂര്‍ണമായും മാര്‍ബിള്‍ കൊണ്ടും പുരാതന ശിലകള്‍ കൊണ്ടും നിര്‍മിതമായ തൂണുകള്‍ അടക്കം ഈ മോസ്‌കിന്റെ വാസ്തുവിദ്യ ഏവരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. ഒമ്പതാം നൂറ്റാണ്ടില്‍ പണിതീര്‍ത്ത ഗേറ്റുകളും മോസ്‌കിലുണ്ട്.
ബാബ് ടൂണിസ്, ബാബ് അല്‍-ഖൂഖ, ബാബ് അല്‍-ജലാദിന്‍, ബാബ് എല്‍-ഷുഹദ എന്നിങ്ങനെ നാലു ഗേറ്റുകളുണ്ടെന്ന് ഇഫ്‌റിഖിയ- തേര്‍ട്ടീന്‍ സെഞ്ചുറീസ് ഓഫ് ആര്‍ട്ട് ആന്‍ഡ് ആര്‍കിടെക്ചര്‍ ഇന്‍ ടൂണീഷ്യ എന്ന പുസ്തകത്തില്‍ പറയുന്നു. പുരാതന വാസ്തു കലയുടെ സമ്പന്നത വിളിച്ചോതുന്നവയാണ് ഈ ഗേറ്റുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.