ഗാസയിലെ ക്രിസ്ത്യൻ പള്ളിയിൽ വെടിവയ്പ്പ്; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു; അപലപിച്ച് മാർപാപ്പ

ഗാസയിലെ ക്രിസ്ത്യൻ പള്ളിയിൽ വെടിവയ്പ്പ്; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു; അപലപിച്ച് മാർപാപ്പ

ഗാസ: ഇസ്രയേൽ സ്‌നൈപ്പർ നടത്തിയ ആക്രമണത്തിൽ ഗാസയിലെ ഹോളി ഫാമിലി കാത്തോലിക്ക ദൈവാലയത്തിൽ രണ്ട് ക്രിസ്ത്യൻ സ്ത്രീകൾ കൊല്ലപ്പെട്ടു. ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റാണ് വിവരം പുറത്തു വിട്ടത്. ഡിസംബർ പതിനാറിന് ഉച്ചയോടെ ഇസ്രയേൽ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്) ഒരു സ്‌നൈപ്പർ ഗാസയിലെ ഹോളി ഫാമിലി ഇടവകയ്ക്കുള്ളിൽ വെച്ച് സ്ത്രീകളെ കൊലപ്പെടുത്തുകയായിരുന്നു.

യുദ്ധത്തിന്റെ തുടക്കം മുതൽ ഭൂരിഭാഗം ക്രിസ്ത്യൻ കുടുംബങ്ങളും അഭയം പ്രാപിച്ചിരുന്നത് ഹോളി ഫാമിലി ഇടവക ദൈവാലയത്തിലായിരുന്നു. നഹിദ ഖലീൽ ആന്റണും അവരുടെ മകൾ സമർ കമാൽ ആന്റണുമാണ് കൊല്ലപ്പെട്ടത്. സന്യാസാശ്രമത്തിലേക്കു നടക്കുന്നതിനിടയ്ക്കാണ് ഇരുവർക്കും വെടിയേൽക്കുന്നത്. ഒരാൾ മറ്റേയാളെ സുരക്ഷിത സ്ഥാനത്തേക്കു കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടെന്ന് അധികൃതർ അറിയിച്ചു. പള്ളി കോമ്പൗണ്ടിനുള്ളിൽ മറ്റുള്ളവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഏഴുപേർക്ക് വെടിയേറ്റു. തീവ്രവാദികളുടെ യാതൊരു സാന്നിധ്യവുമില്ലാതിരുന്നിട്ടും ദൈവാലയ പരിസരത്ത് ഒരു മുന്നറിയിപ്പുമില്ലാതെയാണ് വെടി വച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.
കൊല്ലപ്പെട്ട നഹിദ ഖലീൽ ആന്റണും മകൾ സമർ കമാൽ ആന്റണും

ഗാസയിലെ ഏക കത്തോലിക്കാ ദൈവാലയമായ ഹോളി ഫാമിലി ദൈവാലയത്തിന് നേരെ നടക്കുന്ന ആക്രമണത്തെ ഫ്രാൻസിസ് മാർപാപ്പാ അപലപിച്ചു. 'ഗാസയെക്കുറിച്ച് വളരെ ഗൗരവമേറിയതും ദുഖകരവുമായ വാർത്തകൾ ലഭിക്കുന്നു. നിരായുധരായ സാധാരണക്കാർ ബോംബുകൾക്കും വെടിവയ്പ്പിനും ഇരകളാകുന്നു. തീവ്രവാദികളില്ലാത്ത ഹോളി ഫാമിലിയുടെ ഇടവക സമുച്ചയത്തിനുള്ളിൽ പോലും ഇത് സംഭവിച്ചു.

നഹിദും സമറും വെടിയേറ്റു മരിച്ചു. മറ്റുള്ളവർ ബാത്ത്റൂമിലേക്കു പോകുമ്പോൾ വെടിയേറ്റ് വീണു. മിഷനറി ഓഫ് ചാരിറ്റി കോൺവെന്റിന് കേടുപാടുകൾ സംഭവിച്ചു. അവരുടെ ജനറേറ്റർ തകർന്നു. ഇത് തീവ്രവാദവും യുദ്ധവുമാണ്. വിശുദ്ധ ​ഗ്രന്ഥം പറയുന്നത് യുദ്ധം അവസാനിപ്പിക്കാനാണ്. നമുക്ക് സമാധാനത്തിനായി പ്രാർത്ഥിക്കാം' - പാപ്പാ പറഞ്ഞു.

ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിന്റെ പ്രസ്താവനയിൽനിന്നാണ് അമ്മയുടെയും മകളുടെയും മരണത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നത്. മിഷനറി ഓഫ് ചാരിറ്റി കോൺവെന്റിൽ, അംഗവൈകല്യമുള്ള 54 -ലധികം പേർ താമസിക്കുന്ന സ്ഥാപനം ഇപ്പോൾ വാസയോഗ്യമല്ലാതായിരിക്കുകയാണ്. വികലാംഗരായ 54 പേർ നിലവിൽ പലായനം ചെയ്യപ്പെട്ടു. അവരിൽ ചിലർക്ക് അതിജീവിക്കാനാവശ്യമായ ശ്വസനോപകരണങ്ങൾ ഇപ്പോഴും ലഭ്യമായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.