വാഷിംഗ്ടണ്‍: ഏകദേശം എട്ട് മാസം മുന്‍പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് കാണാതായ തക്കാളി കണ്ടെത്തി. തക്കാളിയുടെ ചിത്രം നാസ പുറത്തുവിട്ടു. ബഹിരാകാശ നിലയത്തില്‍ വളര്‍ത്തിയെടുത്ത് സിപ് ലോക് കവറുകളില്‍ സൂക്ഷിച്ചിരുന്ന തക്കാളിയുടെ ആദ്യ ഫലമാണ് കാണാതെ പോയിരുന്നത്. റെഡ് റോബിന്‍ ഇനത്തിലുള്ള തക്കാളിയാണ് നട്ടുവളര്‍ത്തിയിരുന്നത്.
ഉപയോഗ്യ ശൂന്യമായ അവസ്ഥയില്‍ സിപ് ലോക് ചെയ്ത കവറില്‍ ഇരിക്കുന്ന നിലയിലാണ് ഇവ കണ്ടെത്തിയത്. തക്കാളി കണ്ടെത്തിയ വിവരം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു ബഹിരാകാശ സഞ്ചാരിയായ ജാസ്മിന്‍ മൊഗ്‌ബെലി വിശദമാക്കിയെങ്കിലും കളഞ്ഞു കിട്ടിയ തക്കാളിയുടെ ചിത്രങ്ങള്‍ പുറത്ത് വരുന്നത് ഇപ്പോഴാണ്.
അമേരികന്‍ ബഹിരാകാശ സഞ്ചാരി ഫ്രാങ്ക് റൂബിയോയാണ് മാര്‍ച്ച് മാസത്തില്‍ ബഹിരാകാശ നിലയത്തില്‍ തക്കാളി ചെടി വളര്‍ത്തിയത്. ഭാവിയില്‍ ദീര്‍ഘകാല ദൗത്യങ്ങള്‍ക്കായി ബഹിരാകാശത്ത് തന്നെ പച്ചക്കറികളും മറ്റും വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി ആയിരുന്നു ഈ തക്കാളി വളര്‍ത്തല്‍ പരീക്ഷണം. ഈ തക്കാളി വിളവെടുപ്പിന്റെ ദൃശ്യങ്ങള്‍ നാസയുടെ ഗവേഷക വിഭാഗം പുറത്ത് വിട്ടിരുന്നെങ്കിലും അന്ന് വിളവെടുത്ത് സൂക്ഷിച്ച തക്കാളി കാണാതാവുകയായിരുന്നു.
തക്കാളിയ്ക്കായി ഒരു ദിവസത്തോളം നീണ്ട തിരച്ചില്‍ നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടെ ഫ്രാങ്ക് റൂബിയോ അവ നഷ്ടമായതായി ഉറപ്പിച്ചിരുന്നു. ആറ് കിടപ്പ് മുറികളുടെ വലുപ്പമുള്ള ബഹിരാകാശ നിലയത്തില്‍നിന്ന് കാണാതായ തക്കാളിയെ അബദ്ധത്തില്‍ ചവറ്റുകൂനയിലെത്തിയിരിക്കാമെന്നും ഉണങ്ങിപോയിരിക്കാമെന്നും തിരികെ ഭൂമിയിലേക്ക് മടങ്ങും മുന്‍പ് റൂബിയോ വിശദമാക്കിയത്.
എന്നാല്‍ അപ്പോഴും ശുഭാപ്തി വിശ്വാസം കൈ വിടാതെ, എപ്പോഴെങ്കിലും ആരെങ്കിലും അത് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒരു സിപ് ലോക് ബാഗില്‍ കുറച്ച് ചുരുട്ടിപ്പോയ സാധനങ്ങള്‍, ഞാന്‍ ബഹിരാകാശത്ത് വച്ച് തക്കാളി കഴിച്ചിട്ടില്ലെന്ന് അവര്‍ക്ക് തെളിയിക്കാന്‍ കഴിയുമെന്നും റൂബിയോ ഒക്ടോബറില്‍ പ്രതികരിച്ചിരുന്നു.
അതേസമയം, റൂബിയോ തന്നെ ഓര്‍ക്കാതെ തക്കാളി കഴിച്ചിരിക്കാമെന്ന സംശയത്തിലായിരുന്നു മറ്റ് ചില ബഹിരാകാശ സഞ്ചാരികളുണ്ടായിരുന്നത്. അങ്ങനെ ഏറെ നാള്‍ ഒരു നിഗൂഡതയായി തുടര്‍ന്ന തക്കാളികള്‍ എട്ട് മാസത്തിന് ശേഷമാണ് കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.