സമാധാനത്തിന്റെ ക്രിസ്മസ് ലോകം മുഴുവനും ഉണ്ടാകട്ടെ

സമാധാനത്തിന്റെ ക്രിസ്മസ് ലോകം മുഴുവനും ഉണ്ടാകട്ടെ

(ഏകം - ദമ്പതി ദര്‍ശനീ (ഫൗണ്ടര്‍ ആന്‍ഡ് ഡയറക്ടര്‍, കാല്‍വരി ആശ്രമം, തൃശൂര്‍)
ഫാ.പീറ്റര്‍ പഞ്ഞിക്കാരന്‍ കപ്പൂച്ചിന്‍

കൊച്ചി: നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശമായ ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ലോകത്തെ മറ്റെല്ലായിടത്തുമെന്ന പോലെ നമ്മുടെ കേരളവും ഒരുക്കത്തിലാണ്. നക്ഷത്ര വിളക്കുകളും വര്‍ണ ബള്‍ബുകളും വീടുകളിലും തെരുവുകളിലും ഒരുക്കി ആഹ്ലാദത്തിമിര്‍പ്പിലാണ് ലോകം.

ക്രിസ്മസിനെ വരവേല്‍ക്കാന്‍ വിപണികള്‍ ഒരുങ്ങി.ക്രിസ്മസിന് വെറും ഒരാഴ്ച ബാക്കി നില്‍ക്കെ നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും എല്‍ഇഡി ബള്‍ബുകളുമായി വിപണി മിന്നി തിളങ്ങുകയാണ്.

എല്‍ഇഡി ട്രീകളാണ് ഇത്തവണത്തെ വിപണിയിലെ താരം, ഇതിനുപുറമെ, ഡെക്കറേഷന്‍ സാധനങ്ങളും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പുതുമയോടെയാണ് എത്തിയിട്ടുള്ളത്. ഡിസൈനോടുകൂടിയുള്ള ക്രിസ്മസ് തൊപ്പികള്‍, നക്ഷത്ര കണ്ണടകള്‍ എന്നിവയും വിപണിയിലുണ്ട്.

യുദ്ധം പിച്ചിച്ചീന്തിയിരിക്കുന്ന ഉക്രൈയിനില്‍ തിരുപ്പിറിവിയിലേക്കുള്ള പ്രയാണം തീര്‍ച്ചയായും ഉണ്ടാകുമെന്ന് അവിടെയുള്ള ഫ്രാന്‍സിസ്‌ക്കന്‍ പ്രൊവിന്‍ഷ്യാള്‍ ബെനെഡിക്ട് സ്വിദേര്‍സ്‌കി പറയുന്നു.അതേ സമയം ഇസ്രായേല്‍-ഹമാസ് യുദ്ധത്തെത്തുടര്‍ന്ന് യേശുവിന്റെ ജന്മസ്ഥലത്തെ ജനങ്ങള്‍ ആഘോഷങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് തിരുപ്പിറവി സ്‌ക്വയറിന് മുകളില്‍ ഉത്സവ വിളക്കുകളും ആചാരപരമായ ക്രിസ്മസ് ട്രീയും ഒന്നും ഇല്ലാതെ തികച്ചും നിശബ്ദമായ ക്രിസ്മസിനായി ബെത്ലഹേം ഒരുങ്ങുകയാണ്.

കാര്‍ഡുകള്‍ വില്‍ക്കുന്ന കടകളില്‍ ഉണ്ണീശോയ്ക്കും തിരുകുടുംബത്തിനും വിലയിടിഞ്ഞിട്ട് വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു. നഗ്ന ചിത്രങ്ങളും അര്‍ധനഗ്ന ചിത്രങ്ങളും അശുദ്ധ വചനങ്ങളും മുദ്രചെയ്ത കാര്‍ഡുകളും ക്രിസ്മസ് കാര്‍ഡുകള്‍ തന്നെ. പ്രേമിക്കുന്നവര്‍ക്കും കാമിക്കുന്നവര്‍ക്കും വികാരം പങ്കിടാനും കാര്‍ഡുകളുണ്ട്. ഉണ്ണി യേശുവിന്റെ കാര്‍ഡുകള്‍ക്കിപ്പോള്‍ വിലയുമില്ല ഭംഗിയുമില്ല.

രക്ഷകന്റെ പുല്‍ക്കുടിലിലേക്ക് കടന്നുചെല്ലുവാന്‍ മനസില്ലാതെ, ഹേറോദേസിന്റെ അരമനയ്ക്കു ചുറ്റും കണ്ണുനീര് മാത്രം നല്‍കുന്ന സന്തോഷങ്ങളുടെ ലഹരിയില്‍ ആണോ നാമെന്ന് ചിന്തിക്കണം. ഇന്ന് നാം മനുഷ്യരെ സ്‌നേഹിക്കുകയും വസ്തുക്കളെ ഉപയോഗിക്കുകയുമാണു ചെയ്യേണ്ടത്. അതിന്
പകരമായി മനുഷ്യരെ ഉപയോഗിക്കുകയും വസ്തുക്കളെ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരവസ്ഥയിലേക്ക് ഇന്നത്തെ ലോകം എത്തിച്ചേര്‍ന്നിട്ടില്ലേയെന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു.

ഭീകരവാദം വളര്‍ത്തുകയും സമാധാനം കെടുത്തുകയും കലാപം വളര്‍ത്തുകയും ചെയ്യുന്ന ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. അക്രമത്തിന്റെയും മതഭ്രാന്തിന്റെയും നിഴല്‍പ്പാടുകള്‍ പരക്കുന്നത് വ്യക്തികളുടെയും സമൂഹങ്ങളുടെയും പകയും സ്വാര്‍ത്ഥതയും മൂലമാണ്. ഭീകരതയും അക്രമവും വെടിഞ്ഞ് പൊറുക്കാനും ക്ഷമിക്കാനും തയ്യാറായി ഒരുമയിലും സഹിഷ്ണുതയിലും കഴിയുമ്പോള്‍ ക്രിസ്തുവിന്റെ സമാധാനം ലോകത്ത് സംജാതമാവും തീര്‍ച്ച. മെറി ക്രിസ്മസ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26