യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി; തലസ്ഥാനം യുദ്ധക്കളമായി, കോണ്‍ഗ്രസ് മാര്‍ച്ചിലും സംഘര്‍ഷം

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി; തലസ്ഥാനം യുദ്ധക്കളമായി, കോണ്‍ഗ്രസ് മാര്‍ച്ചിലും സംഘര്‍ഷം

തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം.

ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞു പോകാതിരുന്ന പ്രതിഷേധക്കാര്‍ പോലീസിനു നേരെ ചെരിപ്പേറും കല്ലേറും നടത്തി. നവകേരള സദസിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു.

'വിജയന്‍ മുഖ്യഗുണ്ടയോ മുഖ്യമന്ത്രിയോ' എന്നെഴുതിയ ബാനറുമായി പ്രസ് ക്ലബ് പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. അതിനിടെ പൊലീസ് വാഹനം തല്ലിത്തകര്‍ത്തെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, എം.എല്‍എമാരായ ഷാഫി പറമ്പില്‍, എം.വിന്‍സെന്റ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി എന്നിവരടക്കമുള്ള നേതാക്കളെത്തി മോചിപ്പിച്ചു കൊണ്ടുപോയി.

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും പരക്കെ സംഘര്‍ഷമുണ്ടായി . സംസ്ഥാനത്തെ 564 പൊലീസ് സ്റ്റേഷനുകളിലേക്കായിരുന്നു മാര്‍ച്ച്. വിവിധ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.

കൊച്ചിയില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ പൊലീസിന്റെ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. ഇതിനെ ചെറുത്ത പൊലീസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചത്.

കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്. മലപ്പുറം വണ്ടൂരിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. വയനാട്ടിലും പാലക്കാട്ടും അടക്കം പല സ്ഥലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.