കടുത്ത നിയന്ത്രണങ്ങളുമായി ഫ്രാന്‍സില്‍ കുടിയേറ്റ ബില്‍ പാസായി; ജയില്‍ശിക്ഷ അനുഭവിച്ചവരെ പുറത്താക്കും; ബന്ധുക്കളെ കൊണ്ടുവരാനാകില്ല

കടുത്ത നിയന്ത്രണങ്ങളുമായി ഫ്രാന്‍സില്‍ കുടിയേറ്റ ബില്‍ പാസായി; ജയില്‍ശിക്ഷ അനുഭവിച്ചവരെ പുറത്താക്കും; ബന്ധുക്കളെ കൊണ്ടുവരാനാകില്ല

പാരീസ്: ഫ്രാന്‍സില്‍ കുടിയേറ്റത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന വിവാദ ബില്‍ വലിയ വാഗ്വാദങ്ങള്‍ക്കൊടുവില്‍ ഫ്രഞ്ച് പാര്‍ലമെന്റ് പാസാക്കി. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പിന്തുണയോടെ ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മാനിനാണ് ബില്‍ കൊണ്ടുവന്നത്. മരീന്‍ ലെ പെന്നിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയുടെ പിന്തുണയോടെയാണ് ബില്‍ പാസായത്. അതേസമയം ബില്ലിനെച്ചൊല്ലി സ്വന്തം പാര്‍ട്ടിയില്‍ വലിയ കലാപമാണ് ഇമ്മാനുവല്‍ മാക്രോണിന് നേരിടേണ്ടി വന്നത്.

പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി എതിര്‍ത്തിരുന്നു. എന്നാല്‍ അധോസഭയിലെ അംഗങ്ങളുടെ പിന്തുണയോടെയാണ് ബില്‍ പാസായത്. മാക്രോണിന്റെ മധ്യപക്ഷ സഖ്യവും യാഥാസ്ഥിതിക നിലപാടുള്ള നിയമനിര്‍മ്മാതാക്കളും ബില്ലിനെ പിന്തുണച്ചു.

അഞ്ചു വര്‍ഷത്തിലധികം ജയില്‍ശിക്ഷ അനുഭവിച്ച കുടിയേറ്റക്കാരെ ഫ്രാന്‍സില്‍നിന്നു പുറത്താക്കാന്‍ ബില്‍ അനുവദിക്കുന്നു. അതോടൊപ്പം അനധികൃത കുടിയേറ്റക്കാര്‍ക്കു ബന്ധുക്കളെ ഫ്രാന്‍സിലേക്കു കൊണ്ടുവരുന്നത് എളുപ്പമുള്ള കാര്യമല്ലാതാവുകയും ചെയ്യും. ബില്ലിലെ വ്യവസ്ഥകള്‍ വളരെ കര്‍ശനമെന്നു പറഞ്ഞാണ് ഇടതുപക്ഷം എതിര്‍ത്തത്. അതേസമയം ബില്ലിനു കടുപ്പം പോരെന്നാണ് വലതുപക്ഷത്തിന്റെ വിമര്‍ശനം.

നിയമനിര്‍മ്മാണം വലതുപക്ഷത്തിന് കൂടുതല്‍ സ്വീകാര്യമാക്കാന്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്ന നിരവധി ഭേദഗതികളാണ് ബില്ലില്‍ വരുത്തിയത്. ഇതേതുടര്‍ന്ന് തീവ്ര വലതുപക്ഷത്തിന്റെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങുകയാണെന്ന് ഇടതുപക്ഷം ആരോപിച്ചു.

ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം തൊഴിലാളികളില്ലാത്ത മേഖലകളില്‍ ജോലി ചെയ്യുന്ന കുടിയേറ്റക്കാര്‍ക്ക് താമസാനുമതി ലഭിക്കുന്നത് എളുപ്പമാകുന്നതിനൊപ്പം അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതും എളുപ്പമാകും.

2022ലെ തെരഞ്ഞെടുപ്പില്‍ മാക്രോണിന്റെ റിനയ്‌സെന്‍സ് പാര്‍ട്ടിക്കു ഭൂരിപക്ഷം നഷ്ടമായിരുന്നു. ഇതുമൂലം പാര്‍ലമെന്റില്‍ വലിയ പ്രതിസന്ധിയാണു സര്‍ക്കാര്‍ നേരിടുന്നത്. സ്വന്തം പാര്‍ട്ടിക്കുള്ളിലെ വലിയ ആഭ്യന്തര കലഹത്തിനൊടുവിലാണ് ബില്‍ പാസായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.