അമേരിക്കയില്‍ വീടിനു തീപിടിച്ച് നാല് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചു കുട്ടികള്‍ വെന്തുമരിച്ചു; സംഭവം പിതാവ് ഷോപ്പിങ്ങിനു പോയപ്പോള്‍

അമേരിക്കയില്‍ വീടിനു തീപിടിച്ച് നാല് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചു കുട്ടികള്‍ വെന്തുമരിച്ചു; സംഭവം പിതാവ് ഷോപ്പിങ്ങിനു പോയപ്പോള്‍

അരിസോണ: അമേരിക്കന്‍ സംസ്ഥാനമായ അരിസോണയില്‍ വീടിന് തീപിടിച്ച് അഞ്ചു കുട്ടികള്‍ വെന്തുമരിച്ചു. സഹോദരങ്ങളായ നാല് കുഞ്ഞുങ്ങളും ബന്ധുവായ കുട്ടിയുമാണ് മരിച്ചത്. മരിച്ച നാലു കുട്ടികളുടെയും പിതാവ് ക്രിസ്മസ് ആഘോഷത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ പുറത്തു പോയ സമയത്താണ് തീപിടിത്തം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.

ലാസ് വെഗാസില്‍ നിന്ന് 100 മൈല്‍ (160 കിലോമീറ്റര്‍) അകലെ ബുള്‍ഹെഡ് സിറ്റിയിലാണ് തീപിടിത്തമുണ്ടായത്. 2, 4, 5, 13 വയസുള്ള നാല് കുട്ടികളും 11 വയസുള്ള ബന്ധുവായ കുട്ടിയുമാണ് മരിച്ചത്. സംഭവസമയം കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഇരുനില വീടിന് തീപിടിച്ചതോടെ വീട്ടിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന് പൊലീസ് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.

പലചരക്ക് സാധനങ്ങളും ക്രിസ്മസ് സമ്മാനങ്ങളും വാങ്ങാന്‍ താന്‍ പുറത്തു പോയിരുന്നതായി കുട്ടികളുടെ പിതാവ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ബുള്‍ഹെഡ് സിറ്റി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

മരിച്ച അഞ്ച് പേരെയും മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ താഴത്തെ നിലയിലെ പ്രവേശന കവാടത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കണ്ടെത്തി. ഇതുകാരണം മുകളിലെ നിലയിലെ കിടപ്പുമുറിയിലായിരുന്ന കുട്ടികള്‍ക്ക് സുരക്ഷിതമായി പുറത്തുകടക്കാന്‍ കഴിഞ്ഞില്ലെന്നും അധികൃതര്‍ പറഞ്ഞു.

വീടിന്റെ ഗോവണിപ്പടിയിലേക്ക് തീ ആളിപ്പടര്‍ന്നതാണ് കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയാത്തതിന് കാരണമായത്. തീ അണയ്ക്കാനുള്ള ശ്രമത്തില്‍ അയല്‍ക്കാര്‍ ഓടിയെത്തിയെന്നും വീടിനുള്ളില്‍ ആരും ഉണ്ടായിരുന്നതായി അയല്‍വാസികള്‍ അറിഞ്ഞിരുന്നില്ലെന്നും സാക്ഷികളിലൊരാള്‍ പറഞ്ഞു. സംഭവം പ്രദേശവാസികളില്‍ വലിയ നടുക്കം സൃഷ്ടിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.