തിരുവനന്തപുരം: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. തിരുവനന്തപുരവും തൃശൂരുമാണ് പാര്‍ട്ടി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങള്‍.
ജനുവരി ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡി തൃശൂരില്‍ എത്തുന്നതോടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമാകും. ഒരോ മണ്ഡലങ്ങളുടെയും ചുമതല പ്രമുഖ നേതാക്കള്‍ക്ക് തന്നെ നേരിട്ട് നല്‍കിയാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം. തിരുവനന്തപുരത്തും തൃശൂരും അമിത് ഷാ നേരിട്ടാണ് ചുമതല വഹിക്കുന്നത്.
എന്നാല്‍ സംസ്ഥാനത്ത് ഇത്തവണയും ബിജെപി ഒരു സീറ്റിലും വിജയിക്കില്ലെന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടി നേതൃത്വത്തെ വലിയ ആശങ്കയിലാക്കുന്നുമുണ്ട്. കേന്ദ്ര മന്ത്രിമാരെ അടക്കം മത്സരിപ്പിച്ച് ഒരു സീറ്റെങ്കിലും നേടാന്‍ സാധിക്കുമോയെന്നാണ് ബി ജെപി നോക്കുന്നത്.
എന്നാല്‍ ബിജെപി നേതൃത്വവും ചില മാധ്യമളും ചേര്‍ന്ന് നടത്തിയ സര്‍വേകളില്‍ കേരളത്തിലെ 20 സീറ്റില്‍ ഒന്നില്‍ പോലും പാര്‍ട്ടിക്ക് ഇക്കുറിയും വിജയ സാധ്യത ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
തിരുവനന്തപുരത്ത് ശശി തരൂര്‍ ഇത്തവണയും മത്സരരംഗത്തുണ്ടാവും എന്ന് ഏതാണ്ടുറപ്പാണ്. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തേക്കാള്‍ ബിജെപി വിജയ സാധ്യത കാണുന്നത് തൃശൂര്‍ മണ്ഡലത്തിലാണ്. സുരേഷ് ഗോപിക്ക് മികച്ച സാധ്യതയാണ് ഉള്ളതെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ സുരേഷ് ഗോപിക്ക് അനുകൂല സാഹചര്യമുണ്ടായാല്‍ ബിജെപിയില്‍ നിന്നു തന്നെ കാലുവാരല്‍ ഉണ്ടാകുമോ എന്ന സംശയം കേന്ദ്ര നേതൃത്വത്തിനുണ്ട്. മാത്രമല്ല, ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ എല്‍ഡിഎഫും യുഡിഎഫും ഒറ്റക്കെട്ടാകുമോയെന്ന ഭീതിയും നേതാക്കള്‍ക്കുണ്ട്.
സംസ്ഥാന നേതൃത്വത്തിന്റെ പാളിച്ചകള്‍ക്ക് പുറമെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ കഴിയാത്തതുമാണ് കേരളത്തില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇതുവരെ സ്വാധീനമുണ്ടാക്കാനാകാത്തതാണ് പരാജയത്തിന്റെ മറ്റൊരു പ്രധാന കാരണം.
മുസ്ലിം സമുദായം ഇതുവരെ ബിജെപിയെ വിശ്വാസത്തിലെടുത്തിട്ടില്ല. ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ചെറിയ ചലനം ഉണ്ടായെങ്കിലും മണിപ്പൂര്‍ സംഘര്‍ഷം തിരിച്ചടിയാവുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.