സിഡ്‌നി: ഓസ്ട്രേലിയയിലെ റോഡുകളില്‍ 2023-ല്‍ പൊലിഞ്ഞത് 1,253 ജീവനുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്ത് ഈ വര്‍ഷം വാഹനാപകട മരണങ്ങള്‍ ആറ് ശതമാനത്തിലധികം വര്‍ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. അഞ്ചര വര്‍ഷത്തിനിടെ ഏറ്റവും വലിയ മരണസംഖ്യയാണ് ഇക്കുറി രേഖപ്പെടുത്തിയതെന്നത് ആശങ്ക ജനിപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട ഓസ്ട്രേലിയന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
2018 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ സംഭവിച്ച റോഡ് അപകടങ്ങളില്‍ 1,270 പേര്‍ കൊല്ലപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഈ വര്‍ഷമുണ്ടായത്.
ജീവനെടുക്കുന്ന റോഡ് അപകടങ്ങള്‍ വര്‍ധിക്കുമ്പോള്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗതയെയും ഓസ്ട്രേലിയന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ വിമര്‍ശിക്കുന്നു. റോഡ് വികസന പദ്ധതികളില്‍ അടുത്ത അഞ്ച് വര്‍ഷത്തെ പങ്കാളിത്തം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ രണ്ടാഴ്ച മുമ്പ് ഫെഡറല്‍, സ്റ്റേറ്റ്, ടെറിട്ടറി ഗതാഗത മന്ത്രിമാര്‍ യോഗം ചേര്‍ന്നെങ്കിലും പിന്നീട് ഇക്കാര്യത്തില്‍ പുരോഗതിയൊന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
'മാസം തോറും റോഡ് അപകടങ്ങളും മരണങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു, ഈ മാരകമായ പ്രവണതയുടെ കാരണങ്ങള്‍ തിരിച്ചറിയാനും അപകടങ്ങള്‍ കുറയ്ക്കാനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും ആവശ്യമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന് അസോസിയേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മൈക്കല്‍ ബ്രാഡ്ലി കുറ്റപ്പെടുത്തി.
'ഓസ്ട്രേലിയന്‍ റോഡുകളുടെ ഗുണനിലവാരം, റോഡ് അപകടങ്ങളുടെ കാരണങ്ങള്‍, നിയമപാലനത്തിലെ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള നിര്‍ണായക ഡാറ്റ സംസ്ഥാന സര്‍ക്കാരുകളുടെ പക്കലുണ്ടെങ്കിലും അത് പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കിടുന്നില്ല. അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യവ്യാപകമായി റോഡ് അപകടങ്ങളിലുണ്ടാകുന്ന മരണങ്ങള്‍ ആറു ശതമാനത്തിലധികം വര്‍ദ്ധിച്ചു'.
സൗത്ത് ഓസ്ട്രേലിയയിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയത്. 2022-ല്‍ 70 മരണങ്ങളാണ് സംഭവിച്ചതെങ്കില്‍ 2023-ല്‍ 113 ആയി. വിക്ടോറിയയിലെ അപകട മരണ നിരക്ക് 14.5% വര്‍ദ്ധിച്ചു, 2022-ലെ 249-ല്‍ നിന്ന് 285-ലേക്ക്.
ന്യൂ സൗത്ത് വെയില്‍സില്‍ റോഡപകട മരണങ്ങള്‍ നാലിലൊന്നായി വര്‍ധിച്ചു. മരണനിരക്ക് കഴിഞ്ഞ വര്‍ഷത്തെ 286 ല്‍ നിന്ന് ഈ വര്‍ഷം 354 ആയി ഉയര്‍ന്നു. ജൂണില്‍ ഹണ്ടര്‍ വാലിയില്‍ ഒരു കല്യാണച്ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ ബസ് അപകടത്തില്‍ 10 പേര്‍ മരിച്ചതാണ് ഏറ്റവും വലിയ അപകടം.
അതേസമയം ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയില്‍ മരണനിരക്ക് 85 ശതമാനം കുറഞ്ഞു. 2023-ല്‍ 20 പേര്‍ മരിച്ച സ്ഥാനത്ത് നിന്ന് 2023-ല്‍ മൂന്നായി കുറഞ്ഞു. ടാസ്മാനിയയിലും മരണ നിരക്ക് 44.4 ശതമാനം കുറഞ്ഞു. നോര്‍ത്തേണ്‍ ടെറിട്ടറിയിലും അപകട മരണ നിരക്ക് 45.1% കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ 51-ല്‍ നിന്ന് ഈ വര്‍ഷം 28 ആയി കുറഞ്ഞു. അതേസമയം അപകടങ്ങളില്‍ കാല്‍നടയാത്രക്കാരുടെ മരണനിരക്ക് വര്‍ധിച്ചിട്ടുണ്ട്.
സംസ്ഥാന, ടെറിട്ടറി സര്‍ക്കാരുകള്‍ ഡാറ്റ പുറത്തുവിടുന്നത് റോഡ് സുരക്ഷയ്ക്ക് മാത്രമല്ല, ഇതിനായി നീക്കിവയ്ക്കുന്ന തുകയുടെ വിനിയോഗം സംബന്ധിച്ച സുതാര്യതയ്ക്കും പ്രധാനമാണെന്ന് ബ്രാഡ്ലി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രതിവര്‍ഷം 10 ബില്യണ്‍ ഡോളര്‍ അനുവദിക്കുന്നുണ്ട്. എന്നിട്ടും മരണ നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.