റിപ്പബ്ലിക് ദിനം: മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റിനെ ക്ഷണിച്ച് ഇന്ത്യ

റിപ്പബ്ലിക് ദിനം: മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റിനെ ക്ഷണിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന ചടങ്ങിലെ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെ ക്ഷണിച്ച് ഇന്ത്യ. തിരഞ്ഞെടുപ്പ് തിരക്കുകള്‍ കാരണം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ എത്തില്ലെന്ന് അറിയിച്ചതോടെയാണ് മാക്രോണിനെ ചടങ്ങിലേക്ക് ക്ഷണിച്ചത്.

ക്ഷണം സ്വീകരിച്ച് ചടങ്ങിലെത്തിയാല്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിന പരേഡില്‍ എത്തുന്ന അഞ്ചാമത്തെ ഫ്രഞ്ച് പ്രസിഡന്റാകും മാക്രോണ്‍. 1980 ല്‍ വാലി ജിസ്ഗാര്‍ഡ്, 1998 ല്‍ ജാക്ക്സ് ഷിരാഗ്, 2008 ല്‍ നിക്കോളാസ് സര്‍ക്കോസി, 2016 ല്‍ ഫ്രാന്‍സിസ് ഹോളന്‍ഡെ എന്നിവരാണ് റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ച ഫ്രഞ്ച് പ്രസിഡന്റുമാര്‍. ജി20 ഉച്ചകോടിയുടെ ഭാഗമായി മാക്രോണ്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യയില്‍ എത്തിയിരുന്നു.

ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ സുദൃഢമായ സുഹൃദ് ബന്ധമാണുള്ളത്. ജൂലൈയില്‍ നടന്ന ഫ്രാന്‍സിന്റെ ബാസ്റ്റില്‍ ഡേ പരേഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയായിരുന്നു മുഖ്യാതിഥി. ചടങ്ങില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളും ഫ്രഞ്ച് ആര്‍മ്മിക്കൊപ്പം പരേഡ് ചെയ്തിരുന്നു.

ചടങ്ങിലേക്ക് ആദ്യം ക്ഷണിച്ചിരുന്നത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും അതിനാല്‍ സാധിക്കില്ലായെന്നും വൈറ്റ് ഹൗസില്‍ നിന്നും അറിയിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.