സിഡ്നി: ക്രിസ്മസ് ദിനങ്ങളില്‍ ഓസ്ട്രേലിയയുടെ കിഴക്കന്‍ മേഖലകളില്‍ തീവ്രതയേറിയ ഇടിമിന്നലിനും ശക്തമായ കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ബ്രിസ്‌ബെയ്ന്‍, സിഡ്‌നി, മെല്‍ബണ്‍, കാന്‍ബറ എന്നിവിടങ്ങളിലാണ് ക്രിസ്മസ് രാവ് മുതല്‍ ബോക്‌സിംഗ് ഡേ വരെ തീവ്ര കാലാവസ്ഥ പ്രവചിക്കപ്പെട്ടിട്ടുള്ളത്. അന്റാര്‍ട്ടിക്കയില്‍ നിന്നു വരുന്ന വേഗതയേറിയ ധ്രുവക്കാറ്റാണ് പ്രതികൂല കാലാവസ്ഥയ്ക്കു കാരണം.
വടക്കന്‍ ക്വീന്‍സ്ലന്‍ഡില്‍ നിന്ന് തെക്കന്‍ വിക്ടോറിയ വരെയാണ് ശക്തമായ ഇടിമിന്നല്‍ മുന്നറിയിപ്പുള്ളത്. 100 മില്ലീമീറ്ററോളം വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
ഡിസംബറിലെ ഇടിമിന്നലുകള്‍ അസാധാരണമല്ലെങ്കിലും മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇക്കുറി തീവ്രമായിരിക്കുമെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ മുതിര്‍ന്ന കാലാവസ്ഥാ നിരീക്ഷകന്‍ ആംഗസ് ഹൈന്‍സ് പറഞ്ഞു.
ഞായറാഴ്ച്ച മുതല്‍ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ 50 മില്ലിമീറ്റര്‍ മുതല്‍ 100 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഡെബ്ബി പ്ലാറ്റ്‌സ് പറഞ്ഞു. പെട്ടെന്നുള്ള മഴയ്ക്കും വെള്ളപ്പൊക്കത്തിനും കൊടുങ്കാറ്റ് മൂലമുള്ള നാശനഷ്ടങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ വീടുകളില്‍ സുരക്ഷിതമായി കഴിയണമെന്നും റിസ്‌ക് എടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനത്ത മഞ്ഞുവീഴ്ച്ചയ്ക്കും സാധ്യതയുണ്ട്.
സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബന്‍ എന്നിവിടങ്ങളില്‍ ക്രിസ്മസ് ദിനത്തില്‍ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. മെല്‍ബണില്‍ 30 മില്ലിമീറ്റര്‍ വരെ മഴയും 23-ഡിഗ്രി താപനിലയും ബ്രിസ്‌ബെയ്‌നില്‍ 20 മില്ലിമീറ്റര്‍ വരെ മഴയും (33 ഡിഗ്രി) പ്രവചിക്കപ്പെടുന്നു. സിഡ്‌നിയില്‍ ഏഴു മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നും താപനില 28 ഡിഗ്രിയില്‍ എത്തുമെന്നും പ്രവചനമുണ്ട്. കാന്‍ബറയിലും കൊടുങ്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളില്‍ അടുത്ത ബുധനാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വടക്ക്, വടക്ക്-കിഴക്കന്‍ ഭാഗങ്ങളിലാണ് കഠിനവും തീവ്രവുമായ ചൂട് പ്രവചിക്കപ്പെട്ടിട്ടുള്ളത്. കിംബര്‍ലി, പില്‍ബറ, ഗാസ്‌കോയ്ന്‍ എന്നിവിടങ്ങളില്‍ കാട്ടുതീ മുന്നറിയിപ്പുണ്ട്. പെര്‍ത്തില്‍ ക്രിസ്മസ് തലേന്ന് 36 ഡിഗ്രിയും ക്രിസ്മസ് ദിനത്തില്‍ 33 ഡിഗ്രിയുമാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.