തലയോലപ്പറമ്പ്: സകലജനത്തെയും രക്ഷിക്കാനുള്ളവൻ്റെ ജനനവാർത്ത ലോകത്തെ അറിയിച്ച മാലാഖമാരെയും ക്രിസ്തുമസ് രാവിൽ വേഷപ്രച്ഛന്നനായ് വന്ന് സമ്മാനങ്ങൾ നൽകുന്ന സെൻ്റ് നിക്കോളാസിനെയും അനുസ്മരിച്ചുകൊണ്ട് ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് നടന്ന ഏയ്ഞ്ചൽ സാന്താ സംഗമം നഗരത്തെ വെള്ളയും ചുവപ്പും അണിയിച്ചു.
തലയോലപ്പറമ്പ് സെൻ്റ് ജോർജ് പള്ളിയിലെ കുടുംബയോഗങ്ങളുടെ കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഏയ്ഞ്ചൽ സാന്താ സംഗമം വികാരി ഫാ.വർഗ്ഗീസ് ചെരപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പള്ളിയുടെ മുൻവശത്ത് നിന്ന് ആരംഭിച്ച സംഗമ യാത്ര ടൗൺ ചുറ്റി പള്ളിയിൽ അവസാനിച്ചു.
കുടുംബ യൂണിറ്റ് ക്രമത്തിലാണ് സംഗമ യാത്രയിൽ സാന്താമാർ പങ്കെടുത്തത്.ഏറ്റവും കൂടുതൽ സാന്താമാരെ പങ്കെടുപ്പിച്ച യുണിറ്റുകൾ സെൻ്റ് പീറ്റർ കുടുംബ യൂണിറ്റും, സെൻ്റ് തോമസ് കുടുംബ യൂണിറ്റുമാണ്. സംഗമത്തിൽ പങ്കെടുത്ത സാന്താമാരുടെ പേര് നറുക്കെടുത്തപ്പോൾ വിജയിയായത് സെൻ്റ് സേവ്യർ യൂണിറ്റിലെ ജൂവാൻ ചാണ്ടിയാണ്. വിജയികൾക്ക് പാതിരാ കുർബാനക്ക് ശേഷം സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് വികാരിയച്ചൻ അറിയിച്ചു.
സാന്താ സംഗമത്തിന് അസി.വികാരി ആൻറണി താണിപ്പള്ളി, ജോൺസൺ കൊച്ചുപറമ്പിൽ, ബേബി ജോൺ അരയത്തേൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, സോണൽ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26