അലബാമ : അമേരിക്കയിലെ അലബാമയിൽ രണ്ട് ഗർഭപാത്രങ്ങളുമായി ജനിച്ച കെൽസി ഹാച്ചർ എന്ന യുവതി ഇരട്ട പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഒരേസമയം, കെൽസിയുടെ രണ്ട് ഗർഭപാത്രങ്ങളിലും ഒരു പോലെ ഭ്രൂണം വളർന്നു. റോക്സി ലൈല എന്നുപേരിട്ട ആദ്യ കുഞ്ഞ് ചൊവ്വാഴ്ച രാത്രി 7.49നും റെബെൽ ലേക്കൻ എന്ന രണ്ടാമത്തെ പെൺ കുഞ്ഞ് ബുധനാഴ്ച രാവിലെ 6.09-നും പിറന്നുവീണു. പ്രസവത്തിൽ സങ്കീർണതകളുണ്ടാകുമെന്ന് ഡോക്ടർമാർക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും പ്രശ്നങ്ങളൊന്നുമുണ്ടായില്ല. അമ്മയും കുഞ്ഞുങ്ങളും ആശുപത്രി വിടുകയുംചെയ്തു.
'നമ്മുടെ അത്ഭുത ശിശുക്കൾ പിറന്നു!' തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടായ 'ഡബിൾഹാച്ച്‌ലിംഗ്സിൽ കെൽസി ഹാച്ചർ പോസ്റ്റ് ചെയ്തു. ഭാവിയിൽ പ്രസവം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കിടാമെന്നും ഹാച്ചർ അറിയിച്ചു. 'യൂട്രസ് ഡിഡെൽഫിസ്' അതായത് ഇരട്ട ഗർഭപാത്രമുള്ള അവസ്ഥ തനിക്കുണ്ടെന്ന് 17 വയസ്സ് മുതൽ ഹാച്ചറിന് അറിയാമായിരുന്നു. ഈ അവസ്ഥ 0.3 ശതമാനം സ്ത്രീകളിൽ മാത്രമാണ് കാണപ്പെടുന്നത്. ഇരട്ടക്കുഞ്ഞുങ്ങളെക്കൂടാതെ മറ്റു മൂന്നുമക്കൾകൂടി കെൽസിക്കുണ്ട്.
സ്കാനുകൾ പരിശോധിക്കുന്നതുവരെ ഈ കണ്ടെത്തലിൽ അവിശ്വാസത്തിലായിരുന്നെന്ന് കെൽസിയുടെ ഡോക്ടർ ശ്വേത പട്ടേൽ പറഞ്ഞു. കെൽസി മുമ്പ് മൂന്ന് തവണ പ്രസവിച്ചതുപോലെ, ഇരട്ട ഗർഭപാത്രമുള്ള സ്ത്രീകൾക്ക് ഒരു ഗർഭപാത്രത്തിൽ ഒരു കുഞ്ഞ് ഗർഭം ധരിക്കുന്നത് അസാധാരണമല്ലെങ്കിലും, രണ്ടിലും ഒരു കുഞ്ഞ് ഉണ്ടാകാനുള്ള സാധ്യത ഒരു ദശലക്ഷത്തിൽ ഒന്ന് മാത്രമാണ്. താൻ കെൽസിയെ അവരുടെ മൂന്ന് ഗർഭാവസ്ഥയിൽ പരിചരിച്ചിരുന്നുവെന്നും അവർക്ക് ഇരട്ട ഗർഭപാത്രമുണ്ടെന്ന് അറിയാമായിരുന്നുവെന്നും ഡോക്ടർ പറയുന്നു.
പക്ഷേ അന്ന് ഒരു കുട്ടിയായിരുന്നു ഉണ്ടായിരുന്നതെന്നും രണ്ട് ഗർഭപാത്രത്തിലും കുഞ്ഞുങ്ങൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടുവെന്നും ഡോക്ടർ പറഞ്ഞു. ഉയർന്ന അപകട സാധ്യത ഉള്ളതിനാൽ അധിക വൈദഗ്ദ്ധ്യം നേടിയ തന്റെ സഹപ്രവർത്തകരുടെ സഹായം ഉണ്ടായിരുന്നവെന്നും അവർ പറഞ്ഞു. ഹാച്ചറിന്റെ ഗർഭധാരണം ഉയർന്ന അപകട സാധ്യതയുള്ളതായി കണക്കാക്കുകയും 39 ആഴ്ചയിൽ പ്രവസത്തിലേക്ക് എത്തിയെന്നും പറയുന്നു. 20 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് രണ്ട് പെൺകുഞ്ഞുങ്ങൾ പിറന്നതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
രണ്ടു ഗർഭപാത്രങ്ങളിലും ഒരേസമയം ഭ്രൂണം വളരുന്നത് അഞ്ചുകോടിയിൽ ഒരാൾക്കുമാത്രം സംഭവിക്കുന്ന അപൂർവതയാണ്. ഇതിനുമുമ്പ് 2019 ൽ ബംഗ്ലാദേശിലാണ് സമാന സംഭവമുണ്ടായത്. ആരിഫ സുൽത്താന എന്ന ഇരട്ട ഗർഭപാത്രമുള്ള അമ്മ അന്ന് 26 ദിവസത്തെ വ്യത്യാസത്തിൽ ആരോഗ്യമുള്ള രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.