സിഡ്നി: ന്യൂ സൗത്ത് വെയില്‍സ് ഉള്‍പ്പെടെ ഓസ്‌ട്രേലിയയുടെ കിഴക്കന്‍ ഭാഗങ്ങളിലുണ്ടായ കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് ക്രിസ്മസ് ദിനത്തില്‍ ഈ മേഖലയിലെ വീടുകളും വാഹനങ്ങളും മഞ്ഞ് പുതച്ചു. ന്യൂ സൗത്ത് വെയില്‍സിലെ ഓറഞ്ചിലും ഗ്രെന്‍ഫെലിലുമാണ് കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ശക്തമായ മഞ്ഞുവീഴ്ച്ചയുണ്ടായത്. ഗോള്‍ഫ് ബോളുകളേക്കാള്‍ വലിയ മഞ്ഞുകട്ടകളാണ് വീടുകള്‍ക്കും കാറുകള്‍ക്കും മുകളില്‍ വന്നുപതിച്ചത്. പല വീടുകളുടെയും മേല്‍ക്കൂരയില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും കാറിന്റെ വിന്‍ഡ്സ്‌ക്രീനുകള്‍ തകരുകയും ചെയ്തു.
സാധാരണയുള്ളതിനേക്കാള്‍ അതിശൈത്യമാണ് ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലകളില്‍ ഇത്തവണ അനുഭവപ്പെടുന്നത്.
സതേണ്‍ ടേബിള്‍ലാന്‍ഡ്സ്, സൗത്ത് കോസ്റ്റ്, സ്നോവി മൗണ്ടന്‍സ്, ഹണ്ടര്‍ ഡിസ്ട്രിക്റ്റ് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച്ചയ്‌ക്കൊപ്പം ശക്തമായ മഴയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ശക്തമായ കൊടുങ്കാറ്റ് മിന്നല്‍ വെള്ളപ്പൊക്കത്തിലേക്കു നയിച്ചേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ മരങ്ങള്‍ക്കു സമീപം പാര്‍ക്ക് ചെയ്യരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
വെള്ളപ്പൊക്കത്തില്‍ സഹായം തേടി ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസിന് കഴിഞ്ഞ ദിവസം രാത്രി 25 കോളുകളാണ് ലഭിച്ചത്. 90 മില്ലിമീറ്റര്‍ മഴ ലഭിച്ചതിനെത്തുടര്‍ന്ന് സിഡ്നി എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം താളംതെറ്റി. കഴിഞ്ഞ ദിവസമുണ്ടായ കൊടുങ്കാറ്റിനെത്തുടര്‍ന്ന് തെക്ക്-കിഴക്കന്‍ ക്വീന്‍സ്‌ലന്‍ഡിലെ 1,000-ത്തിലധികം വീടുകളില്‍ വൈദ്യുതി നിലച്ചു.
ക്രിസ്തുമസ് ദിനത്തില്‍ ന്യൂ സൗത്ത് വെയില്‍സിലെ ഗ്രെന്‍ഫെല്‍ എന്ന പ്രദേശം മഞ്ഞില്‍ കുളിച്ച നിലയില്‍.
സെന്‍ട്രല്‍ വിക്ടോറിയയിലെ ഡുണോലി 142 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഈര്‍പ്പമുള്ള കാലാവസ്ഥയിലൂടെയാണ് കടന്നുപോയത്. 90.2 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്.
മെല്‍ബണ്‍ നഗരത്തിലുടനീളം ഞായറാഴ്ച വൈകുന്നേരം മുതല്‍ 15 മുതല്‍ 30 മില്ലിമീറ്റര്‍ വരെ മഴ പെയ്തു. ബോക്‌സിംഗ് ദിനമായ ഇന്നും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 1988-ലെ ക്രിസ്മസ് ദിനത്തിലാണ് നഗരത്തില്‍ ഏറ്റവും ഉയര്‍ന്ന മഴ ലഭിച്ചത് - 48.6 മില്ലീമീറ്റര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.