വത്തിക്കാന്‍ സിറ്റി: അപരിമേയനായ ദൈവം നമ്മെപ്രതി പരിമിതികളുള്ളവനായി മാറിയതാണ് ക്രിസ്മസിന്റെ അത്ഭുതം എന്ന് ഫ്രാന്‍സിസ് പാപ്പ. പിറവിത്തിരുന്നാള്‍ രാത്രിയില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ആഘോഷിച്ച വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ.
ലൂക്കായുടെ സുവിശേഷത്തില്‍ വിവരിക്കുന്ന 'ലോകമാസകലമുള്ള ജനങ്ങളുടെ കണക്കെടുപ്പ്' എന്ന ചരിത്ര സംഭവത്തിലേക്ക് ഏവരുടെയും ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. സുവിശേഷകന്‍ ഈ കണക്കെടുപ്പിന് നല്‍കുന്ന പ്രാധാന്യത്തെപ്പറ്റി പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു.
ചരിത്രത്തെ നയിക്കുന്നവന്‍
ജനസംഖ്യയുടെ കണക്കെടുപ്പു നടത്തി ചരിത്രപുരുഷന്മാര്‍ക്കൊപ്പം സ്ഥാനം പിടിക്കാനാണ് ചക്രവര്‍ത്തി അന്ന് ശ്രമിച്ചത്. എന്നാല്‍, ചരിത്രത്തെ നയിക്കുന്നവനാകട്ടെ, ശുന്യവല്‍ക്കരണത്തിന്റെ പാതയാണ് ചരിത്രത്തിലേക്ക് കടന്നുവരാനായി തെരഞ്ഞെടുത്തത്. ആരോരുമറിയാതെയാണ് ദൈവം മാനവചരിത്രത്തില്‍ ഇടം നേടിയത്. സാമൂഹത്തിന്റെ ശ്രേണിയില്‍ തരംതാണവരായി പരിഗണിക്കപ്പെട്ടിരുന്ന ഏതാനും ആട്ടിടയര്‍ക്കു മാത്രമാണ് ആ ശിശുവില്‍ അന്ന് ദൈവത്തെ കണ്ടുമുട്ടാനായത് - പാപ്പ പറഞ്ഞു.
മനുഷ്യാവതാരം മാനുഷികനേട്ടങ്ങള്‍ പോലെയല്ല
നേട്ടങ്ങള്‍ മാത്രം ലക്ഷ്യം വയ്ക്കുന്ന ഒരു ലോകത്തില്‍ അക്കങ്ങളും കണക്കുകളുമാണ് വലുത്. വിജയത്തിലെത്തുന്നതിനെ ആശ്രയിച്ചാണ്, ലൗകികമായ ശക്തിയും പ്രശസ്തിയും പ്രതാപവും അളക്കപ്പെടുന്നത്. എന്നാല്‍ ദൈവത്തിന്റെ സമീപനം തികച്ചും വ്യത്യസ്തമാണ്. നമ്മുടെ അനീതികള്‍ തുടച്ചുനീക്കാനായി, അവിടുന്ന് മുകളില്‍ നിന്നുള്ള ഒരു ശക്തിപ്രകടനമല്ല നടത്തിയത് പിന്നെയോ, താഴേയ്ക്കിറങ്ങിവന്നുകൊണ്ടുള്ള സ്‌നേഹപ്രകടനമാണ്. തന്റെ അനന്തമായ ശക്തി വെളിപ്പെടുത്തിക്കൊണ്ടല്ല അവിടുന്ന് രംഗപ്രവേശനം ചെയ്തത് മറിച്ച്, നമ്മുടെ ജീവിതത്തിന്റെ ഇടുങ്ങിയ ചുറ്റുപാടുകളിലേക്ക് താണിറങ്ങി വന്നുകൊണ്ടായിരുന്നു.
സ്വയം ചെറിയവനായവന്‍
'ആകയാല്‍, ജീവിക്കുന്ന സത്യദൈവത്തില്‍ നമ്മുടെ ദൃഷ്ടികള്‍ ഉറപ്പിക്കാം' - പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്നുകൊണ്ട് അവന്‍ ചരിത്രത്തെ മാറ്റിയെഴുതി. നമ്മുടെ പാപങ്ങള്‍ അവന്‍ സ്വന്തം ശരീരത്തില്‍ വഹിച്ചു. തന്നെ നിരസിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം നല്‍കി അവന്‍ നമ്മെ ബഹുമാനിച്ചു.
നമ്മുടെ ജീവിതങ്ങളെ ആശ്ലേഷിക്കാന്‍ ദൈവം അത്യധികമായി ആഗ്രഹിക്കുന്നു. അപരിമേയനായ അവിടുന്ന് നമ്മെപ്രതി പരിമിതികളുള്ളവനായി. അനന്തമഹിമ പ്രതാപവാനായ അവിടുന്ന്, ചെറിയവനാകാന്‍ തിരുമനസായി. തന്റെ നീതിയാല്‍, നമ്മുടെ അനീതികള്‍ക്ക് അവിടുന്ന് സ്വയം ഏല്‍പ്പിച്ചുകൊടുത്തു. ഇതാണ് ക്രിസ്തുമസിന്റെ വിസ്മയം - പാപ്പാ ചൂണ്ടിക്കാട്ടി.
വിശുദ്ധനാട്ടിലെ സംഘര്‍ഷങ്ങള്‍
യുദ്ധക്കെടുതികള്‍ മൂലം വലയുന്ന ഇസ്രായേല്‍ - പലസ്തീന്‍ മേഖലയിലെ ജനങ്ങളെ, യേശു ജനിച്ച സ്ഥലമായ ബേത്ലെഹേമിലെ ജനങ്ങളെ, പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തില്‍ അനുസ്മരിച്ചു. 'ഈ രാത്രിയില്‍ നമ്മുടെ ഹൃദയങ്ങളെ നമുക്ക് ബേത്ലെഹേമിലേക്കു തിരിക്കാം. യുദ്ധവെറിയും ആയുധ സംഘട്ടനങ്ങളും കാരണം, സമധാനത്തിന്റെ രാജകുമാരന് ഇന്നും അവിടെ ഇടം കിട്ടാതെ പോകുന്നു' - പാപ്പ വേദനയോടെ പറഞ്ഞു.
'ഈ രാവില്‍ സ്‌നേഹം ചരിത്രം മാറ്റിയെഴുതുന്നു. കര്‍ത്താവേ, ലോകശക്തിയില്‍ നിന്ന് വളരെ വ്യത്യസ്തമായ അങ്ങയുടെ സ്‌നേഹത്തിന്റെ ശക്തിയില്‍ വിശ്വസിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ! മറിയത്തെയും യൗസേപ്പിനെയും പോലെ, ആട്ടിടയരെയും രാജാക്കന്മാരെയും പോലെ അങ്ങയുടെ സന്നിധിയില്‍ അണയുവാനും അങ്ങയെ ആരാധിക്കുവാനും ഞങ്ങള്‍ക്കും സാധിക്കുമാറാകട്ടെ! അങ്ങയോട് കൂടുതല്‍ അനുരൂപപ്പെടാനും, അങ്ങനെ അങ്ങയുടെ തിരുമുഖശോഭയ്ക്ക് ലോകത്തില്‍ സാക്ഷ്യം വഹിക്കാനും ഞങ്ങള്‍ക്ക് ഇടയാകട്ടെ!'- ഈ പ്രാര്‍ത്ഥനയോടെ പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.