കാണാതായ പുടിന്റെ വിമര്‍ശകന്‍ അലക്‌സി നവാല്‍നിയെ 'കണ്ടെത്തി'; പാര്‍പ്പിച്ചിരിക്കുന്നത് ആര്‍ട്ടിക് പ്രദേശത്തെ വിജനമായ ജയിലില്‍

കാണാതായ പുടിന്റെ വിമര്‍ശകന്‍ അലക്‌സി നവാല്‍നിയെ 'കണ്ടെത്തി'; പാര്‍പ്പിച്ചിരിക്കുന്നത് ആര്‍ട്ടിക് പ്രദേശത്തെ വിജനമായ ജയിലില്‍

മോസ്‌കോ: ജയിലില്‍ നിന്ന് കാണാതായ റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനുമായ അലക്‌സി നവാല്‍നിയെ ജീവനോടെ കണ്ടെത്തി. നേരത്തേ പാര്‍പ്പിച്ചിരുന്ന ജയിലില്‍ നിന്ന് ഏറെ അകലെയുള്ള ആര്‍ട്ടിക് പ്രദേശത്തെ പീനല്‍ കോളനി വിഭാഗത്തിലുള്ള പോളാര്‍ വൂള്‍ഫ് ജയിലിലേക്കാണ് നവാല്‍നിയെ മാറ്റിപ്പാര്‍പ്പിച്ചതെന്ന് അദ്ദേഹവുമായി ബന്ധമുള്ളവര്‍ വ്യക്തമാക്കി. നേരത്തേ ഉണ്ടായിരുന്ന ജയിലില്‍ നിന്ന് കാണാതായി മൂന്നാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തെ കണ്ടെത്തുന്നത്.

തടവുകാരെ ഏകാന്തമായി പാര്‍പ്പിക്കുന്ന ഇടമാണ് പീനല്‍ കോളനികള്‍. മൂന്നു മാസം കൂടിയേ ഉള്ളൂ റഷ്യയില്‍ പൊതുതെരഞ്ഞെടുപ്പിന്. അതിനിടയിലാണ് നവാല്‍നിയെ വിജനമായ ജയിലിലേക്ക് മാറ്റിയത്. നവാല്‍നിയെ ജീവനോടെ കണ്ടെത്തിയതില്‍ അമേരിക്കന്‍ ഭരണകൂടം സന്തോഷം പ്രകടിപ്പിച്ചു. നവാല്‍നിയെ എത്രയും വേഗം മോചിപ്പിക്കണമെന്നാവശ്യപ്പെട്ട യു.എസ് റഷ്യയിലെ പുടിന്‍ ഭരണകൂടത്തിന്റെ പ്രതിപക്ഷ വേട്ടയെയും അപലപിച്ചു. അലക്‌സിയെ മറ്റൊരു ജയിലിലേക്ക് മാറ്റിയതിനെ ഫ്രാന്‍സ് അപലപിച്ചു.

നവാല്‍നിയെ കണ്ടെത്തിയ വിവരം അദ്ദേഹത്തിന്റെ അനുയായി കിര യാര്‍മിഷ് ആണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ആര്‍ട്ടിക് പ്രദേശത്തുള്ള സ്വയംഭരണ പ്രദേശമായ യെമലോ-നെനെറ്റ്സിലെ ഖാര്‍പ്പിലുള്ള ഐ.കെ-3 എന്ന പീനല്‍ കോളനിയിലാണ് നവാല്‍നി ഉള്ളതെന്നും കിര പറഞ്ഞു. നവല്‍നിയെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സന്ദര്‍ശിച്ചുവെന്നും സുഖമായിരിക്കുന്നുവെന്നും കിര കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക് വൃത്തത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ഖാര്‍പ്പിലെ ജനസംഖ്യ 5000 ആണ്. റഷ്യയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വിദൂരമായ കോളനികളിലൊന്നാണ് ഇത്. പൂജ്യം ഡിഗ്രിക്കും താഴെയാണ് ഇവിടത്തെ താപനില. ഇവിടെയുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനാകില്ല.

വിവിധ കേസുകളിലായി 30 വര്‍ഷത്തിലേറെ തടവുശിക്ഷയാണ് നവാല്‍നിക്കെതിരെ ചുമത്തിയത്. 2020ല്‍ ഇദ്ദേഹത്തിനു നേരെ വധശ്രമം നടന്നിരുന്നു. സൈബീരിയയില്‍ നിന്ന് മോസ്‌കോയിലേക്കുള്ള യാത്രയ്ക്കിടെ നവാല്‍നി അബോധാവസ്ഥയിലാകുകയായിരുന്നു. തുടര്‍ന്ന് നവാല്‍നിക്ക് വിഷം നല്‍കിയതാണെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍ ഇതെല്ലാം റഷ്യ തള്ളി.

തുടര്‍ന്ന് ജര്‍മന്‍ സന്നദ്ധസംഘടനയായ സിനിമ ഫോര്‍ പീസിന്റെ നേതൃത്വത്തില്‍ ബെര്‍ലിനില്‍ ചികിത്സ നല്‍കിയാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. 32 ദിവസമാണ് നവല്‍നി ആശുപത്രിയില്‍ കഴിഞ്ഞത്. പിന്നാലെ, ജയിലിലേക്കു തന്നെ മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.