ക്രൈസ്തവരുടെ ആശങ്കകള്‍ പരിഹരിക്കും; ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍

ക്രൈസ്തവരുടെ ആശങ്കകള്‍ പരിഹരിക്കും; ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് പരിഹാര നിര്‍ദേശത്തിനായി നിയമിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്റെ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍.

മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വിവിധ വകുപ്പുകള്‍ പഠിക്കുകയും അവ നല്ല രീതിയില്‍ നടപ്പാക്കുന്നതിനുള്ള അവസാനഘട്ട പരിശ്രമത്തിലുമാണ് സര്‍ക്കാര്‍. സംസ്ഥാനതല ന്യൂനപക്ഷ ദിനാചരണം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പാലോളി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതു പോലെ തന്നെ ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ടും നടപ്പാക്കാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

മുഴുവന്‍ വകുപ്പുകളില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ സ്വരൂപിച്ചതിനു ശേഷം ഇവ പരിശോധിക്കുന്നതിനുള്ള യോഗം അടുത്ത ആഴ്ചയോടെ വിളിച്ചു ചേര്‍ക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഒന്നായി കണ്ട് അവ പരിഹരിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ചില മുസ്ലിം നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ അപലപനീയമാണെന്ന് അദേഹം പറഞ്ഞു. കേരളത്തിലെ മതസൗഹാര്‍ദത്തിന് വിലങ്ങുതടിയായി ചിലര്‍ നില്‍ക്കുകയാണ്. ക്രിസ്തുമസ് ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് പറയാനെന്തവകാശമാണ് അവര്‍ക്കുള്ളതെന്ന് ചോദിച്ച മന്ത്രി അബ്ദുറഹ്മാന്‍ മതസൗഹാര്‍ദത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന വ്യക്തികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നും വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.