സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലുടെ വളര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഇന്ന് 139 വയസ്. ഈ പ്രസ്ഥാനം ഇന്ന് അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്.
1885 ഡിസംബറില്‍ ബോംബെയിലെ ഗോകുല്‍ദാല്‍ തേജ്പാല്‍ സംസ്‌കൃത കോളജില്‍ നടന്ന യോഗത്തിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിറവിയെടുത്തത്. എ.ഒ ഹ്യൂം എന്ന ബ്രിട്ടീഷുകാരന്‍ രൂപീകരിച്ച സംഘടനയുടെ ആദ്യ അധ്യക്ഷന്‍ ഡബ്ല്യു സി. ബാനര്‍ജി ആയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 72 പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം ഇന്ത്യന്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ദിനമായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ തദേശീയരുടെ പ്രസ്ഥാനം രൂപവല്‍കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു കോണ്‍ഗ്രസിന്റെ രൂപീകണം.
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ഉരുത്തിരിഞ്ഞ സാമൂഹിക കാരണങ്ങള്‍ തന്നെയാണ് രാജ്യത്ത് ദേശീയ സ്വഭാവമുള്ള ആദ്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് വഴിയൊരുക്കിയത്. ആദ്യ കാലങ്ങളില്‍ ദേശീയത എന്ന വികാരം ഉയര്‍ത്തിപ്പിടിച്ച കോണ്‍ഗ്രസിന് പിന്നീടാണ് രാഷ്ട്രീയ സ്വഭാവം കൈ വന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും മടങ്ങിയെത്തിയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമരങ്ങള്‍ക്ക് വേറിട്ട മുഖം നല്‍കിയത്.
1924 ല്‍ മഹാത്മാഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷനായി. ഗാന്ധിയുടെ സാന്നിധ്യം കോണ്‍ഗ്രസിന്റെ ബഹുജനാടിത്തറ വിപുലീകരിച്ചു. ആനി ബസന്റ്, സുഭാഷ് ചന്ദ്ര ബോസ്, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ 61 പേര്‍ ഒന്നര നൂറ്റാണ്ടിനിടയില്‍ പാര്‍ട്ടിയെ നയിച്ചു. 1897 ല്‍ അധ്യക്ഷനായ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ മാത്രമാണ് പാര്‍ട്ടിയെ നയിച്ച ഏക മലയാളി.
22 വര്‍ഷം അധ്യക്ഷ പദവിയിലിരുന്ന സോണിയ ഗാന്ധിയാണ് പാര്‍ട്ടിയെ ഏറ്റവും കൂടുതല്‍ കാലം നയിച്ച വ്യക്തി. സംഘടനാപരമായും പാര്‍ലമെന്ററി രംഗത്തും 90 കള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തിരിച്ചടികള്‍ നേരിട്ട് തുടങ്ങി. എന്നാല്‍ ഇടയ്ക്ക് ചില ഇടവേളകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ 2014 വരെ മുന്നണി സംവിധാനത്തില്‍ കോണ്‍ഗ്രസ് ഇന്ത്യയെ നയിച്ചു.
മതേതര ഇന്ത്യയെ പടുത്തുയര്‍ത്തുന്നതില്‍ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റു വഹിച്ച പങ്ക് സുസ്ത്യര്‍ഹമാണ്. എന്നാല്‍ ജെ.എന്‍ എന്ന ഒപ്പും ആ പുഞ്ചിരിക്കുന്ന മുഖവും മായ്ച്ചു കളയാന്‍ സംഘപരിവാര്‍ രാപകല്‍ ശ്രമിക്കുകയാണ്. ഇന്ദി ഗാന്ധിയും രാജീവ് ഗാന്ധിയും മുതല്‍ മന്‍മോഹന്‍ സിങ് വരെ ഈ രാജ്യത്തിനായി ചെയ്ത സല്‍കര്‍മങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല.
ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പുതുതലമുറ മുഖമായ രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ ഉടനീളം സഞ്ചരിച്ച് നഷ്ടപ്രതാപം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ്. ഒരു കാലത്ത് രാജ്യത്ത് പടര്‍ന്ന് പന്തലിച്ച പാര്‍ട്ടി ഇന്ന് അടിത്തറ വീണ്ടെടുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്. ഏകാധിപത്യത്തിനും മതവല്‍കരണത്തിനും ഭിന്നിപ്പിക്കലിനും എതിരേയുള്ള സന്ധിയില്ലാ സമരമാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട്. ഭാരത് ജോഡോ യാത്രയോളം വ്യക്തമായി ഈ രാഷ്ട്രീയ നിലപാട് മുന്നോട്ടുവെച്ച മറ്റൊരു മുന്നേറ്റം സമീപകാല ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടമായ ഭാരത് ന്യായ് യാത്രയ്‌ക്കൊരുങ്ങുകയാണ് അദേഹം. ജനുവരി 14 ന് മണിപ്പൂരില്‍ നിന്നും ആരംഭിച്ച് മാര്‍ച്ച് 20 ന് മുംബൈയില്‍ യാത്ര സമാപിക്കും. 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ഏറെ നിര്‍ണായക മാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.