ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ലെബനനില്‍ രണ്ട് ഓസ്ട്രേലിയന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു: ഒരാള്‍ ഹിസ്ബുള്ള അംഗം? അന്വേഷണവുമായി ഫെഡറല്‍ സര്‍ക്കാര്‍

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ലെബനനില്‍ രണ്ട് ഓസ്ട്രേലിയന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു: ഒരാള്‍ ഹിസ്ബുള്ള അംഗം? അന്വേഷണവുമായി ഫെഡറല്‍ സര്‍ക്കാര്‍

കാന്‍ബറ: ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള അംഗം ഉള്‍പ്പെടെ രണ്ട് ഓസ്ട്രേലിയന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഫെഡറല്‍ സര്‍ക്കാര്‍. തെക്കന്‍ ലെബനന്‍ അതിര്‍ത്തി പട്ടണത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള പോരാളിയായ അലി ബാസിയും സഹോദരന്‍ ഇബ്രാഹിം ബാസിയും ഭാര്യയും കൊല്ലപ്പെട്ടത്. ആക്ടിംഗ് വിദേശകാര്യ മന്ത്രി മാര്‍ക്ക് ഡ്രെഫസാണ് ഇക്കാര്യം അറിയിച്ചത്. ഇവരില്‍ ഇബ്രാഹിം ബാസിയും ഭാര്യയും ഓസ്‌ട്രേലിയന്‍ പൗരത്വം നേടിയവരാണ്.

വര്‍ഷങ്ങളായി ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ താമസിച്ചിരുന്ന ലെബനന്‍ വംശജനായ ഇബ്രാഹിം ബാസി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്റെ ഭാര്യ ഷൗറൂഖ് ഹമ്മൂദിനെ ഒപ്പം കൂട്ടാന്‍ ലെബനനിലേക്ക് വന്നത്. അടുത്തിടെ ഓസ്ട്രേലിയന്‍ വിസ ലഭിച്ച ഷൗറൂഖ് ഹമ്മൂദും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇരുവരും സിഡ്‌നിയിലേക്കു പോകാനിരിക്കെയാണ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

അലി ബാസി തങ്ങളുടെ പോരാളികളില്‍ ഒരാളാണെന്ന ഹിസ്ബുള്ള അവകാശപ്പെട്ടതോടെ ഇബ്രാഹിം ബാസിയെക്കുറിച്ച് ഓസ്ട്രേലിയ അന്വേഷണം ആരംഭിച്ചതായി മാര്‍ക്ക് ഡ്രെഫസ് അറിയിച്ചു.

ലെബനന്റെ അതിര്‍ത്തിയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ബിന്റ് ജെബെയില്‍ നഗരത്തിലെ ഒരു വീട്ടില്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തിലാണ് മൂവരും കൊല്ലപ്പെട്ടത്. മൂവരുടെയും ശവസംസ്‌കാരം കഴിഞ്ഞ ദിവസം രാത്രി ലെബനനില്‍ നടന്നു. ഹിസ്ബുള്ള പതാകയില്‍ പൊതിഞ്ഞ ശവപ്പെട്ടികളുടെ ചിത്രങ്ങള്‍ അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

ഓസ്ട്രേലിയ ഭീകര സംഘടനയായി പ്രഖ്യാപിച്ച ഹിസ്ബുള്ളയുമായി ഏതൊരു ഓസ്ട്രേലിയക്കാരനും സഹകരിക്കുന്നതും പിന്തുണയ്ക്കുന്നതും കുറ്റകരമാണെന്ന് ഡ്രെഫസ് മുന്നറിയിപ്പ് നല്‍കി. ഓസ്‌ട്രേലിയന്‍ പൗരനായ ഇബ്രാഹിം ബാസിക്ക് ഹിസ്ബുള്ളയുമായി ബന്ധമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഈ തീവ്രവാദ സംഘടനയുടെ വേരുകള്‍ ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയായി രാഷ്ട്രീയ നിരീക്ഷകര്‍ ഈ സംഭവത്തെ വിലയിരുത്തുന്നു.

വ്യോമാക്രമണം സംബന്ധിച്ച് ഫെഡറല്‍ സര്‍ക്കാര്‍ ഇസ്രയേലുമായി ആശയവിനിമയം നടത്തിയിരുന്നെങ്കിലും എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്താന്‍ ഡ്രെഫസ് വിസമ്മതിച്ചു.

'നിലവിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, തങ്ങളുടെ പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കണമെന്ന് ഓസ്ട്രേലിയ ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്, ഈ സംഘര്‍ഷം വ്യാപിക്കുന്നതിന്റെ അപകടസാധ്യതയെക്കുറിച്ചും തങ്ങള്‍ നിരന്തരം ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്' - ഡ്രെഫസ് പറഞ്ഞു.

ലെബനനിലേക്ക് പോകരുതെന്ന് ഓസ്ട്രേലിയന്‍ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മുന്നറിയിപ്പ് ഡ്രെഫസ് ആവര്‍ത്തിച്ചു. വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സര്‍വീസുകള്‍ ലഭ്യമാകുമ്പോള്‍തന്നെ അവിടെയുള്ള ഓസ്ട്രേലിയക്കാര്‍ തിരിച്ചുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആവശ്യമെങ്കില്‍ ബാസി കുടുംബത്തിന് കോണ്‍സുലര്‍ സഹായം നല്‍കാന്‍ ബെയ്റൂട്ടിലെ ഓസ്ട്രേലിയന്‍ എംബസി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതുമുതല്‍ ലെബനനും ഇസ്രയേലും തമ്മിലുള്ള അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യവും ഹമാസിന്റെ സഖ്യകക്ഷിയായ ഹിസ്ബുള്ളയും തമ്മില്‍ വെടിവയ്പ്പ് വര്‍ദ്ധിച്ചുവരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.