അബൂജ: നൈജീരിയയിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ നടന്ന ആക്രമണങ്ങളിൽ 200 ഓളം പേരെ തീവ്രവാദികൾ കൂട്ടക്കൊല ചെയ്തതിൽ നടപടി വേണമെന്ന് നൈജീരിയയിലെ കത്തോലിക്ക നേതാക്കൾ. ബാർകിൻ ലാഡി, ബോക്കോസ്, മാംഗു കൗണ്ടികളിലെ ഗ്രാമങ്ങളിലെ കൂട്ടക്കൊലകളിൽ വചന പ്രഘോഷകർ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെടുകയും നൂറുകണക്കിന് വീടുകൾ നശിപ്പിക്കപ്പെടുകയും ചെയ്‌തതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നൈജീരിയയിലെ ജനങ്ങളെ സംരക്ഷിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് പ്രസിഡന്റ് ബോല ടിനുബുവിനോട് വടക്കൻ നൈജീരിയയിലെ സോകോട്ടോ രൂപതയിലെ ബിഷപ്പ് മാത്യു കുക്കാ ആവശ്യപ്പെട്ടു. 26 ക്രിസ്ത്യൻ സമൂഹങ്ങളിലായി 198 ക്രിസ്ത്യാനികൾ ഭീകരാക്രമണ പരമ്പരയിൽ കൊല്ലപ്പെട്ടു. ഡിസംബർ 23ന് രാത്രി ആരംഭിച്ച ആക്രമണങ്ങൾ ക്രിസ്തുമസ് ദിനം വരെ തുടർന്നു.
ഫുലാനി എന്നറിയപ്പെടുന്ന തീവ്ര ഇസ്ലാമിക ഗോത്രമാണ് ഏറ്റവും പുതിയ അക്രമത്തിന് ഉത്തരവാദിയെന്ന് താൻ വിശ്വസിക്കുന്നതായി പാപ്പൽ റിലീഫ് ഗ്രൂപ്പായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ പ്രതിനിധി മരിയ ലൊസാനോ സിഎൻഎയോട് പറഞ്ഞു.
50 ക്രിസ്ത്യൻ ഗ്രാമീണരെ കൊന്നൊടുക്കിയ 2022 ലെ പെന്തക്കോസ്ത് കൂട്ടക്കൊല പോലുള്ള പ്രധാനപ്പെട്ട ക്രിസ്ത്യൻ പെരുന്നാൾ ദിവസങ്ങളിൽ ക്രിസ്ത്യൻ നൈജീരിയക്കാരെ തീവ്രവാദികൾ ലക്ഷ്യമിടുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടി ഈ ആക്രമണം അടയാളപ്പെടുത്തുന്നു. ക്രിസ്ത്യൻ കർഷകരും നാടോടികളായ ഫുലാനി ഇടയന്മാരും തമ്മിലുള്ള വംശീയവും മതപരവുമായ കലഹങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങൾ കൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് കരുതപ്പെടുന്നതെന്നും ലൊസാനോ പറഞ്ഞു.
ഡെയേഴ്‌സ് ഗ്രാമത്തിലെ ബാപ്റ്റിസ്റ്റ് ചർച്ചിലെ വചനപ്രഘോഷകനായ സോളമൻ ഗുഷെയെയും അദേഹത്തിന്റെ ഒമ്പത് കുടുംബാംഗങ്ങളെയും അക്രമികൾ കൊലപ്പെടുത്തിയതായി ബോക്കോസ് കൗണ്ടി പ്രദേശവാസിയായ ഡോസിനോ മല്ലു പറഞ്ഞു. നൂറുകണക്കിന് ഭീകരരാണ് ക്രിസ്ത്യൻ സമൂഹത്തെ ആക്രമിച്ചത്. ക്രിസ്തുമസ് പരിപാടികൾക്ക് തയ്യാറെടുക്കുമ്പോഴാണ് ആക്രമണം ഉണ്ടായതെന്നും വിവിധ റിപ്പോർട്ടുകളിൽ പറയുന്നു. കൊല്ലപ്പെട്ട ക്രൈസ്തവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്. നൂറുകണക്കിന് വീടുകൾ അക്രമത്തിൽ തകർന്നു. സായുധരായ മുസ്ലീം ഫുലാനികളാണ് ആക്രമണങ്ങൾ നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആക്രമണത്തിനിരയായ പ്രധാന ക്രിസ്ത്യൻ ഗ്രാമങ്ങളിൽ എൻടിവി, മയംഗ, റുകു, ഹുറം, ദാർവത്, ഡാരെസ്, ചിരാങ്, റൂവി, യെൽവ, ന്ദുൻ, ങ്യോങ്, മർഫെറ്റ്, മകുന്ദരി, തമിസോ, ചിയാങ്, താഹോർ, ഗവാർബ, ഡെയേഴ്സ്, മെയേംഗ, ദർവാത്ത് എന്നീ പ്രദേശങ്ങളും ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നൈജീരിയയിൽ 62,000 ക്രൈസ്തവരാണ് ഇസ്ലാമിക തീവ്രവാദികളാൽ കൊല്ലപ്പെട്ടത്. ദശലക്ഷ കണക്കിന് ആളുകൾ ഇക്കാലയളവിൽ പലായനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.