1958 ല്‍ ജെന്നിഫര്‍ മരുമകളായെത്തി: ഹിന്ദുക്കളായ കപൂര്‍ കുടുംബം ക്രിസ്തുമസ് ആഘോഷിക്കുന്നത് പതിവാക്കി; ഇപ്പോഴും തുടരുന്നു

1958 ല്‍ ജെന്നിഫര്‍ മരുമകളായെത്തി: ഹിന്ദുക്കളായ കപൂര്‍ കുടുംബം ക്രിസ്തുമസ് ആഘോഷിക്കുന്നത് പതിവാക്കി; ഇപ്പോഴും തുടരുന്നു

രു ബിഗ് ഇന്ത്യന്‍ സിനിമാ ശാലയാണ് കപൂര്‍ കുടുംബം. ബോളിവുഡില്‍ പ്രത്യേകിച്ചും. പൃഥ്വിരാജ് കപൂര്‍ മുതല്‍ രണ്‍ബീര്‍ കപൂര്‍ വരെ നീളുന്ന സിനിമാ പാരമ്പര്യമുള്ള തലമുറ. ആ വലിയ കുടുംബം വര്‍ഷത്തില്‍ ഒരു തവണ ഒത്തു ചേരും. ക്രിസ്തുമസിനാണ് ആ ഫാമിലി ഗെറ്റ്ടുഗദര്‍. കപൂര്‍ ക്രിസ്മസ് ലഞ്ച് എന്നത് ബോളിവുഡില്‍ ഹിറ്റാണ്.

എന്നാല്‍ ഹിന്ദുക്കളായ ഇവര്‍ ക്രിസ്മസ് ആഘോഷിക്കുന്നത് എന്തിനാണെന്ന് പലര്‍ക്കും സംശയം തോന്നാം. അതിനൊരു കാരണമുണ്ട്. പൃഥ്വിരാജ് കപൂറിന്റെ മകനും നടനുമായ ശശി കപൂര്‍ വിവാഹം കഴിച്ച ജെന്നിഫര്‍ കെന്‍ഡാല്‍ എന്ന വിദേശ വനിതയാണ് കപൂര്‍ കുടുംബത്തിലെ ഈ ആചാരത്തിന് പിന്നില്‍.

പതിനെട്ട് വയസില്‍ ജെന്നിഫറുമായി പ്രണയത്തിലായ ശശി, അവരെ അപ്പോള്‍ തന്നെ വിവാഹം കഴിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ അച്ഛന്‍ പൃഥ്വിരാജ് കപൂര്‍ നിര്‍ദേശപ്രകാരം രണ്ട് വര്‍ഷം കൂടി കഴിഞ്ഞാണ് ഇവര്‍ വിവാഹിതരായത്. ഇവര്‍ക്ക് മൂന്നു മക്കളാണ് - കുനാല്‍ കപൂര്‍, കരണ്‍ കപൂര്‍, സഞ്ജന കപൂര്‍.

ദമ്പതികള്‍ 1958 ജൂലൈയിലാണ് വിവാഹിതരായത്. പൃഥ്വി തിയേറ്ററിന്റെ പുനരുജ്ജീവനത്തില്‍ കെന്‍ഡലും ശശിയും പ്രധാന പങ്കു വഹിച്ചു. ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, പ്രത്യേകിച്ച് മര്‍ച്ചന്റ് ഐവറി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചവ. അപര്‍ണ സെന്‍ സംവിധാനം ചെയ്ത '36 ചൌരംഗി ലേന്‍' എന്ന ചിത്രത്തിന് ജെന്നിഫര്‍ കെന്‍ഡാലിന് ബാഫ്ട നോമിനേഷനും ലഭിച്ചു.

ഇതിഹാസ നടന്‍ പൃഥ്വിരാജ് കപൂറില്‍ നിന്നാണ് കപൂര്‍ കുടുംബത്തിന്റെ സിനിമാ പാരമ്പര്യം ആരംഭിക്കുന്നത്. ഇപ്പോഴത്തെ തലമുറയിലെ അഭിനേതാക്കളായ രണ്‍ബീര്‍ കപൂര്‍, കരീന കപൂര്‍, കരിഷ്മ കപൂര്‍ എന്നിവരെയാവും ഒരുപക്ഷേ പുതിയ തലമുറ അറിയുക.

പൃഥ്വിരാജ് കപൂര്‍, രാജ് കപൂര്‍, ഷമ്മി കപൂര്‍, ശശി കപൂര്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ സിനിമയിലുള്ള സ്ഥാനം ചെറുതല്ല. 1906 നവംബര്‍ മൂന്നിന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ സമുന്ദ്രിയില്‍ ജനിച്ച പൃഥ്വിരാജ് കപൂറും മക്കളും ചേര്‍ന്ന് ഇന്ത്യന്‍ സിനിമയുടെ ഗതിതന്നെ മാറ്റിയെഴുതി.

നിശബ്ദ സിനിമകളുടെ കാലഘട്ടത്തില്‍ തന്റെ കരിയര്‍ ആരംഭിച്ച പൃഥ്വിരാജ് കപൂര്‍ പിന്നീട് വിജയകരമായി ടാക്കീസിലേക്ക് മാറുകയും സിക്കന്ദര്‍, ആലം ആരാ, മുഗള്‍-ഇ-അസം, കല്‍ ആജ് ഔര്‍ കല്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാവുകയും ചെയ്തു. തുടര്‍ന്ന് മുംബൈയിലെ പൃഥ്വി തിയേറ്റര്‍ സ്ഥാപിച്ചു.

ഇന്നും ഇന്ത്യയില്‍ ഒരു സാംസ്‌കാരിക ഐക്കണായി തുടരുന്നു പൃഥ്വി തിയേറ്റര്‍. അദ്ദേഹത്തിന്റെ മക്കള്‍ രാജ് കപൂര്‍, ഷമ്മി കപൂര്‍, ശശി കപൂര്‍ എന്നിവര്‍ പാരമ്പര്യം തുടര്‍ന്നു. പൃഥ്വിയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയത് ശശിയായിരുന്നു.

നാടകമാണ് ശശിയെയും ജെന്നിഫറിനെയും ഒരുമിപ്പിച്ചത്. ജെന്നിഫറിന്റെ അച്ഛന്റെ നാടകത്തില്‍ ജോലി ചെയ്തപ്പോഴാണ് അന്നത്തെ ബോംബെയിലെ ഷേക്സ്പിയറാന ഹൗസില്‍ വച്ച് ശശി ജെന്നിഫറെ പരിചയപ്പെടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ പ്രണയത്തിലായി. പക്ഷേ ഷേക്‌സ്പിയറാനയുടെ തലവനായ ജെന്നിഫറിന്റെ പിതാവ് ഗോഫ്രി കെന്‍ഡലില്‍ നിന്ന് ഇരുവരും ധാരാളം എതിര്‍പ്പുകള്‍ നേരിട്ടു.

'തിയേറ്റര്‍ ചെയ്യുന്ന കാലത്ത് ശശിയും ജെന്നിഫറും ദരിദ്രരായിരുന്നു. ഉറക്കവും ഭക്ഷണവും ഒക്കെ കുറവായിരുന്നു. തീയേറ്ററുകളുടെയും നാടകങ്ങളുടെയും അന്താരാഷ്ട്ര സര്‍ക്യൂട്ടുകളില്‍ നിന്ന് നിരവധി നിരാശകള്‍ നേരിട്ട ശശി ഒടുവില്‍ സഹോദരന്‍ രാജ് കപൂറിനോട് സഹായം അഭ്യര്‍ത്ഥിച്ചു.

രാജ് കപൂര്‍ ശശിയെയും ജെന്നിഫറിനെയും ബോംബെയിലേക്ക് വിളിക്കാന്‍ രണ്ട് ടിക്കറ്റുകള്‍ അയച്ചു. അപ്പോഴാണ് ശശിയുടെയും ജെന്നിഫറിന്റെയും ബന്ധത്തെക്കുറിച്ച് കപൂര്‍ കുടുംബം അറിയുന്നത്. തന്റെ വിവാഹ ഉദ്ദേശ്യത്തോട് പിതാവ് പൃഥ്വിരാജ് കപൂര്‍ എങ്ങനെ പ്രതികരിച്ചുവെന്ന് 2017 ല്‍ മരിക്കുന്നതിന് മുമ്പുള്ള തന്റെ അവസാന അഭിമുഖങ്ങളിലൊന്നില്‍ ശശി വെളിപ്പെടുത്തി.

'എനിക്ക് 18 വയസായിരുന്നു അപ്പോള്‍. ജെന്നിഫറിനെ കണ്ടപ്പോള്‍ അവളെ ഉടന്‍ വിവാഹം കഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്റെ മാതാപിതാക്കള്‍ ഞെട്ടിപ്പോയി. അവര്‍ പറഞ്ഞു, 'ദൈവമേ, 18 തീരെ ചെറുപ്പമാണ്'. അപ്പോള്‍ ഞാന്‍ പറഞ്ഞു, 'ശരി, ഞാന്‍ കാത്തിരിക്കാം'. ഞാന്‍ രണ്ട് വര്‍ഷം കാത്തിരുന്നു, എന്നിട്ട് അവര്‍ എന്നോട് ചോദിച്ചു, 'നിനക്ക്് വിവാഹം വേണമെന്ന് ഉറപ്പാണോ?' ഞാന്‍ പറഞ്ഞു, 'അതെ.' ഒടുവില്‍ അവര്‍ വിവാഹത്തിന് സമ്മതം മൂളി.

ഒടുവില്‍ 20 വയസ് തികഞ്ഞപ്പോള്‍ 1958 ല്‍ ശശി കപൂര്‍ വിവാഹിതനായി. 1984 ല്‍ ജെന്നിഫറിന്റെ മരണം വരെ അവര്‍ ഒന്നിച്ചു ജീവിച്ചു. ശശി കപൂര്‍ 2017 ഡിസംബര്‍ നാലിനാണ് അന്തരിച്ചത്.

ശശി കപൂറും ജെന്നിഫര്‍ കെന്‍ഡാലും ചേര്‍ന്ന് തുടങ്ങിയതാണ് കുടുംബത്തിന്റെ ക്രിസ്മസ് ഒത്തുചേരല്‍. ഇപ്പോള്‍ അവരുടെ മകന്‍ കുനാല്‍ കപൂര്‍ ആണ് അത് നടത്തുന്നത്. അദ്ദേഹത്തിന്റെ വസതിയിലാണ് കുടുംബാംഗങ്ങളെല്ലാം ക്രിസ്മസ് ലഞ്ചിനായി ഒത്തു ചേരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.