മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ഗുരുതര വകുപ്പുകള്‍; മുന്‍കൂര്‍ ജാമ്യം തേടി സുരേഷ് ഗോപി

 മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ഗുരുതര വകുപ്പുകള്‍; മുന്‍കൂര്‍ ജാമ്യം തേടി സുരേഷ് ഗോപി

കൊച്ചി: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. കേസില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തിലാണ് നീക്കം.

ഒക്ടോബര്‍ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമ പ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിച്ചത്.
ഈ കേസുമായി ബന്ധപ്പെട്ട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ സുരേഷ് ഗോപി നേരിട്ട് ഹാജരായിരുന്നു.

അന്ന് നോട്ടീസ് നല്‍കിയ സമയത്ത് തനിക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിരുന്നില്ല എന്നാണ് സുരേഷ് ഗോപി ഹര്‍ജിയില്‍ ആരോപിക്കുന്നത്. പിന്നീട് സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ 354-ാം വകുപ്പ് ചുമത്തി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നുവെന്നും സുരേഷ് ഗോപി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേസിനെ കാണുന്നത്. തന്നെ ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ ഇല്ലാതിരുന്ന വകുപ്പ് ഉള്‍പ്പെടുത്തി കൊണ്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്ക് വേണ്ടി താന്‍ നടത്തിയ പ്രക്ഷോഭം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാഷ്ട്രീയ വിരോധമുണ്ട്. ഇതിന്റെ പേരിലാണ് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതെന്നും അദേഹം ആരോപിച്ചു.

അന്ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പബ്ലിക് ഡൊമൈനില്‍ ഉണ്ട്. ഇതില്‍ നിന്ന് തന്നെ താന്‍ മോശമായി പെരുമാറിയിട്ടില്ല എന്നത് വ്യക്തമാണെന്നും സുരേഷ് ഗോപി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.