പ്യോങ്യാങ്: യുദ്ധത്തിനുള്ള തയാറെടുപ്പുകള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ട് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. സൈന്യത്തോട് ആണവായുധങ്ങള്‍ സജ്ജീകരിക്കാനും ആയുധങ്ങള്‍ തയാറാക്കാനുമാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. സ്റ്റേറ്റ് മീഡിയയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കൊറിയന്‍ ഉപദ്വിപില്‍ അമേരിക്ക അതിശക്തമായ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന വിലയിരുത്തലിലാണ് ഉത്തര കൊറിയന്‍ മേധാവിയുടെ നിര്‍ദേശം. ദക്ഷിണകൊറിയയ്ക്ക് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള സഹായം അമേരിക്ക വാഗ്ദാനം ചെയ്തതിനെ ഉത്തരകൊറിയയ്‌ക്കെതിരായ ഏറ്റവും ശത്രുതാപരമായ നീക്കമെന്നാണ് കിം വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് യുദ്ധസന്നാഹം.
ഉത്തര കൊറിയയുമായുള്ള സംഘര്‍ഷങ്ങളില്‍ ദക്ഷിണ കൊറിയയ്ക്ക് പിന്തുണ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി അമേരിക്കയുടെ ആണവ മിസൈല്‍ വിക്ഷേപിക്കാന്‍ ശേഷിയുളള അന്തര്‍വാഹിനി ദക്ഷിണ കൊറിയയിലേക്കെത്തുമെന്നാണ് വിവരം 1980 കള്‍ക്ക് ശേഷം ആദ്യമായാണ് അമേരിക്കന്‍ ആണവ അന്തര്‍വാഹിനി ദക്ഷിണ കൊറിയയിലെത്തുന്നത്.
പുതുവര്‍ഷത്തേക്കുള്ള നയരൂപീകരണം സംബന്ധിച്ച് വിശദീകരിക്കാന്‍ കഴിഞ്ഞ ദിവസം രാജ്യത്തെ ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സുപ്രധാന പ്ലീനറി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ സാമ്രാജ്യത്വ വിരുദ്ധ സ്വതന്ത്ര രാജ്യങ്ങളുമായുള്ള തന്ത്രപരമായ സഹകരണം വിപുലീകരിക്കുമെന്ന് കിം പറഞ്ഞതായി വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.
ഉക്രെയ്നുമായുള്ള യുദ്ധത്തില്‍ ഉപയോഗിക്കുന്നതിനായി മോസ്‌കോയ്ക്ക് സൈനിക ഉപകരണങ്ങള്‍ പ്യോങ്യാങ് നല്‍കിയതായി വാഷിങ്ടണ്‍ ആരോപിക്കുന്നു. റഷ്യയുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമത്തിലാണ് കിം ജോങ് ഉന്‍. ഇതിന്റെ ഫലമായി സൈനിക ശേഷി മെച്ചപ്പെടുത്താന്‍ റഷ്യ വടക്കന്‍ കൊറിയയ്ക്ക് സാങ്കേതിക പിന്തുണ നല്‍കുന്നു.
അതിനിടെ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ കിഴക്കന്‍ യോഞ്ചിയോണിലെ ഒരു സൈനിക യൂണിറ്റ് സന്ദര്‍ശിച്ച് അതിന്റെ പ്രതിരോധ തയ്യാറെടുപ്പുകള്‍ പരിശോധിക്കുകയും ഉത്തര കൊറിയയില്‍ നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ ഉടന്‍ തിരിച്ചടിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.