ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തിന്റെ നിയന്ത്രണത്തില്‍ പുറത്തു നിന്നുള്ള ഇടപെടല്‍ സാധ്യമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇന്ത്യ മുന്നണി ഉയര്‍ത്തിയ ഇവിഎം ക്രമക്കേട് സംബന്ധിച്ച ആശങ്കയുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണം.
ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ ആധികാരികതയും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങള്‍ ഇന്ത്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. ഇവിഎമ്മുകളുടെ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് പല സംശയങ്ങളുണ്ടെന്നും ഇത് പല വിദഗ്ധരും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ഇന്ത്യ മുന്നണി അറിയിച്ചിരുന്നു.
വിവിപാറ്റ് സ്ലിപ് വോട്ടര്‍ക്ക് നല്‍കണം, 100 ശതമാനവും എണ്ണണം തുടങ്ങിയ നിര്‍ദേശങ്ങളും ഇന്ത്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്‍പാകെ വെച്ചിരുന്നു. ഇതിന് മറുപടിയായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണം.
ശക്തമായ സുരക്ഷാ ക്രമീകരണണങ്ങളോടെയാണ് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും വോട്ടിങ് മെഷീന്റെ നിര്‍മാണവും അതിലേക്കുള്ള പ്രോഗ്രാമുകളും ചെയ്യുന്നത്.
മൈക്രോ കണ്‍ട്രോളര്‍ നിര്‍മാണ മേഖലയിലേക്ക് നിര്‍ദേശിക്കപ്പെട്ട എഞ്ചിനിയര്‍മാരും ഉദ്യോഗസ്ഥര്‍ക്കും കാര്‍ഡ് മുഖേന അല്ലെങ്കില്‍ ബയോമെട്രിക് സ്‌കാന്‍ മുഖേന മാത്രമാണ് പ്രവേശനമുള്ളത്. പുറത്തു നിന്നുള്ള ഏജന്‍സികളോ ആഭ്യന്തര, വിദേശ കൈകടത്തലുകളോ മൈക്രോ കണ്‍ട്രോളര്‍ പ്രോഗ്രാമില്‍ ഇല്ല എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.
വിവിപാറ്റിന് രണ്ട് തരത്തിലുള്ള മെമ്മറികളാണുള്ളത്. പ്രോഗ്രാം നിര്‍ദേശങ്ങള്‍ മൈക്രോ കണ്‍ട്രോളറിലേക്ക് ഒരുതവണ മാത്രം നല്‍കാനുള്ളതും മറ്റൊന്ന്, ചിഹ്നങ്ങളടങ്ങിയ ഗ്രാഫിക് ഇമേജുകള്‍ സ്ഥാനാര്‍ഥികളുടേയും അല്ലെങ്കില്‍ അവരുടെ പ്രതിനിധികളുടേയോ സാന്നിധ്യത്തില്‍ സൂക്ഷിക്കാനുള്ളതുമാണ്.
ഇന്ത്യന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ശക്തവും വ്യത്യസ്തവും താരതമ്യപ്പെടുത്താനാവാത്തതുമായ സാങ്കേതിക വിദ്യകളും പ്രക്രിയകളും നടപ്പിലാക്കുന്ന ഒന്നാണ്. സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും പലതവണ പരിശോധിക്കുകയും ഇവിഎമ്മിലുള്ള വിശ്വാസമുറപ്പിക്കുകയും ചെയ്തിട്ടുണ്ടന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി.
മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ ബ്ലൂടൂത്ത് ഉപയോഗിച്ച് ഇവിഎം മെഷീന്‍ നിയന്ത്രിക്കാനാകുമെന്ന ആരോപണം കമ്മിഷന്‍ തള്ളി. അടിസ്ഥാനമില്ലാത്ത ആരോപണമെന്ന് വ്യക്തമാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തരത്തില്‍ ഇവിഎമ്മിനെ നിയന്ത്രിക്കാനാകുമെന്നത് അശാസ്ത്രീയമായ കാര്യമാണെന്നും പറഞ്ഞു.
20 ലക്ഷത്തോളം വരുന്ന ഇവിഎം യന്ത്രങ്ങള്‍ കാണാതായിട്ടുണ്ട് എന്ന മാധ്യമ വാര്‍ത്ത ശരിയാണോ എന്ന ചോദ്യത്തിന്, ആരോപണവുമായി ബന്ധപ്പെട്ട് ആവശ്യമായ വിശദീകരണങ്ങള്‍ മുംബൈ ഹൈക്കോടതിക്ക് നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.