കപ്പലുകള്‍ക്ക് നേരെ ആക്രമണം: അറബിക്കടലില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ നാവിക സേന

കപ്പലുകള്‍ക്ക് നേരെ ആക്രമണം: അറബിക്കടലില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ നാവിക സേന

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഹൂതികള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം പതിവാക്കിയ സാഹചര്യത്തില്‍ മധ്യ, വടക്കന്‍ അറബിക്കടലില്‍ നിരീക്ഷണം കര്‍ശനമാക്കി ഇന്ത്യന്‍ നാവികസേന.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ചെങ്കടല്‍, ഏദന്‍ ഉള്‍ക്കടല്‍, മധ്യവടക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കപ്പല്‍പ്പാതകളിലൂടെ സഞ്ചരിച്ച വ്യാപാര കപ്പലുകള്‍ സുരക്ഷാ ഭീഷണി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യന്‍ തീരത്ത് നിന്ന് ഏകദേശം 700 നോട്ടിക്കല്‍ മൈല്‍ അകലെ എംവി റൂവന് നേരെ നടന്ന കടല്‍ക്കൊള്ള സംഭവവും ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്ന് ഏകദേശം 220 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറായി എംവി ചെം പ്ലൂട്ടോയില്‍ അടുത്തിടെ നടന്ന ഡ്രോണ്‍ ആക്രമണവും കണക്കിലെടുത്താണ് പുതിയ നീക്കം.

ഇന്ത്യന്‍ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് സമീപത്താണ് ഈ രണ്ട് സംഭവങ്ങളും. ഇതോടെ സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും എന്തെങ്കിലും അപകടമുണ്ടായാല്‍ വ്യാപാര കപ്പലുകളെ സഹായിക്കുന്നതിനും ഡിസ്ട്രോയറുകളും ഫ്രിഗേറ്റുകളും അടങ്ങുന്ന ടാസ്‌ക് ഗ്രൂപ്പുകളെ ഇന്ത്യന്‍ നാവികസേന വിന്യസിച്ചിട്ടുണ്ട്.

ദീര്‍ഘദൂര മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ്, റിമോട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം എന്നിവയുടെ ആകാശ നിരീക്ഷണം കൂടുതല്‍ ശക്തമാക്കി. ഇന്ത്യന്‍ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന്റെ ഫലപ്രദമായ നിരീക്ഷണത്തിനായി നാവികസേന ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡുമായി നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ട്.

ഈ മാസം 26 ന് മുംബൈ തുറമുഖത്ത് എത്തിയ വാണിജ്യക്കപ്പലായ എംവി ചെം പ്ലൂട്ടോയില്‍ ഇന്ത്യന്‍ നാവികസേന വിശദമായ പരിശോധന നടത്തിയിരുന്നു. ന്യൂ മംഗലാപുരം തുറമുഖത്തിലേക്കുള്ള യാത്രാ മധ്യേ അറബിക്കടലില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തുവച്ച് കപ്പലിനു നേരേ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. ലൈബീരിയയുടെ പതാകയുള്ള എംവി ചെം പ്ലൂട്ടോയ്ക്ക് നേരെ ശനിയാഴ്ചയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. കപ്പലിലെ ജീവനക്കാരില്‍ 21 പേര്‍ ഇന്ത്യക്കാരാണ്.

അറബിക്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ കണക്കിലെടുത്ത് നിരീക്ഷണത്തിനായി നാവികസേന പി 8 ഐ ലോങ് റേഞ്ച് പട്രോളിങ് വിമാനവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മേഖലയില്‍ യുദ്ധക്കപ്പലുകളായ ഐഎന്‍എസ് മോര്‍മുഗാവോ, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നിവയെയും വിന്യസിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മൂന്ന് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളും അറബിക്കടലില്‍ വിന്യസിച്ചിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡുമായും അതുമായി ബന്ധപ്പെട്ട എല്ലാ ഏജന്‍സികളുമായും ഏകോപിപ്പിച്ച് പടിഞ്ഞാറന്‍ നേവല്‍ കമാന്‍ഡിന്റെ മാരിടൈം ഓപ്പറേഷന്‍സ് സെന്റര്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.