വത്തിക്കാൻ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2023 ൽ മാത്രം 20 മിഷനറിമാർ വിശ്വാസത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ടതായി വത്തിക്കാൻ ഏജൻസിയായ ഫിഡെസ്. ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ മിഷനറിമാർ കൊലചെയ്യപ്പെട്ടതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
തീവ്രവാദികളും കൊള്ളസംഘങ്ങളും കൂടുതലുള്ള നൈജീരിയയിൽ രണ്ട് വൈദികരും ഒരു സെമിനാരിക്കാരനും ബെനഡെക്റ്റൈനും കൊല്ലപ്പെട്ടു. സെൻട്രൽ നൈജീരിയയിലെ മിന്ന രൂപതയിലെ ഇടവകയിൽ സായുധ സംഘത്തിന്റെ ആക്രമണത്തിനിടെ ജീവനോടെ ചുട്ടെരിക്കപ്പെട്ട 61കാരനായ വൈദികൻ ഐസക് ആച്ചിയും ജീവൻ വെടിഞ്ഞവരിൽ ഉൾപ്പെടുന്നു. ആഫ്രിക്കയിൽ, ബുർക്കിന ഫാസോയിൽ രണ്ട് മിഷനറിമാർ കൊല്ലപ്പെട്ടു. ടാൻസാനിയയിലെ ഇടവകയിലുണ്ടായ ആക്രമണത്തിൽ ഒരു വൈദികൻ കൊല്ലപ്പെട്ടു.
രണ്ടാം സ്ഥാനത്ത് ആറ് മിഷനറിമാർ കൊല്ലപ്പെട്ട അമേരിക്കയാണ്. മെക്സിക്കോയിലും അമേരിക്കയിലുമായി ഒരു ബിഷപ്പും മൂന്നു വൈദികരും കൊല്ലപ്പെട്ടിട്ടുണ്ട്. ലോസ് ആഞ്ചലസിലെ സഹായ മെത്രാൻ ബിഷപ്പ് ഡേവിഡ് ഒ കോണെൽ, സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്ക ദൈവാലയത്തിലെ വൈദികനായിരുന്ന സ്റ്റീഫൻ ഗട്ട്‌സെൽ, ഫാദർ നെബ്രാസ്ക എന്നിവരാണ് കൊല്ലപ്പെട്ടവർ.
ഏഷ്യയിൽ 2023ൽ നാല് കത്തോലിക്കാ വിശ്വാസികൾ കൊല്ലപ്പെട്ടു. മറാവി സിറ്റിയിലെ മിൻഡനാവോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ അടുത്തിടെ നടന്ന ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്‌ഫോടനത്തിന് ഇരയായവരിൽ രണ്ട് ഫിലിപ്പിനോ കാത്തലിക്ക വിദ്യാർത്ഥികളും ഉൾപ്പെടുന്നു.
ഇസ്രയേൽ സ്‌നൈപ്പർ നടത്തിയ ആക്രമണത്തിൽ ഗാസയിലെ ഹോളി ഫാമിലി കാത്തോലിക്ക ദൈവാലയത്തിൽ രണ്ട് ക്രിസ്ത്യൻ സ്ത്രീകൾ കൊല്ലപ്പെട്ടു. നഹിദ ഖലീൽ ആന്റണും അവരുടെ മകൾ സമർ കമാൽ ആന്റണുമാണ് കൊല്ലപ്പെട്ടത്. സന്യാസാശ്രമത്തിലേക്കു നടക്കുന്നതിനിടയ്ക്കാണ് ഇരുവർക്കും വെടിയേൽക്കുന്നത്
ഈ വർഷം ആദ്യം സ്‌പെയിനിൽ മറ്റൊരു സാധാരണക്കാരൻ കൊല്ലപ്പെട്ടിരുന്നു. കാഡിസ് പ്രവിശ്യയിലെ അൽജെസിറാസിലെ ന്യൂസ്ട്ര സെനോറ ഡി ലാ പാൽമ ഇടവകയിലെ സാക്രിസ്ഥാനായ ഡീഗോ വലൻസിയയെ ജനുവരിയിൽ ഒരു മൊറോക്കൻ യുവാവ് വെട്ടുകത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു.
റെക്‌ടറികൾക്കും കോൺവെന്റുകൾക്കും നേരെയുള്ള ആക്രമണങ്ങൾ, തങ്ങളുടേതായ ഒരു തെറ്റും കൂടാതെയുള്ള തട്ടിക്കൊണ്ടുപോകലുകൾ, തീവ്രവാദ പ്രവർത്തനങ്ങൾ, വെടിവയ്പുകളോ വിവിധതരത്തിലുള്ള അക്രമ പ്രവർത്തനങ്ങളോ നിരവധിയാണെന്നും ഫിഡെസ് റിപ്പോർട്ടിൽ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.