'വിശ്വാസത്തെ മുറുകെ പിടിച്ച് ആധുനികതയെ പുല്‍കിയ ഇടയന്‍'; ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

'വിശ്വാസത്തെ മുറുകെ പിടിച്ച് ആധുനികതയെ പുല്‍കിയ ഇടയന്‍'; ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

സഭയുടെ രണ്ടായിരം വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച മാര്‍പാപ്പ. ആധുനിക കാലത്ത് സ്ഥാന ത്യാഗം ചെയ്ത ഏക മാര്‍പാപ്പ. അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് കാലം ചെയ്ത മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്. 2005 മുതല്‍ 2013 വരെ കത്തോലിക്കാ സഭയെ നയിച്ച ബെനഡിക്റ്റ് പതിനാറാമന്‍ വൈദ്യശാസ്ത്രത്തിലും ആഴത്തില്‍ അറിവ് നേടിയിരുന്നു. 2022 ഡിസംബര്‍ 31 ന് കാലം ചെയ്യുന്നതുവരെ പുരോഗമനപരമായ കാഴ്ചപ്പാട് പുലര്‍ത്തുമ്പോഴും കൈക്കൊണ്ട വിശ്വാസത്തെ അദേഹം മുറുകെ പിടിച്ചിരുന്നു. ട്വിറ്റര്‍, യൂട്യൂബ് തുടങ്ങി സാമൂഹിക മാധ്യമങ്ങളില്‍ സാന്നിധ്യം അറിയിച്ച ആദ്യ മാര്‍പാപ്പ കൂടിയായിരുന്നു ബെനഡിക്ട് പതിനാറാമന്‍.

സഭാ ചരിത്രത്തില്‍ വിരളമായി മാത്രം സംഭവിക്കുന്നതാണ് മാര്‍പാപ്പമാര്‍ സ്ഥാന ത്യാഗം ചെയ്യുക എന്നത്. അനാരോഗ്യം കാരണം മാര്‍പാപ്പയുടെ വലിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുവാന്‍ തനിക്ക് സാധിക്കുന്നില്ല എന്ന കാരണത്താല്‍ ബെനഡിക്ട് മാര്‍പാപ്പ സ്ഥാന ത്യാഗം ചെയ്യുകയായിരുന്നു. അതിനുശേഷം വത്തിക്കാനിലെ മാത്തര്‍ എക്‌ളീസിയ ആശ്രമത്തിലായിരുന്നു ബെനഡിക്ട് പതിനാറാമന്റെ വാസം.

ജര്‍മ്മനിയിലെ ബവേറിയയിലുള്ള മാര്‍ക്ടല്‍ ആം ഇന്നില്‍ 1927 ഏപ്രില്‍ 16 നായിരുന്നു പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ ജനനം. ജോസഫ് അലോയിസ് റാറ്റ്‌സിങര്‍ എന്നാണ് യഥാര്‍ഥ പേര്. പൊലീസുകാരനായ ജോസഫ് റാറ്റ്‌സിങര്‍, സീനിയര്‍ ഹോട്ടല്‍ ജീവനക്കാരിയായിരുന്ന മരിയ റാറ്റ്‌സിങര്‍ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയവനായിരുന്നു ജോസഫ് അലോയിസ് റാറ്റ്‌സിങര്‍.

1933 ല്‍ നാസികള്‍ ജര്‍മ്മനിയില്‍ അധികാരം കയ്യടക്കുമ്പോള്‍ ബെനഡിക്റ്റ് പതിനാറാമന് ആറു വയസായിരുന്നു. അടിയുറച്ച കത്തോലിക്കാ വിശ്വാസികളായിരുന്നു കുടുംബം. 1939 ലാണ് ജോസഫ് അലോയിസ് റാറ്റ്‌സിങര്‍ സെമിനാരിയില്‍ ചേരുന്നത്. യുവാവായിരിക്കെ സൈനിക സേവനവും അദേഹം ചെയ്തിട്ടുണ്ട്. 1941ല്‍ ഹിറ്റ്ലര്‍ യൂത്തില്‍ ചേര്‍ന്നുകൊണ്ടായിരുന്നു തുടക്കം. റാറ്റ്‌സിങര്‍ക്ക് പതിനാല് വയസ് പ്രായമായപ്പോള്‍ നാസികളുടെ യുവജന വിഭാഗത്തിലേക്ക് നിര്‍ബന്ധിതമായി ചേര്‍ക്കപ്പെട്ടെങ്കിലും അവരുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും അദേഹം വിട്ടു നിന്നു.

1943 ല്‍ ജര്‍മ്മന്‍ സൈന്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഹംഗറി, ബവേറിയ തുടങ്ങിയ പ്രദേശങ്ങളില്‍ സൈനികനായും പ്രവര്‍ത്തിച്ചു. 1945 ഏപ്രിലില്‍ അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലായി കുറച്ചുകാലം തടവിലും കഴിയേണ്ടി വന്നു. യുദ്ധാനന്തരം സെമിനാരിയിലെ വിദ്യാഭ്യാസം തുടര്‍ന്നു. 1951 ജൂണില്‍ വൈദിക പദവി ലഭിച്ചു.

1953 ല്‍ മ്യൂണിക്ക് സര്‍വകലാശാലയില്‍ ദൈവ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. 1957 ല്‍ അധ്യാപനത്തില്‍ യോഗ്യത നേടിയ ശേഷം 1959 വരെ ഫ്രീസിങിലെ ഹയര്‍ സ്‌കൂള്‍ ഓഫ് ഫിലോസഫി ആന്‍ഡ് തിയോളജിയില്‍ ദൈവശാസ്ത്രം പഠിപ്പിച്ചു. പിന്നീട് ബോണ്‍ സര്‍വകലാശാലയിലും (1959-69) മണ്‍സ്റ്ററിലെ സര്‍വകലാശാലകളിലും (1963-66) പഠിപ്പിച്ചു. 1969 ല്‍ അദേഹം റീജന്‍സ്ബര്‍ഗ് സര്‍വകലാശാലയിലേക്ക് മാറി. അവിടെ തന്നെ വൈസ് പ്രസിഡന്റായി. തന്റെ നീണ്ട അക്കാഡമിക് ജീവിതത്തില്‍, ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ക്രിസ്റ്റ്യാനിറ്റി (1968), ഡോഗ്മ ആന്‍ഡ് റെവിലീഷന്‍ (1973) തുടങ്ങി നിരവധി സുപ്രധാന ദൈവശാസ്ത്ര കൃതികളും എഴുതി.

ദൈവശാസ്ത്രത്തിലെ അദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കൊളോണിലെ ആര്‍ച്ച് ബിഷപ്പ് ജോസഫ് ഫ്രിങ്‌സ് ബെനഡിക്ട് പതിനാറാമനോട് തന്റെ സഹായിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു.

റാറ്റ്‌സിങര്‍ റേഗന്‍സ്ബുര്‍ഗ് സര്‍വ്വകലാശാലയുടെ വൈസ് പ്രസിഡന്റ് ആയിരിക്കുന്ന സമയത്താണ് 1977 മാര്‍ച്ച് 24 ന് മ്യൂണിക്-ഫ്രയ്‌സിക് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി മാര്‍പാപ്പ അദേഹത്തെ നിയമിച്ചത്.

ആ വര്‍ഷം ജൂണ്‍ 27 ന് പോള്‍ ആറാമന്‍ മാര്‍പാപ്പ അദേഹത്തെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. 1981 നവംബര്‍ 25 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാള്‍ റാറ്റ്‌സിങറെ വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനായി നിയമിച്ചു. ഈ ചുമതലയില്‍ ഇരിക്കുന്ന സമയത്ത് തന്നെയാണ് കര്‍ദിനാള്‍ സംഘത്തിന്റെ വൈസ് ഡീനായും പിന്നീട് ഡീനായും കര്‍ദിനാള്‍ റാറ്റ്‌സിങര്‍ സേവനമനുഷ്ഠിച്ചത്.

1981 നവംബര്‍ 25 ന് അദേഹത്തിന്റെ സുഹൃത്തായ പോപ്പ് അദേഹത്തെ വിശ്വാസ പ്രമാണങ്ങളുടെ സഭയുടെ പ്രിഫെക്റ്റ് ആയി നിയമിച്ചു. ജോണ്‍ പോള്‍ രണ്ടാമന് അദേഹത്തെ നന്നായി അറിയാമായിരുന്നു. സഭയെക്കുറിച്ചുള്ള അവരുടെ വീക്ഷണങ്ങളും ഒന്നു തന്നെയായിരുന്നു. രണ്ട് ദശാബ്ദത്തിലേറെയായി ബെനഡിക്റ്റ് പതിനാറാമന്‍ പോപ്പിന്റെ ഏറ്റവും അടുത്ത ഉപദേശകനുമായി. നിരവധി ഭാഷകള്‍ സംസാരിക്കുന്ന അദേഹം മികച്ച പിയാനിസ്റ്റ് കൂടിയായിരുന്നു.

കൂടാതെ ഗര്‍ഭഛിദ്രം, സ്വവര്‍ഗ പ്രണയം, മതാന്തര സംവാദം എന്നീ മേഖലകളിലെല്ലാം പരമ്പരാഗത കത്തോലിക്കാ വിശ്വാസങ്ങള്‍ പരിപാലിക്കുന്നതിന് അദേഹം പ്രാധാന്യം നല്‍കി. ബെനഡിക്ട് മാര്‍പാപ്പയുടെ അഭിപ്രായത്തില്‍, ക്രിസ്തീയ ജീവിതം എന്ന് പറയുന്നത് ക്രിസ്തുവുമായുള്ള സൗഹൃദമാണ്. നമ്മുടെ ജീവിതത്തിന്റെ ഹൃദയ വാതിലുകള്‍ ക്രിസ്തുവിനു വേണ്ടി തുറക്കുന്നിടത്താണ് യഥാര്‍ത്ഥ ജീവിതം നാം കണ്ടെത്തുന്നത്. ഈ ആശയം ബെനഡിക്ട് മാര്‍പാപ്പയ്ക്ക് ഏറ്റം പ്രിയപ്പെട്ടതായിരുന്നതിനാല്‍ തന്റെ പ്രസംഗങ്ങളിലും എഴുത്തുകളിലും അത് സ്ഥിരമായി ഉപയോഗിച്ചിരുന്നു.

ക്രിസ്തുവുമായുള്ള സൗഹൃദത്തില്‍ വളരുന്നതിന് സഭാമക്കളെ സഹായിക്കുന്നതിനായിട്ടാണ് 'നസറത്തിലെ യേശു' എന്ന മൂന്നു വാല്യങ്ങളിലുള്ള കൃതി മാര്‍പാപ്പ എഴുതിയത്.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കാലം ചെയ്തതിനു ശേഷം നടന്ന കോണ്‍ക്ലേവില്‍ വച്ച് 78 വയസുള്ള കര്‍ദിനാള്‍ റാറ്റ്‌സിങര്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും ബെനഡിഡിക്ട് എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധ കാലത്ത് സഭയ്ക്ക് ശക്തമായ നേതൃത്വം നല്‍കിയ ബെനഡിഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പയോടും യൂറോപ്പിലെ ക്രിസ്തീയ സംസ്‌കാരത്തിന് വേരു പാകിയ നൂര്‍സിയായിലെ വി. ബെനഡിക്ടിനോടുമുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനാണ് താന്‍ ഈ പേര് സ്വീകരിച്ചതെന്ന് അദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.