ഡെന്മാർക്ക് രാജ്ഞി പദവിയൊഴിഞ്ഞു ; മകൻ ഫ്രെഡറിക് പുതിയ രാജാവാകും; ഓസ്ട്രേലിയക്കാരി മേരി എലിസബത്ത് ഡൊണാൾ​ഡ്സൻ രാജ്ഞിയാകും

ഡെന്മാർക്ക് രാജ്ഞി പദവിയൊഴിഞ്ഞു ; മകൻ ഫ്രെഡറിക് പുതിയ രാജാവാകും; ഓസ്ട്രേലിയക്കാരി മേരി എലിസബത്ത് ഡൊണാൾ​ഡ്സൻ രാജ്ഞിയാകും

കോപൻഹേഗൻ: 2024 ൽ സ്ഥാനമൊഴിയുമെന്ന പ്രഖ്യാപനവുമായി ഡെന്മാർക്ക് രാജ്ഞി മാർഗ്രേത II. പുതുവത്സര രാവിൽ നടത്തിയ പ്രഭാഷണത്തിലാണ് 83 കാരിയായ മാർഗ്രേത II തൻറെ സ്ഥാന കൈമാറ്റ പ്രഖ്യാപനം നടത്തിയത്. മകനും കിരീടാവകാശിയുമായ ഫ്രെഡറിക് രാജകുമാരനാണ് ഇനി സ്ഥാനം അലങ്കരിക്കുക. ഫ്രെഡറിക്ക് 2004 ൽ ഓസ്ട്രേലിയക്കാരിയായ മേരി എലിസബത്ത് ഡൊണാൾ​ഡ്സിനെ വിവാഹം കഴിച്ചിരുന്നു. മേരി എലിസബത്ത് ഡൊണാൾ​ഡ്സനായിരിക്കും പുതിയ രാജ്ഞി.
ഫ്രെഡറിക് രാജകുമാരനും ഭാര്യയും

52 വർഷമായി ഡെന്മാർക്കിൻറെ രാജ്ഞിയായി തുടരുന്നു. ഇത്രയും വർഷങ്ങൾ ഉറപ്പായും എൻറെയും നിങ്ങളുടെയും ഉള്ളിൽ മറക്കാനാകാത്തതാകും. കാലം കഴിയുംതോറും അസുഖങ്ങളും കൂടിവരികയാണ്. ഇനിയെല്ലാം പഴയതുപോലെ കൈകാര്യം ചെയ്യാൻ കഴിഞ്ഞെന്ന് വരില്ലെന്ന് രാജ്ഞി പറഞ്ഞു.

ഫെബ്രുവരിയിൽ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഭാവിയെക്കുറിച്ച് ആലോചിച്ച് ആശങ്കയുണ്ട്. ഇനി അടുത്ത തലമുറ ഭരിക്കട്ടെെയെന്നും രാജ്ഞി കൂട്ടിച്ചേർത്തു. 2024 ജനുവരി 14ന് മകൻ ഫ്രെഡറിക് രാജകുമാരന് രാജ്ഞി കിരീട കൈമാറ്റം നടത്തും.

അച്ഛനും രാജാവുമായിരുന്ന ഫ്രഡറിക് IX ന്റെ മരണത്തിന് പിന്നാലെ 1972 ലാണ് മാർഗ്രേത II, ഡെന്മാർക്കിന്റെ രാജ്ഞി പദത്തിലെത്തുന്നത്. തുടർന്ന് 52 കൊല്ലം സ്ഥാനംവഹിച്ചു. 2022 സെപ്റ്റംബറിൽ ബ്രിട്ടനിലെ എലിസബത്ത് II അന്തരിച്ചതോടെ, യൂറോപ്പിൽ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന ചക്രവർത്തിനി എന്ന നേട്ടം മാർഗ്രേത II സ്വന്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.