മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സേനാവേഷത്തില്‍ എത്തിയവര്‍ നടത്തിയ വെടിവയ്പില്‍ 4 മരണം, 14 പേര്‍ക്ക് പരിക്ക്; മേഖലയില്‍ കര്‍ഫ്യൂ

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സേനാവേഷത്തില്‍ എത്തിയവര്‍ നടത്തിയ വെടിവയ്പില്‍ 4 മരണം, 14 പേര്‍ക്ക് പരിക്ക്; മേഖലയില്‍ കര്‍ഫ്യൂ

തൗബാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മണിപ്പൂരിലെ തൗബാല്‍ ജില്ലയില്‍ സേനാവേഷത്തിലെത്തിയ അക്രമികള്‍ നടത്തിയ വെടിവയ്പില്‍ നാലു പേര്‍ മരിച്ചു. 14 ഓളം പേര്‍ക്ക് പരിക്കേറ്റു.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ വീണ്ടും ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. അഞ്ച് ജില്ലകളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചു.

അതേ സമയം, എല്ലാവരും അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് അഭ്യര്‍ഥിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം പുറത്തുവിട്ട വിഡിയോയിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ചയും മണിപ്പൂരിലെ മോറെയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. രണ്ട് വീടുകള്‍ക്ക് തീയിട്ട അക്രമികള്‍ സുരക്ഷാസേനയുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റു.

പെട്രോളിംഗ് നടത്തുന്നതിനിടെ പോലീസ് വാഹനവ്യൂഹത്തിനു നേരെ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അപ്രതീക്ഷിത വെടിവെയ്പ്പിലാണ് പോലീസുകാരന് പരിക്കേറ്റത്. തുടര്‍ന്ന് സുരക്ഷാസേന അക്രമികള്‍ക്ക് നേരെ തിരിച്ചടിച്ചു.

ആക്രമികള്‍ സുരക്ഷാ സേനയ്ക്ക് നേരെ ഐഇഡി പ്രയോഗിച്ചുവെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥന്‍ അസം റൈഫിള്‍സിന്റെ ക്യാമ്പില്‍ ചികിത്സയില്‍ കഴിയുകയാണ്.

മെയ് 2023ലാണ് മണിപ്പൂരില്‍ ആദ്യമായി മെയ്തി വിഭാഗവും മറ്റ് ആദിവാസി വിഭാഗങ്ങളുമായി സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മണിപ്പൂരിലെ ഭൂരിപക്ഷം വരുന്ന മെയ്തി വിഭാഗം പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് പ്രതിഷേധ മാര്‍ച്ച് നടത്തിയതിനു പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്.

ഏകദേശം 40 ശതമാനത്തോളം വരുന്ന നാഗാ, കുക്കി ട്രൈബല്‍ വിഭാഗങ്ങള്‍ മെയ്തിയുമായി പല തവണ ഏറ്റുമുട്ടിയത് രക്തചൊരിച്ചിലിന് കാരണമായി. ഇതുവരെയുള്ള കണക്കനുസരിച്ച് 180 പേരാണ് വിവിധ സംഘര്‍ഷങ്ങളിലായി മരണപ്പെട്ടിട്ടുള്ളത്. സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ പതിനായിരത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.