നിക്കരാഗ്വയിൽ 2023ൽ തട്ടിക്കൊണ്ടുപോയത് രണ്ട് ബിഷപ്പുമാരെയും 15 വൈദികരെയും; രാജ്യത്തിനുവേണ്ടി പ്രത്യേകം പ്രാർഥിക്കണമെന്ന് മാർപാപ്പ

നിക്കരാഗ്വയിൽ 2023ൽ തട്ടിക്കൊണ്ടുപോയത് രണ്ട് ബിഷപ്പുമാരെയും 15 വൈദികരെയും; രാജ്യത്തിനുവേണ്ടി പ്രത്യേകം പ്രാർഥിക്കണമെന്ന് മാർപാപ്പ

മനാഗ്വ: നിക്കരാഗ്വ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും, കത്തോലിക്കാ സഭയ്‌ക്കെതിരായ സ്വേച്ഛാധിപത്യ ഭരണകൂട ക്രൂരത മാറ്റമില്ലാതെ തുടരുന്നു. 2023 ൽ മാത്രം തട്ടിക്കൊണ്ടുപോയത് രണ്ട് ബിഷപ്പുമാരെയും 15 വൈദികരെയും രണ്ട് സെമിനാരിക്കാരെയുമാണ്.

'നിക്കരാഗ്വ എ പെർസിക്യൂറ്റഡ് ചർച്ച്' (നിക്കരാഗ്വ ഒരു പീഡിത സഭ) എന്ന ഗവേഷണത്തിന്റെ രചയിതാവും അഭിഭാഷകയും ഗവേഷകയുമായ മാർത്ത പട്രീഷ്യ മൊലിനയുടെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത്. 2018 മുതൽ കത്തോലിക്കാ സഭയ്‌ക്കെതിരായ ഒർട്ടെഗ ഭരണകൂടത്തിന്റെ ആക്രമണങ്ങൾ വർധിച്ചുവരുകയാണ്. ഡിസംബർ 31 ന്, ജിനോടെഗ രൂപതയിലെ സാന്താ മരിയ ഡി പന്താസ്മയിലെ ന്യൂസ്ട്ര സെനോറ ഡി ലോസ് ഡോളോറസ് ഇടവകയിലെ ഇടവക വികാരിയായ ഫാദർ ഗുസ്താവോ സാന്ഡിനോ ഒച്ചോവയെ പൊലീസും അർധസൈനികരും ചേർന്ന് തട്ടിക്കൊണ്ടുപോയി.

ബിഷപ്പ് മോറയെ ഡിസംബർ 20 നാണ് പോലീസും അർധസൈനികരും ചേർന്ന് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലിന് ഒരുദിവസം മുമ്പ് അദേഹം ബിഷപ്പ് റൊളാൻഡോ അൽവാരസിനുവേണ്ടി പ്രാർഥിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ വൈദികരിൽ രണ്ടുപേരെ മാത്രം മോൺസിഞ്ഞോർ ഓസ്‌കാർ എസ്‌കോട്ടോ, ഫാദർ ജാദർ ഗൈഡോ എന്നിവരെ യഥാക്രമം ഡിസംബർ 22, 24 തീയതികളിൽ കൊണ്ടുപോയി പിന്നീട് വിട്ടയച്ചു. എന്നിരുന്നാലും, ഇരുവരും പോലീസിന്റെയും അർദ്ധസൈനികരുടെയും നിരീക്ഷണത്തിലാണെന്ന് മാർത്ത പട്രീഷ്യ മൊലിന റിപ്പോർട്ടിൽ പറയുന്നു.

നിക്കരാഗ്വയിൽ പീഡനം തുടരുന്ന സാഹചര്യത്തിൽ ആ രാജ്യത്തിനുവേണ്ടി പ്രത്യേകം പ്രാർഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. 2023 ൽ മാത്രം നിക്കരാഗ്വയിൽ അകാരണമായി അറസ്റ്റ് ചെയ്തത് രണ്ടു ബിഷപ്പുമാരെയും 15 ഓളം വൈദികരെയുമാണ്. 2024 ലെ ആദ്യ ദിനത്തിൽ തന്നെ ആഞ്ചലൂസ് പ്രാർഥിനയ്ക്കുശേഷമാണ് പാപ്പായുടെ ഈ ആഹ്വാനം.

ബിഷപ്പുമാരുടെയും വൈദികരുടെയും സ്വാതന്ത്ര്യം ഹനിക്കപ്പെട്ട നിക്കരാഗ്വയിൽ എന്താണ് സംഭവിക്കുന്നത് എന്നുള്ളത് ഞാൻ ആഴമായ ആശങ്കയോടെയാണ് കാണുന്നത്. അവരോടും അവരുടെ കുടുംബങ്ങളോടും രാജ്യത്തെ മുഴുവൻ സഭയോടും പ്രാർഥനയിൽ എന്റെ സാമീപ്യം ഞാൻ പ്രകടിപ്പിക്കുന്നെന്ന് പാപ്പാ വെളിപ്പെടുത്തി.

ഇവിടെ സന്നിഹിതരായിരിക്കുന്ന നിങ്ങളെയും എല്ലാ ദൈവജനങ്ങളെയും, ഈ രാജ്യത്തിനുവേണ്ടി പ്രാർഥിക്കാൻ ഞാൻ ക്ഷണിക്കുന്നു. അതേസമയം പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി സംഭാഷണത്തിന്റെ പാത എപ്പോഴും തേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിക്കരാഗ്വയ്ക്കുവേണ്ടി നമുക്ക് പ്രാർഥിക്കാമെന്ന് പാപ്പാ ഓർമ്മപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.