'ഇസ്രയേലിനെ ആക്രമിച്ചവര്‍ സ്വന്തം മരണ വാറണ്ടില്‍ ഒപ്പിട്ടു കഴിഞ്ഞു'; ഓര്‍മ്മപ്പെടുത്തലുമായി മൊസാദ് തലവന്‍ ഡേവിഡ് ബര്‍നിയ

 'ഇസ്രയേലിനെ ആക്രമിച്ചവര്‍ സ്വന്തം മരണ വാറണ്ടില്‍ ഒപ്പിട്ടു കഴിഞ്ഞു'; ഓര്‍മ്മപ്പെടുത്തലുമായി മൊസാദ് തലവന്‍ ഡേവിഡ് ബര്‍നിയ

ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിനുണ്ടായ ഹമാസ് ആക്രമണത്തില്‍ പങ്കെടുത്ത ഓരോരുത്തരും സ്വന്തം മരണ വാറണ്ടില്‍ ഒപ്പിട്ടു  കഴിഞ്ഞുവെന്ന് ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബര്‍നിയ. ടൈംസ് ഓഫ് ഇസ്രയേലാണ് അദേഹത്തിന്റെ മുന്നറിയിപ്പ് റിപ്പോര്‍ട്ട് ചെയ്തത്.

മുന്‍ മൊസാദ് തലവന്‍ സ്വി സമീറിന്റെ ശവസംസ്‌കാര ചടങ്ങിനിടെയായിരുന്നു ഹമാസിനുള്ള ബര്‍നിയയുടെ മുന്നറിയിപ്പ്. ഹമാസ് നേതാക്കളെ ഉന്മൂലനം ചെയ്യാനുള്ള ഇസ്രയേലിന്റെ ദൗത്യത്തിന് പൂര്‍ണ പിന്തുണ നല്‍കിയ ആളായിരുന്നു സമീര്‍. 1972 ല്‍ മ്യൂണിക് ഒളിമ്പിക്സ് നടക്കുന്നതിനിടെ 11 ഇസ്രയേലി അത്ലറ്റുകളെ കൊലപ്പെടുത്തിയവരെ ഇല്ലാതാക്കാന്‍ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടമാണ് അദേഹം നടത്തിയത്.

'അമ്പത് വര്‍ഷം മുന്‍പത്തെപ്പോലെ ഇന്നും നാം യുദ്ധത്തിന്റെ നടുവിലാണ്. ഗാസ അതിര്‍ത്തി താണ്ടി ആക്രമണം നടത്തിയ കൊലപാതകികളും അതിന് നിര്‍ദേശിച്ചവരും ഓര്‍ത്തു വെയ്ക്കണം. എവിടെയാണെങ്കിലും അവരെ നമ്മുടെ കൈകളില്‍ കിട്ടും. സമീറിന്റെ ആത്മാവ് നമുക്കൊപ്പമുണ്ടാവും.

തന്റെ മകന്‍ സ്വന്തം മരണ വാറണ്ടില്‍ ഒപ്പുവെച്ചുവെന്നത് ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ പങ്കെടുത്ത ഓരോരുത്തരുടെയും അറബ് മാതാക്കള്‍ അറിയട്ടെ'- ബര്‍നിയ പ്രസംഗത്തില്‍ പറഞ്ഞു. 1968 മുതല്‍ 1974 വരെ സ്വി സമീര്‍ ആയിരുന്നു മൊസാദിനെ നയിച്ചത്. 98-ാം വയസില്‍ ചൊവ്വാഴ്ചയായിരുന്നു അദേഹത്തിന്റെ അന്ത്യം.

ഹമാസ് ഉപമേധാവി സലാഹ് അല്‍ അറൂരി കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ബര്‍നിയയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. അറൂരിയുടെ കൊലപാതകത്തില്‍ തിരിച്ചടിക്കുമെന്ന് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഇസ്രയേലിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.