വിമാനത്തില്‍ വിളമ്പിയ സാന്‍ഡ് വിച്ചില്‍ ജീവനുള്ള പുഴു: ഇന്‍ഡിഗോയ്ക്ക് ഫുഡ് സേഫ്റ്റി അധികൃതരുടെ കാരണം കാണിക്കല്‍ നോട്ടീസ്

വിമാനത്തില്‍ വിളമ്പിയ സാന്‍ഡ് വിച്ചില്‍ ജീവനുള്ള പുഴു: ഇന്‍ഡിഗോയ്ക്ക് ഫുഡ് സേഫ്റ്റി അധികൃതരുടെ കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ വിമാനത്തില്‍ യാത്രക്കാക്ക് നല്‍കിയ സാന്‍ഡ് വിച്ചില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയ സംഭവത്തില്‍ ഇടപെട്ട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഒഫ് ഇന്ത്യ(എഫ്എസ്എസ്എഐ).

ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ എഫ്എസ്എസ്എഐ ഇന്‍ഡിഗോയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. വിമാനത്തില്‍ യാത്രക്കാരിക്ക് നല്‍കിയ ഭക്ഷണം മനുഷ്യര്‍ക്ക് കഴിക്കാന്‍ സുരക്ഷിതമല്ലാത്തതാണെന്നും ഇതില്‍ വിശദീകരണം വേണമെന്നുമാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ മാസം 29 നാണ് ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരിക്ക് നല്‍കിയ ചിക്കന്‍ സാന്‍ഡ് വിച്ചില്‍ നിന്നും ജീവനുള്ള പുഴുവിനെ കണ്ടെത്തിയത്. യാത്രക്കാരി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

ഡല്‍ഹിയില്‍ നിന്ന് മുംബയിലേയ്ക്കുള്ള ഇന്‍ഡിഗോയുടെ 6ഇ 6107 വിമാനത്തിലെ യാത്രക്കാരിക്കാണ് ദുരനുഭവം ഉണ്ടായത്. സാന്‍ഡ് വിച്ചില്‍ നിന്ന് പുഴുവിനെ ലഭിച്ചെന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെ അറിയിച്ചിട്ടും മറ്റ് യാത്രക്കാര്‍ക്ക് അതേ സാന്‍ഡ്വിച്ച് വിളമ്പുന്നത് തുടര്‍ന്നുവെന്നും യുവതി പറയുന്നു.

സാന്‍ഡ് വിച്ചിന് ഗുണനിലവാരമില്ല എന്ന കാര്യം മറ്റ് യാത്രക്കാരെ അറിയിക്കാന്‍ വിമാന ജീവനക്കാര്‍ തയ്യാറായില്ല. പകരം ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തും എന്നാണ് ജീവനക്കാരി പറഞ്ഞതെന്ന് യുവതി ആരോപിച്ചു.

ആരോഗ്യ പ്രവര്‍ത്തകയായ യുവതി പുഴുവരിക്കുന്ന സാന്‍ഡ് വിച്ചിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതോടെ ഇന്‍ഡിഗോയ്ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് യുവതിയോട് മാപ്പ് പറഞ്ഞു.

ഈ സംഭവത്തില്‍ സമഗ്രമായ പരിശോധന നടത്തുമെന്നും ഉപിതമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പാക്കുമെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.