വ്യാപാരികളുടെ പുതിയ പാര്‍ട്ടി ഉടന്‍; പിന്തുണ യുഡിഎഫിന്

വ്യാപാരികളുടെ പുതിയ പാര്‍ട്ടി ഉടന്‍; പിന്തുണ യുഡിഎഫിന്

കൊച്ചി: കേരളത്തിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി ഈ മാസം അവസാനത്തോടെ നിലവില്‍ വരും. സമിതിയിലെ പത്ത് ലക്ഷത്തിലധികം പേരും അവരുടെ കുടുംബങ്ങളും അംഗങ്ങളായുണ്ടാകുമെന്നാണ് വ്യാപാരി നേതാക്കള്‍ അവകാശപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കാനാണ് വ്യാപാരികളുടെ തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കഴിഞ്ഞ മാസം വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു. എല്‍ഡിഎഫിനോടും യുഡിഎഫിനോയും എന്‍ഡിഎയോടും സമദൂര നിലപാട് സ്വീകരിക്കുമെന്നും ആരോടും പ്രത്യേക മമതയില്ലെന്നും വ്യക്തമാക്കിയിരുന്നെങ്കിലും ഈ നിലപാട് മാറ്റിയിരിക്കുകയാണിപ്പോള്‍. പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ സകല മേഖലകള്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടും വ്യാപാരികള്‍ക്ക് കാര്യമായി ഒന്നും നീക്കിവച്ചില്ല എന്നാണ് നിലപാട് മാറ്റത്തിന് കാരണം.

ഇടതുപക്ഷ സര്‍ക്കാര്‍ വ്യാപാരികളെ അവഗണിച്ചു എന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ പറയുന്നത്. എന്നാല്‍ വിവിധ പാര്‍ട്ടികളുമായി ആഭിമുഖ്യമുള്ളവര്‍ സംഘടനയിലുള്ളതിനാല്‍ ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് സംഘടനയില്‍ ഭിന്നതയ്ക്ക് കാരണമായേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ 10 ലക്ഷം അംഗങ്ങളുണ്ട് എന്നാണ് സംഘടന പറയുന്നത്. അവരുടെ കുടുംബാംഗങ്ങള്‍ കൂടി ചേരുമ്പോള്‍ വലിയ വോട്ട് ബാങ്കായി മാറും. ഓരോ മണ്ഡലത്തിലും നേരിയ വോട്ടുകള്‍ക്കാണ് സ്ഥാനാര്‍ഥികള്‍ ജയിച്ചുവരുന്നത്. അതുകൊണ്ടുതന്നെ തങ്ങള്‍ നിര്‍ണായക ശക്തിയാകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.