അമേരിക്കന്‍ പ്രഖ്യാപനം ഹൂതികള്‍ തള്ളി.
തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ളയുടെ ഭീഷണി.
അറൂരിയുടെ ചോരയ്ക്ക് കണക്ക് ചോദിക്കുമെന്ന് വീണ്ടും ഹമാസ്.
ഇരട്ട സ്‌ഫോടനത്തിന് പിന്നില്‍ ഇസ്രയേലും അമേരിക്കയുമെന്ന് ഇറാന്‍.
ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം മൂന്ന് മാസം പിന്നിടുമ്പോള്‍ ദിവസം തോറുമുണ്ടാകുന്ന അനുബന്ധ പോരാട്ടങ്ങള്‍ പശ്ചിമേഷ്യയെ ഒട്ടാകെ സംഘര്‍ഷഭരിതമാക്കി മാറ്റി.
ഇറാക്കിലെ ഷിയാ സായുധ സംഘടനയായ പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് കമാന്‍ഡര്‍ മുഷ്താഖ് താലിബ് അല്‍ സെയ്ദിയും മൂന്ന് സഹപ്രവര്‍ത്തകരും അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്നലെ കൊല്ലപ്പെട്ടതാണ് മേഖലയിലെ പുതിയ സംഭവ വികാസം. ഇറാനുമായി ബന്ധമുള്ള സംഘടനയാണ് പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് (പി.എം.എഫ്).
ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ പാലസ്തീന്‍ സ്ട്രീറ്റില്‍ പി.എം.എഫിന്റെ അല്‍ നുജാബ മിലീഷ്യ ആസ്ഥാനത്തിന് സമീപം നടന്ന ഡ്രോണ്‍ ആക്രമണത്തിലാണ് മുഷ്താഖ് താലിബ് അല്‍ സെയ്ദി കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിയായി സിറിയയിലെ അമേരിക്കന്‍ സൈനിക ആസ്ഥാനത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി സംഘടന അറിയിച്ചു.
അതിനിടെ ഇറാനിലുണ്ടായ ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും സ്‌ഫോടനത്തിന് പിന്നില്‍ ഇസ്രയേലും അമേരിക്കയും ആണെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ഇറാന്‍. അതേസമയം ലബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ ഒമ്പത് ഹിസ്ബുള്ള ഭീകരര്‍ കൊല്ലപ്പെട്ടു. തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള ഭീഷണി മുഴക്കിയിട്ടുണ്ട്
ചെങ്കടലില്‍ കപ്പലുകള്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ആഞ്ഞടിക്കുമെന്ന അമേരിക്കന്‍ പ്രഖ്യാപനം ഹുതികള്‍ തള്ളിയതും പശ്ചിമേഷ്യയെ കൂടുതല്‍ കലുഷിതമാക്കും. മേഖലയാകെ സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് ഇസ്രയേലിലെത്തും.
ടെല്‍ അവീവില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ ഉള്‍പ്പെടെ അഞ്ച് അറബ് രാജ്യങ്ങളും ബ്ലിങ്കന്‍ സന്ദര്‍ശിക്കും. റാമല്ലയില്‍ പാലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസുമായും കൂടിക്കാഴ്ച നടത്തും.
അതിനിടെ ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹമാസ് നേതാവ് സാലിഹ് അല്‍ അറൂരിയുടെ സംസ്‌കാരം ലബനനിലെ ഷാതില അഭയാര്‍ഥി ക്യാമ്പിന് പുറത്തെ ഖബര്‍സ്ഥാനില്‍ ഇന്നലെ നടന്നു. അറൂരിയുടെ ചോരയ്ക്ക് കണക്ക് ചോദിക്കുമെന്ന ഭീഷണി ഇന്നലെയും ഹമാസ് ആവര്‍ത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.