ടെല്‍ അവീവ്: യുദ്ധം തീര്‍ന്നാലുടനെ ഗാസ മുനമ്പിലെ പലസ്തീനികളെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാന്‍ വിവിധ രാജ്യങ്ങളുമായി ഇസ്രയേല്‍ ചര്‍ച്ച ആരംഭിച്ചെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേലിന്റെ ഹീബ്രു പതിപ്പായ സമാന്‍ ഇസ്രയേലാണ് ഇസ്രയേലിന്റെ ഈ പദ്ധതിയെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
അടുത്തിടെ നടന്ന ലികുഡ് പാര്‍ട്ടി യോഗത്തില്‍, ഗാസയിലുള്ള പാലസ്തീന്‍ പൗരന്‍മാര്‍ക്ക് സ്വമേധയാ രാജ്യംവിടുന്നതിനുള്ള അനുമതി നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൂചിപ്പിച്ചിരുന്നു.
ഇത്തരത്തില്‍ സ്വയം രാജ്യം വിടുന്നതിന് ഗാസയിലുള്ളവര്‍ക്ക് അവസരം നല്‍കുന്നതിനെ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ മത സയണിസവും, ഒത്സ്മ യെഹൂദിത് പാര്‍ട്ടികളും, മറ്റ് വലതുപക്ഷ പാര്‍ട്ടികളും സ്വാഗതം ചെയ്തിരുന്നു.
അതേ സമയം, പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പാലസ്തിന്‍ പൗരന്മാരുടെ നാടുകടത്തലുമായി ബന്ധപ്പെട്ട് കോംഗോ ഉള്‍പ്പെടെയുള്ള ദാരിദ്യ രാജ്യങ്ങളുമായി ഇസ്രയേല്‍ ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. പതിനായിരത്തിലധികം പാലസ്തീന്‍ പൗരന്‍മാര്‍ക്കാണ് ഗാസയില്‍ നിന്ന് നാടുവിടേണ്ടി വരിക.
ഇസ്രയേല്‍ സുരക്ഷാ ക്യാബിനറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സമാന്‍ ഇസ്രയേല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കോംഗോ തയാറാണെന്നും മറ്റ് രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും പറയുന്നു.
സാമ്പത്തിക അസമത്വം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നായ കോംഗോയില്‍ 52.5 ശതമാനം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.