വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയിലെ വൈവിധ്യങ്ങളെ സമ്പന്നതയായി സ്വീകരിക്കാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. ജനുവരി മാസത്തിലെ പ്രാര്‍ഥനാ നിയോഗത്തിലാണ് പാപ്പയുടെ ആഹ്വാനം. കത്തോലിക്കാ സഭയ്ക്കുള്ളിലെ വ്യത്യസ്തമായ ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും സമൃദ്ധിയും സമ്പന്നതയും തിരിച്ചറിയാന്‍ പ്രാര്‍ഥിക്കുക എന്നതാണ് പാപ്പാ ഈ നിയോഗത്തിലൂടെ ആവശ്യപ്പെടുന്നത്.
'കത്തോലിക്ക സഭയ്ക്കുള്ളിലെ വ്യത്യസ്ത സമൂഹങ്ങളുടെ പരമ്പരാഗതമായ ആചാരങ്ങളുടെ സമൃദ്ധി കണ്ടെത്തുന്നതിന് പരിശുദ്ധാത്മാവിനോടു പ്രാര്‍ഥിക്കുക. ആത്മീയതയുടെയും ആരാധനക്രമത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും യഥാര്‍ഥ ഉറവിടങ്ങളിലേക്കു തിരിയുക. സഭയില്‍ ഐക്യം സംജാതമാക്കുക എന്നത് സഭയുടെയും ചരിത്രത്തിലുടനീളമുള്ള ഓരോ ക്രിസ്ത്യാനിയുടെയും കടമയാണ്' - മാര്‍പാപ്പ തുടര്‍ന്നു.
'തിരുസഭ എന്നത് ഒരു വാദ്യവൃന്ദം പോലെയാണ്. അതിലെ ഓരോരുത്തരുടെയും സാധ്യതകളും സവിശേഷതകളും ഒരു നേതൃത്വത്താല്‍ നയിക്കപ്പെടുമ്പോള്‍ കൂട്ടായ്മയില്‍ അത് കൂടുതല്‍ മനോഹരമാകുന്നു. അതില്‍ എല്ലാവരും പ്രധാനപ്പെട്ടവരാണ്. ഇതുപോലെ കത്തോലിക്കാ സഭയും ഐക്യത്തിന്റെയും നാനാത്വത്തിന്റെയും സമ്പന്നത നിറഞ്ഞ ഭവനമാണ്' - മാര്‍പാപ്പ പങ്കുവച്ചു.
ആദിമ ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ നാനാത്വവും ഏകത്വവും ഇതിനകം നിലവിലുണ്ടെന്ന് സൂചിപ്പിച്ച പാപ്പ നാനാത്വത്താല്‍ സൃഷ്ടിക്കപ്പെട്ട സംഘര്‍ഷങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.
പൗരസ്ത്യ സഭകളിലെ ആചാരങ്ങളുടെ വൈവിധ്യത്തിന്റെ ഉദാഹരണം മാര്‍പാപ്പ ചൂണ്ടിക്കാട്ടി. 'അവര്‍ക്ക് അവരുടേതായ പാരമ്പര്യങ്ങളുണ്ട്, അവരുടേതായ സവിശേഷമായ ആരാധനാക്രമങ്ങളുണ്ട്, എന്നിട്ടും അവര്‍ വിശ്വാസത്തില്‍ ഐക്യം നിലനിര്‍ത്തുന്നു. അവര്‍ അതിനെ ശക്തിപ്പെടുത്തുന്നു, വിഭജിക്കുന്നില്ല'.
ക്രിസ്തീയ ഐക്യവും പരിശുദ്ധാത്മാവിന്റെ ദാനമായാണ് നമ്മിലേക്ക് വരുന്നതെന്ന് പരിശുദ്ധ പിതാവ് അനുസ്മരിച്ചു. 'നാം പരിശുദ്ധാത്മാവിനാലാണ് നയിക്കപ്പെടുന്നെതെങ്കില്‍ സമൃദ്ധിയും വൈവിധ്യവും ഒരിക്കലും സംഘര്‍ഷത്തിന് കാരണമാകില്ല. ദൈവസ്‌നേഹത്തില്‍ എല്ലാവരും തുല്യരും എല്ലാവരും വ്യത്യസ്തരും ആണെന്ന് പരിശുദ്ധാത്മാവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു - പാപ്പ ഉപസംഹരിച്ചു.
മാര്‍പാപ്പയുടെ ഇതുവരെയുള്ള പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.