അല്‍ അറൂരിയുടെ വധം: ഇസ്രയേല്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം; ആളപായമില്ല

അല്‍ അറൂരിയുടെ വധം: ഇസ്രയേല്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം; ആളപായമില്ല

ടെല്‍ അവീവ്: ഇറാന്റെ പിന്തുണയുള്ള ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ഇസ്രയേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തി. ഹമാസ് ഉപമേധാവി സാലിഹ് അല്‍ അറൂരി ലെബനനില്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് ഇസ്രയേലി സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കി ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയത്.

62 മിസൈലുകളാണ് ഇസ്രയേല്‍ എയര്‍ കണ്‍ട്രോള്‍ ബേസ് ലക്ഷ്യമാക്കി വിക്ഷേപിച്ചത്. സാലിഹ് അല്‍ അറൂരിയുടെ കൊലപാതകത്തിനുള്ള മറുപടിയാണ് ഇതെന്ന് ഹിസ്ബുള്ള പ്രസ്താവനയില്‍ പറഞ്ഞു.

മെറോണ്‍ വ്യോമ നിരീക്ഷണ കേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടായതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിക്കുകയും ചെയ്തു. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ ദിവസമാണ് ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് നേതാവ് സാലിഹ് അല്‍ അറൂരി കൊല്ലപ്പെട്ടത്. ഇസ്രയേല്‍ ലെബനന്‍ അതിര്‍ത്തിയില്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ പ്രാദേശിക ഹിസ്ബുള്ള ഉദ്യോഗസ്ഥനായ ഹുസൈന്‍ യാസ്ബെക്കും സംഘത്തിലെ മറ്റ് എട്ട് അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.

സാലിഹ് അല്‍ അറൂരിയുടെ കൊലപാകത്തില്‍ തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചിരുന്നു. ഹമാസിന്റെ സഖ്യകക്ഷി കൂടിയായ തങ്ങളുടെ ശക്തി കേന്ദ്രമായ ദഹിയേയില്‍ ആക്രമണം നടത്തിയത് ഇസ്രയേലണെന്നും ആക്രമണം ലെബനന്റെ പരമാധികാരത്തിന് മേലുള്ള കടന്നാക്രമണമാണെന്നും ഹിസ്ബുള്ള ആരോപിച്ചിരുന്നു.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ അഞ്ച് ദിവസത്തെ പശ്ചിമേഷ്യന്‍ പര്യടനം തുടരുന്നതിനിടെയാണ് ലെബനനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്.

തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗനെ കാണാന്‍ ശനിയാഴ്ച ഇസ്താംബൂളിലെത്തിയ ബ്ലിങ്കന്‍ ഇസ്രായേല്‍, അധിനിവേശ വെസ്റ്റ് ബാങ്ക്, ജോര്‍ദാന്‍, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.